Wednesday, January 22, 2025
LATEST NEWS

ഒല, ഊബർ, റാപ്പിഡോ ഓട്ടോ സർവീസ് നിരോധിക്കാൻ കർണാടക സർക്കാർ

ബെംഗലൂരു: കർണാടക സർക്കാർ ഒല, ഊബർ, റാപ്പിഡോ എന്നിവയ്ക്കെതിരെ നടപടിയെടുത്തു. രാജ്യത്തെ ഏറ്റവും വലിയ ടാക്സി അഗ്രിഗേറ്റർമാർ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു ഈ നീക്കം. കഴിഞ്ഞ ദിവസമാണ് കർണാടക ഗതാഗത വകുപ്പ് ഇവർക്ക് നോട്ടീസ് നൽകിയത്. വർധിച്ച് വരുന്ന റൈഡുകളുടെ ചെലവ് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വകുപ്പ് നേരത്തെ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.

ഒക്ടോബർ ആറിന് വകുപ്പ് നോട്ടീസ് നൽകുകയും ഓട്ടോ സർവീസുകൾ അടച്ചുപൂട്ടാൻ മൊത്തം മൂന്ന് ദിവസത്തെ സമയം നൽകുകയും ചെയ്തു. ഓൺ-ഡിമാൻഡ് ട്രാൻസ്പോർട്ടേഷൻ ടെക്നോളജി ആക്ട്, 2016 പ്രകാരം, അഗ്രിഗേറ്റർമാർക്ക് ടാക്സി സേവനങ്ങൾ നൽകാൻ മാത്രമേ ലൈസൻസ് ഉള്ളൂ. കരാറിൽ പബ്ലിക് സർവീസ് പെർമിറ്റുള്ള ഡ്രൈവർക്ക് പുറമേ ആറ് യാത്രക്കാരെ വരെ കൊണ്ടുപോകാം. 

അനധികൃത ഓട്ടോറിക്ഷാ പ്രവർത്തനത്തെക്കുറിച്ച് കമ്പനികൾ വിശദീകരണം നൽകണമെന്നും മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ സർക്കാർ നിശ്ചയിച്ചതിനേക്കാൾ വലിയ നിരക്കാണ് ഉപഭോക്താക്കളിൽ നിന്ന് ഇവർ ഈടാക്കുന്നത്. അതേസമയം, ഒല, ഊബർ, മേരു തുടങ്ങിയ ഇന്ത്യൻ ക്യാബ് അഗ്രിഗേറ്റർമാർ ഡ്രൈവർമാർക്കും സിഎകൾക്കും എത്ര പണം വീതം നൽകുന്നുണ്ടെന്ന് വിശദീകരണം നൽകണമെന്ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) സെപ്റ്റംബറിൽ വ്യക്തമാക്കിയിരുന്നു.