ജീവാംശമായ് : ഭാഗം 3
നോവൽ
എഴുത്തുകാരി: അഗ്നി
ആ ഫോൾഡറിൽ മുഴുവൻ ചിരിച്ചും കുറുമ്പുകാണിച്ചും ഇരിക്കുന്ന മനുവെന്ന ഡോക്ടർ ഇമ്മാനുവേലിന്റെയും അവന്റെ മാത്രം നിലാ ആയിരുന്ന സ്റ്റെഫിയുടെയും ഫോട്ടോകൾ ആയിരുന്നു…
ഓരോന്നും കാണുമ്പോൾ അവളുടെ ഓർമ്മയിലേക്ക് അവളുടെ പഴയ ദിവസങ്ങൾ കടന്നുവന്നുകൊണ്ടേയിരുന്നു…ആ ഓർമ്മകൾ അവളെ ചുട്ടുപൊള്ളിച്ചു…
ആ ചൂടിൽ നിന്നും രക്ഷ തേടാനെന്നോണം അവളുടെ ഇടതുകൈ അവളുടെ ഇട നെഞ്ചിലേക്കും വലതുകൈ തന്റെ വയറിലേക്കും സഞ്ചരിച്ചു…..
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
പഴയ ഓർമ്മകൾ ഓരോന്നായി അവളുടെ മനസ്സിനെ ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു..അവളുടെ ഓർമ്മകൾ പിന്നിലേക്ക് സഞ്ചരിക്കാൻ തുടങ്ങി…അവളുടെ പ്രിയപ്പെട്ട മനുവേട്ടന്റെ ഓർമ്മയിലേക്ക്…
**************************************************************************************
സ്റ്റെഫി ആന്റണി…പാലായിലെ പാലയ്ക്കൽ വീട്ടിൽ ആന്റണിയുടെയും ത്രേസ്യായുടെയും മൂത്ത പുത്രി…
അപ്പൻ ആന്റണി ഓട്ടോ ഓടിക്കുന്നു..കൂടാതെ അവരുടെ സ്വന്തം സ്ഥലത്ത് വിവിധയിനം കൃഷിയും…’അമ്മ ത്രേസ്യ ഒരു പാവം വീട്ടമ്മ….അനിയൻ സച്ചു എന്ന് വിളിക്കപ്പെടുന്ന സ്റ്റീഫൻ ആന്റണി..
വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ദൈവഭക്തിയോടെയും ജീവിക്കുന്ന കുടുംബം…മറ്റുള്ളവരെക്കൊണ്ട് യാതൊരുവിധ ചീത്തപ്പേരും കേൾപ്പിക്കാത്ത നല്ലൊരു കുടുംബം..എല്ലാവർക്കും ആന്റണിയുടെ കുടുംബം എന്നാൽ നല്ല മതിപ്പാണ്…
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്ന് പറയുന്നതുപോലെ എന്നും സന്തോഷവും സമാധാനവും അലയടിക്കുന്ന ഒരു കുടുംബം..
ആന്റണിയ്ക്ക് ഒരു സഹോദരിയാണുള്ളത്…അവർ സെയ്ന്റ് മേരീസ് കോൺവെന്റിലെ സിസ്റ്റർ ആണ്..പേര് സിസ്റ്റർ ലൂസിയാന..യഥാർത്ഥ പേര് അന്നാമ്മ എന്നാണ്….. എന്നാൽ നീലുവിനും സച്ചുവിനും അവർ മമ്മിയാണ്…
ത്രേസ്യാക്ക് അങ്ങനെ പറയത്തക്കതായി ആരുമില്ല…ഒറ്റമോളായിരുന്നു…പിന്നെ വകയിൽ ചില ആങ്ങളമാരൊക്കെ ഉണ്ടെങ്കിലും ആരുമായും അധികം ബന്ധമൊന്നുമില്ല..
കാരണം ആന്റണിയുമായുള്ള വിവാഹത്തിനോട് ആർക്കും താത്പര്യമുണ്ടായിരുന്നില്ല…എന്നാൽ തന്റെ അപ്പച്ചനും അമ്മച്ചിക്കും താത്പര്യകുറവൊന്നും ഇല്ലാത്തതിനാൽ അവർ ആന്റണിയെ തന്നെ ജീവിത സഖിയായി തിരഞ്ഞെടുത്തു…ആ തീരുമാനം ഇന്നോളം തെറ്റിയിട്ടില്ലെന്നും അവർക്ക് നല്ല ബോധ്യമുണ്ടായിരുന്നു..
അങ്ങനെ അവരുടെ ജീവിതത്തിന് സന്തോഷം ഏകുവാനായി ആദ്യം സ്റ്റെഫിയും പിന്നെ സ്റ്റീഫനും ജനിച്ചു..
അവരെ നന്നായി നോക്കി യാതൊരു കുറവുമറിയിക്കാതെ ദൈവ ഭക്തിയിൽ തന്നെ അവർ വളർത്തിക്കൊണ്ട് പോന്നു..
എല്ലാ ദിവസവും രാവിലെ ആറ് മണിക്കും വൈകിട്ട് എട്ട് മണിക്കും അവരുടെ വീടിന് മുന്നിൽ ചെന്നാൽ പ്രാർത്ഥനയും ബൈബിൾ വായനയും കേൾക്കുവാൻ കഴിയും..ചില ദിവസങ്ങളിൽ വായിക്കുന്നത് കുഞ്ഞുങ്ങൾക്ക് മനസ്സിലാകുന്നില്ല എന്ന് തോന്നിയാൽ ആന്റണി അത് അവർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യുമായിരുന്നു….
അങ്ങനെ മനോഹരമായി ജീവിച്ചുപോകുന്ന…മറ്റുള്ളവർക്ക് എന്നും മാതൃകയായൊരു കുടുംബമായിരുന്നു അവരുടേത്…..
അങ്ങനെ വർഷങ്ങൾ കടന്നുപോയി…നീലു ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിനിയാണ്….ഒരു ഇരുപത്തിയൊന്ന് വയസ്സുകാരി….
ഇന്നവളുടെ കൂട്ടുകാരി സൂസൻ എന്ന സോനുവിന്റെ വിവാഹമാണ്…അതിനായ് അവൾ ഒരുങ്ങിയിറങ്ങുമ്പോഴാണ് ആന്റണിയുടെ സഹോദരി ലൂസിയാന…അവരുടെ മമ്മി വീട്ടിലേക്ക് വരുന്നത്…
“മമ്മി…”…അവൾ അലറിക്കൊണ്ട് അവരെപ്പോയി കെട്ടിപ്പിടിച്ചു…അവർ തിരിച്ചും….
അവർ അവളെ ആകമാനം ഒന്ന് നോക്കി…ഒരു ഓഷ്യൻ ഗ്രീൻ കളറിലുള്ള അരയൊപ്പം വരുന്ന മിറർ വർക്ക് ചെയ്ത ഒരു ടോപ്പും ക്രീം കളറിൽ ഓഷ്യൻ ഗ്രീൻ കളറിൽ മുത്തുകൾ പതിപ്പിച്ച ലോങ് സ്കേർട്ടുമായിരുന്നു അവളുടെ വേഷം…
അരയൊപ്പം ഉള്ള മുടി ഒരു വശത്തുനിന്ന് പിന്നി പുറകിൽ ഒരു ചെറിയ സ്ലൈഡ് കൊണ്ട് ഉറപ്പിച്ചിരുന്നു…കാതിൽ ഒരു ചെറിയ സ്റ്റഡ്… കഴുത്തിൽ നൂലുപോലെയുള്ള ഒരു ചെറിയ സിമ്പിൾ മാല…ഇടത്തുകയ്യിൽ ഒരു വാച്ച്…നെറ്റിയിൽ ഒരു കുഞ്ഞു പൊട്ട്…അൽപ്പം പൗഡർ… അവളുടെ ഒരുക്കം അതോടെ കഴിഞ്ഞു..
ഇരുനിറമാണെങ്കിലും അവളെ കാണുവാൻ അതീവ സുന്ദരിയായിരുന്നു…
മമ്മി അവളുടെ തലയിൽ കൈ വച്ചു പ്രാർത്ഥിച്ചു…എന്നിട്ട് നെറുകയിൽ ഒരു മുത്തവും കൊടുത്ത് അവളെയും കൂട്ടി അകത്തേയ്ക്ക് ചെന്നു…
അപ്പോഴേക്കും സച്ചു ഉറക്കം എഴുന്നേറ്റ് വന്നിരുന്നു…അവൻ ഇപ്പോൾ പതിനൊന്നാം ക്ളാസിലാണ്…സയൻസ് ആണ് എടുത്തിരിക്കുന്നത്…നീലു കൊമേഴ്‌സ് മേഖല ആയിരുന്നു…അതിനാൽ തന്നെ ഒരു ബി.കോം വിദ്യാർഥിനിയായിരുന്നു അവൾ…
രണ്ടാം ശെനിയാഴ്ചയായതുകൊണ്ട് സച്ചു മാത്രമല്ല നീലുവും ആ സമയത്താണ് ഉണരാറ്… പക്ഷെ ഇന്നവളുടെ സുഹൃത്തിന്റെ വിവാഹമായതിനാലാണ് ഒരൽപ്പം നേരത്തെ തന്നെ എല്ലാം ചെയ്ത് തീർത്തത്…
“ഹാ…ചേച്ചി എപ്പോ വന്നു…അവള് ഓടിപ്പിടിച്ചു വന്ന് കത്തിവച്ചു കാണും അല്യോ…ഈ പെണ്ണിന്റെ ഒരു കാര്യം..”
ത്രേസ്യ അത് ചോദിച്ചുകൊണ്ട് അടുക്കളയിൽ നിന്നും വന്നു..
“ഓ..ഇല്ലെടി നാത്തൂനെ… ഞാനെ ഇവളെ ഇങ്ങനെ നോക്കി നിൽക്കുവാർന്നു..എത്ര പെട്ടന്നാ സമയം ഒക്കെ പോകുന്നേ…ദേ ഇവളുടെ ആത്മാർത്ഥ കൂട്ടുകാരി സോനുവിന്റെയും വിവാഹമായി… നമുക്ക് ഇനി ഇവളേം കെട്ടിച്ചു വിട്ടാലോ…..
എവിടെ എന്റെ പൊന്നാങ്ങള….”
അതും പറഞ്ഞുകൊണ്ട് ലൂസി ആന്റണിയെ തിരഞ്ഞു…
“അയ്യടാ…എന്നെ കുരുക്കാൻ ഇപ്പൊ മമ്മി പൊന്നാങ്ങളയെ തിരഞ്ഞു കണ്ടുപിടിക്കേണ്ട…പൊന്നാങ്ങള പുറകിലുള്ള തോട്ടത്തിൽ കാണും കേട്ടോ…”
അവൾ ലൂസിയെ ഒന്ന് കളിയാക്കിക്കൊണ്ട് പറഞ്ഞു…
“നീലുവേ…സമയം ഒന്പതാകുന്നു…പത്തിനല്ലേ മിന്നുകെട്ട്…നീ ഇറങ്ങിക്കോ…സോനുവിന്റെ വീട്ടിൽ ചെന്നിട്ട് വേണ്ടേ പോകാൻ…നീ ചെല്ലാൻ നോക്ക് കൊച്ചേ….”
ത്രേസ്യ അടുക്കളയിൽ നിന്നും കഴിക്കാൻ എടുത്തു വയ്ക്കുന്നതിന്ടെ വിളിച്ചു പറഞ്ഞു..
“ഓ ശെരി ത്രേസ്യകോച്ചേ…..” അതും പറഞ്ഞുകൊണ്ട് അവൾ ത്രേസ്യയ്ക്കും ലൂസിക്കും ഒരു മുത്തം കൊടുത്തതിന് ശേഷം ആന്റണിയെ കാണുവാനായി തൊടിയിലേക്ക് ചെന്നു…
ആന്റണി അവിടെ കപ്പ നടുവാനായി തടം എടുക്കുകയായിരുന്നു…
“അപ്പാ…”..അവൾ ഉറക്കെ വിളിച്ചു…
“ആഹാ…എന്റെ നീലുവേ…നീ പേടിപ്പിച്ചു കളഞ്ഞല്ലോ…..”
അവൾ അയാളെ നോക്കി ഒന്ന് ചിരിച്ചു…
“എന്റെ കൊച്ചങ് സുന്ദരിയായല്ലോ…ഇങ്ങോട്ടേക്ക് വാ…ഇന്നാ…കുറച്ചു പൈസ കയ്യിൽ പിടിച്ചോ….”
അതും പറഞ്ഞുകൊണ്ട് ആന്റണി അദ്ദേഹത്തിന്റെ മുണ്ടിൽ തെറുത്തു വെച്ചിരുന്ന അഞ്ഞൂറിന്റെ രണ്ട് നോട്ടെടുത്ത് അവൾക്ക് നേരെ നീട്ടി…
അവൾ അതെവിടുന്നാ എന്നുള്ള ഭാവത്തിൽ ആന്റണിയെ ഒന്ന് നോക്കി….
“ഓ..നീ നോക്കണ്ട…നമ്മുടെ തെക്കെതിലെ കറിയാച്ചൻ കഴിഞ്ഞ ദിവസം എന്റെ കയ്യിൽ നിന്ന് വാങ്ങിയ പൈസ തിരികെ തന്നതാ ഇത്….അല്ലാതെ പറമ്പിൽ പണിക്ക് വരുമ്പോൾ ഞാൻ കാശും കൊണ്ട് വരുവോ…”
അവൾ ഒന്ന് ചിരിച്ചു…എന്നിട്ട് പറഞ്ഞു
“അപ്പാ..എന്റെ കയ്യിൽ അപ്പാ നേരത്തെ തന്ന പൈസയൊക്കെ മിച്ചം പിടിച്ചതുണ്ട്…അപ്പൻ കയ്യിൽ വച്ചോ..പിന്നെ അവർക്കുള്ള സമ്മാനം ഒക്കെ നേരത്തെ കൊടുത്തതല്യോ…”
അതും പറഞ്ഞുകൊണ്ട് അവൾ അത് സ്നേഹത്തോടെ നിരസിച്ചു…
അല്ലലില്ലാതെ കഴിഞ്ഞുപോകുന്നുണ്ടെങ്കിലും അപ്പൻ മുണ്ട് മുറുക്കിയാണ് ഇതെല്ലാം സമ്പാദിക്കുന്നതെന്ന ബോധ്യം അവൾക്കുണ്ടായിരുന്നു…
അവൾ ആ തഴമ്പു വീണ കൈകളിൽ പതിയെ പിടിച്ചു…പോകുകയാണെന്ന് പറഞ്ഞു….
അയാൾ സമ്മതത്തോടെ തലയാട്ടി….
“പിന്നെ…അപ്പന്റെ അന്നാമ്മ എത്തിയിട്ടുണ്ട് കേട്ടോ….”
അതും പറഞ്ഞുകൊണ്ടവൾ പതിയെ വീട്ടിലേക്ക് നടന്നു….
**************************************************************************************
ഫോണിൽ അലാറം അടിക്കുന്നത് കേട്ടിട്ടാണ് നീലു ഞെട്ടിയുണർന്നത്…
അപ്പോഴാണ് താൻ ഇന്നലെ പഴയ കാര്യങ്ങൾ ചിന്തിച്ചുകൊണ്ട് കട്ടിലിൽ ചാരിയിരുന്ന് തന്നെ ഉറങ്ങിപ്പോയെന്ന കാര്യം അവൾക്ക് മനസ്സിലായത്….
അതുകൊണ്ട് തന്നെ അവൾക്ക് നടുവിന് വല്ലാത്ത ഒരു പിടുത്തം അനുഭവപ്പെട്ടു…
അവൾ നിലത്തേക്ക് കാല്കുത്തുന്നതിന് മുന്നേ തന്നെ അമ്മേ എന്നൊരു ആർത്ത നാദത്തോടെ കട്ടിലിലേക്ക് ഇരുന്നു…
അവളുടെ ശബ്ദം കേട്ട് എല്ലാവരും ഓടിയെത്തി…
“എന്നതാ മോളെ…എന്നതാ പറ്റിയെ…”
ത്രേസ്യ വേവലാതിയോടെ അവളുടെ മുഖത്തും വയറിലും ഒക്കെ തൊട്ടു നോക്കി ചോദിച്ചു…
അവൾ നടുവിന് കയ്യും കൊടുത്ത് ഇരിക്കുന്നത് കണ്ടപ്പോൾ തന്നെ സച്ചു പതിയെ വന്ന് അവളുടെ പുറം ഉഴിഞ്ഞുകൊടുത്തു…
അപ്പോഴാണ് അവൻ അവൾ തലേന്ന് എടുത്തു വച്ച മനുവിന്റെയും അവന്റെ നിലായുടെയും ഒരു ഫ്രയിം ചെയ്ത ഫോട്ടോ അവൻ കണ്ടത്…തന്റെ ചേച്ചിയെ അതിൽ വളരെ സന്തോഷവതിയായിയാണല്ലോ കാണുന്നത് എന്നോർത്തപ്പോൾ അവന് മനസ്സിൽ ഒരു സങ്കടം തോന്നി…ഇന്ന് ആ സന്തോഷം അവൾക്ക് ഇല്ലാത്തത്തിൽ ഉള്ള ഒരു ആങ്ങളയുടെ നൊമ്പരം…
ആ ഫോട്ടോ കണ്ടപ്പോഴേക്കും അവൾക്ക് നടുവേദന വരുവാനുള്ള കാരണം അവന് മനസ്സിലായി….
അവൻ അവളെ നോക്കി കണ്ണ് കൂർപ്പിച്ചു…അവൾ കുറ്റബോധത്തോടെ തല താഴ്ത്തി…
അപ്പോഴേക്കും ആന്റണിയും ത്രേസ്യയും കൂടെ ചൂടുവെള്ളം ഹോട്ട് ബാഗിലാക്കി കൊണ്ടുവന്നിരുന്നു…ആന്റണി തന്നെ അത് അവളുടെ പുറകിൽ പതിയെ വച്ചുകൊടുത്തു….
അവൾ കുറച്ചാശ്വാസത്തോടെ അവിടെ അനങ്ങാതെ തന്നെ ഇരുന്നു…സച്ചു അപ്പോഴും അവളുടെ കൂടെയുണ്ടായിരുന്നു…
അപ്പോഴാണ് അവൾ തന്നെ തന്നെ നോക്കിയിരിക്കുന്ന രണ്ട് കണ്ണുകളെ കണ്ടത്….ആ കണ്ണുകൾ കണ്ടതും അവളുടെ ചൊടികളിൽ പുഞ്ചിരി വിടർന്നു…
അവളുടെ ചുണ്ടുകൾ മന്ത്രിച്ചു…
“പപ്പ….”
(തുടരും….)