Friday, January 17, 2025
Novel

കനൽ : ഭാഗം 29

എഴുത്തുകാരി: Tintu Dhanoj

അപ്പുവിന്റെ പഠനം തീരട്ടെ എന്നിട്ട് അമ്മയോട് സംസാരിക്കാം ..അതാവും നല്ലത് എന്ന തീരുമാനത്തോടെ അമ്മു അകത്തേക്ക് നടന്നു.. ഇന്നത്തെ സംഭവങ്ങൾ ഒന്നും തന്നെ തന്റെ ജോലിയെ ബാധിക്കാൻ പാടില്ല..നാളെ എന്തായാലും ഡ്യൂട്ടിക്ക് പോകണം.. പിറ്റേദിവസം രാവിലെ പതിവ് പോലെ അമ്മു ഡ്യൂട്ടിക്ക് ചെന്നു. ഇന്നലെ സംഭവിച്ചത് ഒന്നും തന്നെ ബാധിച്ചിട്ടില്ല എന്ന് സ്വയം പറഞ്ഞ് വിശ്വസിപ്പിച്ചു. സാധാരണ പോലെ പോയി ഡ്യൂട്ടി തുടങ്ങി. പ്രിയയുടെ അടുത്തേക്ക് അറിയാതെ പോലും പോകാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു..

ഉച്ച ആയിക്കാണും അപ്പൊൾ ആണ് ശാലിനി പറഞ്ഞത്.”നീ അറിഞ്ഞോ കിരൺ ഡോക്ടർ ഒരു മാസത്തേക്ക് ഇല്ല.. സസ്പെൻഷൻ ആണ് പോലും..കാര്യം ഒന്നും ആർക്കും അറിയില്ല..മേരി ചേച്ചിക്ക് മാത്രമറിയാം.പക്ഷേ ഒന്നും പറയുന്നില്ല”. എന്ന്.. നെഞ്ചിൽ കനൽ വാരി ഇടും പോലെ തോന്നി അവളുടെ വാക്കുകൾ കേട്ടതും..ദൈവമേ ഞാൻ കാരണം അതും സംഭവിച്ചോ?ഇനി എങ്ങനെ ഞാൻ അയാളുടെ മുഖത്ത് നോക്കും..?ഓർക്കുമ്പോൾ സങ്കടം സഹിക്കാൻ ആകുന്നില്ല.. എന്തൊക്കെ പറഞ്ഞാലും സ്വന്തം ജോലിയിൽ ആത്മാർഥത കാണിക്കുന്ന വ്യക്തി ആയിരുന്നു..ഞാൻ കാരണം അതും..

ഓർത്തപ്പോൾ തല പൊട്ടി പോകും പോലെ തോന്നി.. എങ്കിലും ഒന്നും പുറത്ത് കാണിക്കാതെ അമ്മു ഡ്യൂട്ടി തുടർന്നു. ഇടയ്ക്കെപ്പോഴോ പുറത്തേക്ക് ഇറങ്ങുമ്പോൾ കണ്ടു ലിഫ്റ്റിൽ നിന്നും ഇറങ്ങി വന്ന കിരൺ..ഒരു ദിവസം കൊണ്ട് എന്തൊരു മാറ്റം. മുഖം ആകെ ക്ഷീണിച്ച്,മുടിയൊക്കെ ഒതുക്കി പോലും വയ്ക്കാതെ,ആകെ പ്രായം കൂടിയ പോലെ . എപ്പൊഴും സന്തോഷം നിറഞ്ഞു നിന്നിരുന്ന ആ മുഖത്ത് ഇപ്പൊൾ വിഷാദം മാത്രം തെളിഞ്ഞ് നിൽക്കുന്നു.. അമ്മുവിന് ഒരുവേള തന്റെ ഹൃദയം നുറുങ്ങി പോകും പോലെ തോന്നി.

താൻ കാരണം ആദ്യമായ് ഒരാള് വേദനിക്കുന്നു..എന്തൊരു അവസ്ഥയാണ്.. കിരണിനോട് ഒന്ന് സംസാരിച്ചു നോക്കിയാലോ?ഒരുപക്ഷേ അയാളെ തിരുത്താൻ കഴിഞ്ഞാൽ..അയാളുടെ ജീവിതം എങ്കിലും നഷ്ടപ്പെടാതെ ഇരുന്നാൽ, അത് തനിക്ക് ചെയ്യാൻ കഴിയുന്ന ഒരു വലിയ പുണ്യമാകും.. അറിഞ്ഞു കൊണ്ടെന്തിന് മറ്റൊരാൾക്ക് പ്രതീക്ഷ കൊടുക്കണം..എന്തായാലും സംസാരിക്കാം എന്ന് തന്നെ തീരുമാനിച്ചു. പക്ഷേ ഏതായാലും ഇവിടെ നിന്ന് വേണ്ട.. അങ്ങനെ അര മണിക്കൂർ നേരത്തെ പോകാൻ ഉള്ള പെർമിഷൻ മേരിയുടെ അടുത്ത് നിന്നും വാങ്ങി..

പിന്നീട് പോയി കിരണിന്റെ നമ്പർ തപ്പിയെടുത്ത് കൊണ്ട് വന്നു..എന്ത് വേണം?വിളിക്കണോ?വേണ്ട മെസ്സേജ് അയക്കാം.. അങ്ങനെ വിചാരിച്ച് ഫോൺ എടുത്ത് വാട്ട്സ്ആപ് ഓപ്പൺ ചെയ്ത് നോക്കി. കിരൺ വാട്ട്സ്ആപ്പിൽ ഉണ്ട്..മെസ്സേജ് ചെയ്യാനായി നോക്കിയതും കിരണിന്റെ പ്രൊഫൈൽ പിക്ചർ അതിൽ അമ്മുവിന്റെ കണ്ണുകൾ ഉടക്കി.. രണ്ട് അരയന്നങ്ങൾ ചേർന്ന് ഇരിക്കുന്ന ഒരു പൊയ്ക അതാണ് ചിത്രം.. ആ ചിത്രത്തിൽ ഇങ്ങനെ കുറിച്ചിരുന്നു..”ആകാശത്തിലെ നക്ഷത്രങ്ങളെക്കാളും, കടൽ തീരത്തെ മണൽ തരിയേക്കാളും ഏറെ ഞാൻ നിന്നെ സ്നേഹിക്കുന്നു..നിന്നെ മാത്രം..”!

ഈശ്വരാ ഒരുവേള എന്റെ ഹൃദയം നിലച്ചു പോയിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു..ഇതൊന്നും താങ്ങാൻ എനിക്കാകുന്നില്ല എന്ന് ഞാൻ ഓർത്തു.. മനോധൈര്യം കൈവിടരുത് എന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു ..ശേഷം കിരണിന്റെ നമ്പറിലേക്ക് മെസ്സേജ് അയച്ചു .”എനിക്കൊന്നു സംസാരിക്കണം..ഇന്ന് വൈകുന്നേരം 3.30ക്ക്. പുറത്ത് എവിടെ എങ്കിലും വച്ച് കാണാം …വരുമെങ്കിൽ മറുപടി തരണം”..ആദി ലക്ഷ്മി.. മെസ്സേജ് അയച്ചിട്ട് ഫോൺ അവിടെ വച്ച് ഞാൻ ബാക്കി ജോലികളിലേക്ക് പോയി..എല്ലാം തീർത്ത് എപ്പഴോ വന്നു ഫോൺ നോക്കുമ്പോൾ സമയം 3 മണി..

ഒരു മെസ്സേജ് ഉണ്ട് വാട്ട്സ്ആപ്പിൽ ..വേഗം അത് ചെക്ക് ചെയ്തു.. കിരണിന്റെ മെസ്സേജ് ആണ്..”ഞാൻ നാഗമ്പടം സ്റ്റേഡിയത്തിന് അടുത്തുണ്ടാകും..” അത്ര മാത്രം ഉള്ളൂ.. വളരെയധികം ഭയം ഉള്ളിൽ ഉണ്ടെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ ഞാൻ ഇറങ്ങി. ..ഇന്ന് എല്ലാം സംസാരിക്കണം..സംസാരിച്ച് ശരിയാക്കണം..തന്റെ തീരുമാനങ്ങൾ കിരൺ അറിയണം..അതോർക്കും തോറും കാലുകൾക്ക് വേഗത കൂടി…നടക്കുക ആയിരുന്നില്ല ഞാൻ, മറിച്ച് ഓടുക ആയിരുന്നു.. അവിടെയെത്തി ചുറ്റിനും ഒന്ന് തിരഞ്ഞു ..

അപ്പൊൾ കണ്ടു എന്റെ നേരെ നടന്നു വരുന്ന കിരൺ..കാലുകൾ തളരുന്നു,ചുണ്ടുകൾ ഒക്കെ വിറയ്ക്കുന്നു..ഒരുവേള ഞാൻ കരഞ്ഞ് പോകും എന്ന് എനിക്ക് തോന്നി.. “വാ അവിടെ പോയിരിക്കാം ..എന്നും പറഞ്ഞ് എന്നെയും കൊണ്ട് കിരൺ സ്റ്റേഡിയത്തിന് അകത്തേക്ക് നടന്നു. അവിടെ മാറി ഒരു സ്ഥലത്ത് ഞങ്ങൾ ഇരുന്നു. കുറച്ച് കുട്ടികൾ അവിടെ കളിക്കുന്നുണ്ട് ..പക്ഷേ ഞങ്ങളെ അവര് ശ്രദ്ധിക്കുന്നു പോലുമില്ല എന്നെനിക്ക് മനസ്സിലായി. “പറ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞിട്ട് മിണ്ടാതെ ഇരിക്കുന്നത് എന്താ ലക്ഷ്മി?” അഞ്ച് മിനുട്ട് കഴിഞ്ഞിട്ടും ഞാൻ മിണ്ടാതെ ഇരിക്കുന്നത് കണ്ട് എന്റെ മുഖത്തേക്ക് നോക്കിയാണ് കിരൺ ചോദിച്ചത്..

ആ ചോദ്യം,അതിലേറെ ലക്ഷ്മി എന്നുള്ള ആ വിളി അതെന്നെ അതിശയിപ്പിച്ചു..ഒരുപാട് തവണ പറഞ്ഞിട്ടും ആദി എന്നല്ലാതെ മാറ്റി വിളിക്കാത്ത ആളാണ് .ഒരു കണക്കിന് നന്നായി എന്നെനിക്ക് തോന്നി .ഇവിടെ തുടങ്ങട്ടെ ഞങ്ങൾ തമ്മിലുള്ള അകലം.. അങ്ങനെ ചിന്തിച്ച് ഞാൻ പറഞ്ഞു തുടങ്ങി .”ഇപ്പൊൾ കിരണിനും അറിയാമല്ലോ ഞാൻ ഒരു ഭാര്യ ആണ്,ഒരു കുഞ്ഞിന്റെ അമ്മ ആയവൾ ആണ്..എനിക്ക് ഇൗ രണ്ടു സ്ഥാനങ്ങളും സമ്മനിച്ചവർ ഇന്ന് എന്റെ കൂടെയില്ല എന്നത് സത്യമാണ് ..പക്ഷേ എങ്കിൽ കൂടി എന്റെ മനസ്സിൽ ഇന്നും ഞാൻ അങ്ങനെ തന്നെയാണ്..”

“കിരൺ എന്നോട് ആവശ്യപ്പെടുന്നത് എന്റെ ഭർത്താവിനെ ഉപേക്ഷിച്ച് ,എന്റെ കുഞ്ഞിനെ ഉപേക്ഷിച്ച് വരാൻ ആണ്..ശരിയാണ് നിങ്ങളുടെ ഒക്കെ കണ്ണിൽ നോക്കിയാൽ അവരിന്ന് ജീവനോടെ ഇല്ല..പക്ഷേ എനിക്ക് എനിക്ക് അങ്ങനെയല്ല..അവരുണ്ട് എന്റെ കൂടെ എന്നും..ഇൗ ജീവിതം മുഴുവൻ ഉണ്ടാവുകയും ചെയ്യും..” “കിരൺ പറഞ്ഞില്ലേ ഇൗ ജന്മം കിരണിന്റെ കൂടെ വരാൻ..അടുത്ത ജന്മം കിച്ചുവിന് തിരിച്ച് ഏൽപ്പിക്കും എന്ന്. പക്ഷേ ഇൗ ജന്മത്തിലും,ഇനി വരും ജന്മത്തിലും എല്ലാം ഞാൻ കിച്ചുവിന്റെ മാത്രമാണ് കിരൺ..അങ്ങനെ ആകാനെ എനിക്ക് കഴിയൂ..”

“ഒരിക്കലും ,ഒരിക്കൽ പോലും അതിൽ നിന്നും മാറി ചിന്തിക്കാൻ എനിക്കാവില്ല.. ഉമാമഹേശ്വരാ ബന്ധം അറിയില്ലേ കിരണിന്..തന്നിൽ തന്നെ തന്റെ പാതിയെ ആവാഹിച്ച , അത്രയധികം പിരിയാൻ ആവാതെ ഒന്നായി തീർന്ന അർദ്ധനാരീശ്വര ബന്ധം. അവരെ വേർപെടുത്താൻ കഴിയുമോ?അതാണ് ഞാനും,കിച്ചുവേട്ടനും തമ്മിലുള്ള ബന്ധം .ഒരിക്കലും ,എന്നിൽ നിന്ന് എന്റെ കിച്ചുവേട്ടനെ വേർപെടുത്താൻ എനിക്കാവില്ല..അത്രമേൽ ഒന്നായി തീർന്നവരാണ് ഞങ്ങൾ..” “ഇനി അതിൽ നിന്നും എന്നെ മോചിപ്പിക്കാൻ നോക്കിയാൽ ,ഒരു പക്ഷേ ഞാനും എന്നന്നേക്കുമായി കിച്ചുവേട്ടന്റെ ഒപ്പം പോയെന്ന് വരാം.

അതല്ലാതെ ഇതിന് ഒരു അവസാനമില്ല..” “പിന്നെ എന്റെ കുഞ്ഞ്..ഞാൻ പ്രസവിച്ചില്ല ,പാലൂട്ടിയില്ല ഒക്കെ ശരിയാണ്..പക്ഷേ എന്റെ മനസ്സിൽ ഞാൻ അവളെ പ്രസവിച്ചു,പാലൂട്ടി, താരാട്ട് പാടി വളർത്തി..ഇന്നും അവളുണ്ട് എന്റെ കൂടെ.” “എന്റെ കൂടെ കളിക്കാൻ,വാശി പിടിക്കാൻ,അമ്മെയെന്ന് കിന്നരിപ്പല്ല് കാട്ടി വിളിക്കാൻ എല്ലാം. എന്റെ നെഞ്ചോടു ചേർന്ന് ഉറങ്ങാൻ,ഞാൻ പാടുന്ന താരാട്ട് കേൾക്കാൻ എന്നും അവള് കാത്തിരിക്കും..അങ്ങനെയുള്ള എന്റെ കുഞ്ഞിനെ തനിച്ചാക്കി ഞാൻ വരില്ല കിരൺ..” “അവരാണ് എന്റെ ലോകം..ഇൗ ജന്മം അവസാനിക്കും വരെ അതങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും..

അത് കൊണ്ട് കിരൺ വേറെ ഒരു ജീവിതത്തെ കുറിച്ച് ചിന്തിക്കണം..” “കിരണിന്റെ സ്വപ്നങ്ങളിലേക്ക്,ചിന്തകളിലേക്ക് ഒന്നും ഒരിക്കലും ഞാൻ കടന്ന് വരാൻ പാടില്ല..ഇതെന്റെ യാചന ആണ്..” ഇത്രയും പറഞ്ഞു തീർത്ത് ഞാൻ കിരണിന്റെ മുഖത്തേക്ക് നോക്കി ..എല്ലാം കേട്ടിട്ടും ഒരു മാറ്റവുമില്ല..ഒരു തരം നിർവികാരത മാത്രം ആ മുഖത്ത്..എന്റെ നോട്ടം കണ്ടിട്ടാകണം ..കിരൺ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു . പിന്നെ പറഞ്ഞു തുടങ്ങി..”ലക്ഷ്മി പറഞ്ഞതൊക്കെ ഞാൻ കേട്ടു..എല്ലാം അംഗീകരിക്കുന്നു..പക്ഷേ തനിക്ക് അറിയാത്ത ചില സത്യങ്ങൾ ഉണ്ട്..തന്റെ മുഖം ഞാൻ കാണുന്നത് ഇവിടെ വന്നിട്ടാണ്..

പക്ഷേ അതിനും മുൻപേ എനിക്ക് നിന്നെ അറിയാം.ഒരുപക്ഷേ നീ വിശ്വസിക്കില്ല എന്നെനിക്ക് അറിയാം..എങ്കിലും ഞാൻ കാണിച്ച് തരാം..” അത്രയും പറഞ്ഞു കിരൺ മൊബൈലിൽ എന്തൊക്കെയോ തിരഞ്ഞു..കുറെ ചിത്രങ്ങൾ എന്നെ കാണിച്ച് തന്നു .അതിനെല്ലാം എന്നോട് സാദൃശ്യം ഉള്ള മുഖം..പക്ഷേ ഒരു വ്യത്യാസം മാത്രം..എല്ലാ ചിത്രത്തിലും ആ രൂപത്തിന് സന്തോഷം മാത്രമേയുള്ളൂ..ഒപ്പം ഒരു മറുക് ഉണ്ട് ഇടത്തേ കവിളിൽ.അത് മാത്രം ആണ് വ്യത്യാസം.. “ഇനി ഇതൊക്കെ ഞാൻ നിന്നെ കണ്ടതിന് ശേഷം വരച്ചതാണ് എന്ന് നിനക്ക് സംശയം തോന്നാം..ഞാൻ അതും തീർത്ത് തരാം”..

എന്ന് പറഞ്ഞു കിരണിന്റെ ഫേസ്ബുക്ക് ഓപ്പൺ ചെയ്തു..പിന്നെ അതിൽ കുറെ തപ്പിയതിന് ശേഷം കുറെയധികം ചിത്രങ്ങൾ എടുത്ത് കൊണ്ട് വന്നു.. “ഇനി ഇതൊക്കെ വരച്ച് പൂർത്തിയാക്കി ഞാൻ പോസ്റ്റ് ചെയ്ത വർഷം നീ നോക്ക്..എല്ലാം ഇവിടെ വരും മുൻപേ ആണ്,.ഞാൻ മെഡിസിൻ പഠിക്കുമ്പോൾ,അവിടെ ജോലി ചെയ്യുമ്പോൾ ഒക്കെയാണ് ഇതെല്ലാം..അത് മാത്രമല്ല അതിനോട് അടുത്ത ദിവസങ്ങളിൽ ഞാൻ എന്റെ ഫ്രണ്ട്സിന്റേ കൂടെ നിന്ന് എടുത്ത ഫോട്ടോകൾ ഉണ്ട്..അത് നോക്കിയാൽ,അതിലെ ഡേറ്റ്,സ്ഥലം ഒക്കെ നോക്ക് നീ..എത്ര വർഷം മുൻപ് ആണെന്ന് കണ്ടോ?” “എന്റെ സങ്കൽപ്പത്തിൽ ഉള്ള പെൺകുട്ടി ആണ് ഇതെല്ലാം.. അവളെയാണ് ഞാൻ വരച്ചതെല്ലാം..

ഒരു നോക്ക് പോലും കാണാതെ..ഇവിടെയെത്തി നിന്നെ കണ്ട ആദ്യദിവസം തന്നെ ഞാൻ ഷോക്ക് ആയി..വേഗം എന്റെ ഫോൺ എടുത്ത് എന്റെ ചിത്രങ്ങൾ നോക്കി..അതിലേക്കും ,നിന്നിലേക്കുംം നോക്കും തോറും എനിക്ക് തന്നെ വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..” “ഞാൻ മനസ്സിൽ സങ്കൽപ്പിച്ച് വരച്ച നീ ,എന്റെ മുന്നിൽ ജീവനോടെ നിൽക്കുന്നു..അതെനിക്ക് തന്ന സന്തോഷം അത് പറഞാൽ ഒരു പക്ഷേ നിനക്ക് മനസ്സിലാകില്ല..എന്റെ കൂടെ മെഡിസിൻ പഠിച്ച എന്റെ ഫ്രണ്ട്സ് വിളിക്കുമ്പോൾ എല്ലാം ഞാൻ നിന്റെ ഫോട്ടോ കാണിച്ച് കൊടുത്തു..” “ഫോട്ടോ പോര നേരിട്ട് കാണണം എന്ന് അവര് വാശി പിടിച്ചപ്പോൾ ഒരു ദിവസം ഞാൻ ഐസിയു വിൽ നിന്ന് വീഡിയോ കോൾ വിളിച്ചു ..

അന്ന് നിങ്ങളെ എല്ലാവരെയും കാണിച്ചു കൊടുക്കാൻ ആണെന്ന് ഞാൻ എല്ലാവരോടും പറഞ്ഞു..പക്ഷേ നിന്നെ അവരെ കാണിക്കുക എന്നത് മാത്രം ആയിരുന്നു എന്റെ ഉദ്ദേശം..” “നിന്നെ കണ്ട് കഴിഞ്ഞ് അവര് എനിക്ക് മെസ്സേജ് അയച്ചു .ഒരിക്കലും നിന്നെ വിട്ടു കളയരുതെന്ന്.. നീ എനിക്ക് വേണ്ടി ജനിച്ചതാണ് എന്ന്.അല്ലെങ്കിൽ എനിക്കൊരിക്കലും നിന്നെ കാണാതെ ഇത്ര നന്നായി നിന്നെ വരയ്ക്കാൻ കഴിയില്ല ,അതും സങ്കൽപ്പത്തിൽ ഉള്ള ഭാര്യയുടെ ചിത്രം ആയിട്ട് വരച്ച് ചേർത്തെങ്കിൽ ഇനിയത് ജീവിതത്തിലും ചേർത്ത് വയ്ക്കണം എന്ന്..” “അത് കേട്ട് ഞാനും തീരുമാനിച്ചു .നിന്നെ എന്റെ ജീവിതത്തോട് ചേർത്ത് വയ്ക്കാൻ..അങ്ങനെ ആണ് ഞാൻ നിന്റെ പിന്നാലെ കൂടിയത്..അല്ലാതെ ഒരിക്കലും പെട്ടെന്ന് കണ്ടപ്പോൾ തോന്നിയ ഒരു ഇഷ്ടം അല്ല..

ഇത് ലൗവ് അറ്റ് ഫസ്റ്റ് സൈറ്റ് അല്ല ..ഒരുപാട് തവണ മനസ്സിൽ കണ്ടു കണ്ടു ,അതിലേറെ തവണ അത് കാൻവാസിലേക്ക്‌ പകർത്തി ഉള്ളിൽ കൊണ്ട് നടന്ന ഇഷ്ടം ആണ്..” “എന്ന് കരുതി ഒരിക്കലും ഞാൻ ലക്ഷ്മിയെ നിർബന്ധിക്കില്ല…ഒന്നിന് വേണ്ടിയും..പക്ഷേ എന്റെ ജീവിതത്തിൽ വേറെയൊരു പെണ്ണില്ല. അത് ഉറപ്പാണ്..എന്റെ സങ്കൽപ്പത്തിൽ ഉള്ള പെൺകുട്ടിയല്ലാതെ..” ഇത്രയും പറഞ്ഞ് തീർത്ത് കിരൺ എന്നെ നോക്കി..ഞാൻ കരഞ്ഞ് തുടങ്ങിയിരുന്നു.”കണ്ണ് തുടയ്ക്കു ലക്ഷ്മി. ആൾക്കാര് നോക്കും ..വാ പോകാം..”എന്ന് പറഞ്ഞു കിരൺ എഴുന്നേറ്റു നടന്നു .ഒപ്പം ഞാനും..

തുടരും…

കനൽ : ഭാഗം 28