Friday, March 14, 2025
LATEST NEWSTECHNOLOGY

ഡ്രോണുകൾ പിടിച്ചെടുക്കുന്ന ഡ്രോൺ ഡിറ്റക്ടർ അവതരിപ്പിച്ച് കേരള പോലീസ്

കൊച്ചി: സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള സൈബർ കുറ്റകൃത്യങ്ങൾ വർധിച്ച് വരികയാണെന്നും അത് അടിയന്തരമായി നേരിടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സൈബർ സുരക്ഷ ഉയർത്തി കേരള പോലീസ് സംഘടിപ്പിച്ച കൊക്കോണ്‍ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അനുമതിയില്ലാതെ പറക്കുന്ന ഡ്രോണുകൾ പിടിച്ചെടുക്കുന്ന ഡ്രോൺ ഡിറ്റക്ടർ വാഹനവും കൊക്കോണിൽ കേരള പൊലീസ് അവതരിപ്പിച്ചു.

കേരള പോലീസിന്‍റെ കൊക്കോണ്‍ 15-ാം പതിപ്പിൽ സൈബർ സുരക്ഷയാണ് ചർച്ചാവിഷയം. സൈബർ കുറ്റകൃത്യങ്ങളും വെല്ലുവിളികളും നേരിടാൻ ജനങ്ങളുടെയും സ്വകാര്യ ഏജൻസികളുടെയും സഹകരണം തേടുകയാണ് ഇത്തവണത്തെ സമ്മേളനം. കേരളത്തിലെ എല്ലാവർക്കും സൈബർ സുരക്ഷ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സൈബർ കുറ്റകൃത്യങ്ങൾ തടയുമെന്നും പിണറായി വിജയൻ പറഞ്ഞു.

ഡ്രോണുകൾ പിടിച്ചെടുക്കുന്ന ഡ്രോൺ ഡിറ്റക്ടർ വാഹനം കൊക്കോണിൽ കേരള പൊലീസ് അവതരിപ്പിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന പൊലീസ് ഡ്രോണുകൾ പിടിച്ചെടുക്കുന്ന വാഹനം രംഗത്തിറക്കുന്നത്. അഞ്ച് കിലോമീറ്റർ വരെ ചുറ്റളവിലുള്ള ഡ്രോണുകൾ തിരിച്ചറിഞ്ഞ് വിവരങ്ങൾ പരിശോധിക്കാൻ സാധിക്കും. അനുമതിയില്ലാതെ പറക്കുന്നവ അടിച്ചിടാനും സംവിധാനമുണ്ട്. ചെലവ് 80 ലക്ഷമാണ്. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ സെഷനുകൾ ഇന്നും നാളെയും നടക്കും. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.