ജോ ബൈഡന്റെ സൗദി സന്ദര്‍ശനം; 18 കരാറുകളില്‍ ഒപ്പുവച്ച് ഇരുരാജ്യങ്ങളും
ജിദ്ദ : യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്റെ സൗദി സന്ദര്‍ശനത്തിനോടനുബന്ധിച്ച് ഇരു രാജ്യങ്ങളും നിരവധി കരാറുകളിൽ ഒപ്പുവെച്ചു. ജോ ബൈഡനും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിലുള്ള കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്ക് വഴിവച്ചു.
പുതിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സൗദി അറേബ്യയും അമേരിക്കയും 18 കരാറുകളിൽ ഒപ്പുവച്ചു. അതനുസരിച്ച് സുരക്ഷ, പ്രതിരോധം, ഊർജ്ജം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരണം പങ്കിട്ടു. ചെങ്കടലിലെ സൗദിയുടെ ഉടമസ്ഥതയിലുള്ള തന്ത്രപ്രധാന ദ്വീപായ ടെറാനിൽ നിന്ന് ഈ വർഷം അവസാനത്തോടെ അമേരിക്കൻ സൈനികരെ പിൻവലിക്കും.
ക്യാമ്പ് ഡേവിഡ് ഉടമ്പടി പ്രകാരം 1978 മുതൽ ദ്വീപിൽ ബഹുരാഷ്ട്ര സേനയെ വിന്യസിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെയും ഈജിപ്തിന്‍റെയും തീരപ്രദേശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ദ്വീപിന്‍റെ പൂർണ നിയന്ത്രണം സൗദി അറേബ്യ ഏറ്റെടുക്കുന്നതോടെ ഇസ്രയേൽ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഈ മേഖലയിലേക്കുള്ള മാര്‍ഗതടസവും നീങ്ങും .