കേരള വോളി തർക്കം ; സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ ഡൽഹിയിൽ
കോട്ടയം: ദേശീയ ഗെയിംസ് വോളിബോൾ ടീമിനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സംസ്ഥാന സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ ഡൽഹിയിൽ. സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് മേഴ്സി കുട്ടൻ, വൈസ് പ്രസിഡന്‍റ് ഒ.കെ.വിനീഷ് എന്നിവർ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികളുമായും കേന്ദ്ര കായിക മന്ത്രാലയ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി. ദേശീയ ഗെയിംസിലെ വോളിബോളിൽ കേരളത്തിന്‍റെ ഔദ്യോഗിക ടീം സ്പോർട്സ് കൗൺസിൽ സെലക്ഷൻ ട്രയൽസിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരാണെന്ന് അറിയിക്കാനായിരുന്നു ഇത്.
സമാന്തരമായി കേരള വോളിബോൾ അസോസിയേഷനും ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഒഎ തീരുമാനിക്കുന്ന ടീമിനേ ഗെയിംസിൽ കളിക്കാൻ കഴിയൂ. എന്നാൽ, ദേശീയ ഗെയിംസ് സംഘാടകരായ ഐഒഎ ഈ വിഷയത്തിൽ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാന വോളിബോൾ അസോസിയേഷൻ നാമനിർദ്ദേശം ചെയ്യുന്ന ടീമിന് ദേശീയ ഗെയിംസ് എൻട്രി നൽകണമെന്ന് നിർദ്ദേശം ലഭിച്ചതായി കേരള ഒളിമ്പിക് അസോസിയേഷൻ (കെഒഎ) കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കൗൺസിൽ ടീമിനെ അയയ്ക്കാൻ സംസ്ഥാന സർക്കാർ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനോട് (ഐഒഎ) പ്രത്യേക അനുമതി തേടണമെന്നായിരുന്നു കെഒഎ ഭാരവാഹികളുടെ നിലപാട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കൗൺസിൽ സംഘം ഡൽഹിയിൽ ഐഒഎ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയത്.
അതേസമയം, ദേശീയ ഗെയിംസിനുള്ള പ്രവേശനത്തിനുള്ള സമയപരിധി ഐഒഎ ഈ മാസം 20 വരെ നീട്ടി. എൻട്രികൾ 15നകം സമർപ്പിക്കണമെന്നായിരുന്നു നേരത്തെയുള്ള നിർദ്ദേശം. കേരള വോളിബോൾ ടീം സെലക്ഷനിലെ തർക്കങ്ങൾ പരിഹരിക്കാൻ ഇത് കൂടുതൽ സമയം നൽകും.