Sunday, December 22, 2024
Novel

ജീവാംശമായ് : ഭാഗം 2

നോവൽ
എഴുത്തുകാരി: അഗ്നി


അവൾ പോയി ഒന്ന് കുളിച്ച്‌ വന്നപ്പോഴേക്കും സച്ചു എല്ലാം പ്ളേറ്റിലേക്കാക്കി വച്ചിരുന്നു…..അവൻ പതിയെ അവളെ പിടിച്ചുകൊണ്ട് അവിടെയുള്ള കസേരയിലേക്ക് ഇരുത്തി….

എന്നിട്ട് അവൾക്ക് ആന്റണി കൊണ്ടുവന്ന മസാല ദോശ വാരിക്കൊടുത്തുകൊണ്ടിരുന്നു.. ഇടയിൽ അവനും അൽപ്പം കഴിക്കും….

ഇതെല്ലാം കണ്ട് സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകൾ തുടയ്ക്കുകയായിരുന്നു ആന്റണിയും ത്രേസ്യായും…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

കഴിച്ചു കഴിഞ്ഞവൾ വീടിനു മുന്നിലൂടെ നടക്കാൻ തുടങ്ങി…ഇത് അവളുടെ പതിവാണ്…

ആ സമയം ആന്റണിയും ത്രേസ്യയും സച്ചുവും വരാന്തയിലേക്കിരിക്കും..മിക്കവാറും സച്ചുവിന്റെ തല ത്രേസ്യായുടെ മടിയിലായിരിക്കും…

അങ്ങനെ അവർ അവിടെയിരുന്ന് അന്നന്നത്തെ വിശേഷങ്ങൾ എല്ലാം പറഞ്ഞു തീർക്കും…

നീലു ഓഫീസിലെയും സച്ചു കോളേജിലെയും വിശേഷങ്ങളും ആന്റണി തന്റെ വിശേഷങ്ങളും ത്രേസ്യയാണെകിൽ അവിടെയുള്ള കോഴിയുടെയും പശുവിന്റെയും കാര്യങ്ങളെല്ലാം പറഞ്ഞുകൊണ്ടിരിക്കും…

ഇതെല്ലാം തമ്മിൽ തമ്മിൽ പറഞ്ഞതിന് ശേഷമേ അവർക്ക് സ്വസ്ഥതയുള്ളൂ…എല്ലാം പരസ്പരം പങ്കുവച്ചു, താങ്ങും തണലുമായി ജീവിക്കുന്ന ഒരു കൊച്ചു കുടുംബം…

അവൾ ആ വീടിന്റെ ചുറ്റുപാടുകൾ ഒന്ന് വീക്ഷിച്ചു..തന്റെ ‘അമ്മ അത് എത്ര ഭംഗിയായിട്ടാണ് എല്ലാം ഒരുക്കിയിട്ടിരിക്കുന്നതെന്ന് അവൾ ചിന്തിച്ചു..

അവരുടെ വീട് അത്ര വലുതൊന്നുമല്ലെങ്കിലും മൂന്ന് കിടപ്പുമുറികളുള്ള മുറികളുള്ള സൗകര്യമുള്ളൊരു വീടായിരുന്നു…

ആ സ്ഥലം ഒരു നാല്പത് സെന്റോളം ഉണ്ട്..അതിൽ പത്ത് സെന്റിൽ വീടും ബാക്കി കൃഷിയുമാണ്..കോഴിയും താറാവും പശുവും പിന്നെ വാഴ,കവുങ്ങ്,തെങ്ങ്, പച്ചക്കറികൾ…സകലതും അവിടെ തന്നെ ഉണ്ടായിരുന്നു…

പച്ചക്കറികളൊക്കെ പുറത്തു നിന്ന് വാങ്ങുന്നത് തന്നെ വളരെ വിരളമാണ്..ആന്റണിയും ത്രേസ്യയും കൂടിയാണ് കൃഷിയൊക്കെ നടത്തുന്നത്…

അതിൽ നിന്നും നല്ലൊരു ആദായം അവർക്ക് കിട്ടുന്നുണ്ട് താനും..

ഉച്ച സമയത്ത് കൃഷിക്കിറങ്ങുന്നത് ബുദ്ധിമുട്ടയതിനാൽ ഉച്ചയ്ക്ക് ഊണ് കഴിഞ്ഞിട്ടാണ് ആന്റണി ഓട്ടോയുമായി സ്റ്റാന്റിൽ ചെല്ലുന്നത്…

അങ്ങനെ അവർ അന്നത്തെ വിശേഷങ്ങൾ പറഞ്ഞു തീർത്തപ്പോഴേയ്ക്കും ത്രേസ്യ എല്ലാവരെയും പ്രാര്ഥിക്കാനായി വിളിച്ചുകൊണ്ടുപോയി…

നീലുവിന് അന്ന് മനസ്സിന് എന്തോ വല്ലാത്തൊരു വിഷമമുണ്ടായിരുന്നു..അത് എന്താന്നെന്ന് അവൾക്ക് മനസിലായില്ല…ഒരു പക്ഷെ തന്റെ മനുവേട്ടന്റെ ഓർമ്മകളാണോ…അതോ ഇന്ന് വിവരമില്ലാത്ത ചിലർ പറഞ്ഞ കുത്തുവാക്കുകളോ..

പ്രാർഥനയ്ക്കിരുന്നെങ്കിലും അവൾക്ക് അതിൽ ഒരു ശ്രദ്ധയും ചെലുത്താൻ കഴിഞ്ഞില്ല….

അവൾക്ക് പ്രാർഥിക്കണമെന്നുണ്ടെങ്കിലും മനസ്സ് പല ചിന്തകളാൽ ഉഴറിക്കൊണ്ടിരുന്നു…

എങ്കിലും അവളുടെ കൈകൾ അവളുടെ വയറിനെ തലോടിക്കൊണ്ടിരുന്നു..

ത്രേസ്യ അവളുടെ അവസ്ഥ മനസ്സിലാക്കിയെന്നോണം സങ്കീർത്തനങ്ങൾ അമ്പത്തിയഞ്ചാണ് വായിച്ചത്…അതിലെ ഇരുപത്തിരണ്ടാം വാക്യം അവർ കുറച്ചു ഉറക്കെ വായിച്ചു..

“നിന്റെ ഭാരം യഹോവയുടെമേല് വെച്ചുകൊള്ക; അവന് നിന്നെ പുലര്ത്തും; നീതിമാന് കുലുങ്ങിപ്പോകുവാന് അവന് ഒരു നാളും സമ്മതിക്കയില്ല.”

ആ വചനം തന്റെ കാതുകൾക്ക് കുളിർമയേകുന്നതായി അവൾക്ക് തോന്നി..അവൾ അവളുടെ മനസ്സിനെ കർത്താവിന്റെ സന്നിധിയിലേക്ക് സമർപ്പിച്ചു…

പ്രാർത്ഥന കഴിഞ്ഞതിന് ശേഷം ഭക്ഷണം കഴിച്ചു…അവൾക്കായി ത്രേസ്യ നല്ല കുടംപുളിയിട്ട് പറ്റിച്ച ചെമ്മീനും പുളിയുള്ള പച്ചമാങ്ങാ കൊണ്ടുണ്ടാക്കിയ ചമ്മന്തിയും ഉണ്ടാക്കിയിട്ടുണ്ടായിരുന്നു…

അത് കഴിക്കുമ്പോൾ അവളുടെ മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങൾ കാണുമ്പോഴേക്കും ത്രേസ്യ സന്തോഷം കൊണ്ട് തന്റെ കണ്ണുകൾ തുടച്ചു…ആ കണ്ണുനീരിൽ തന്റെ മകളുടെ വിധി ഓർത്തുള്ള ദുഖവും നിറഞ്ഞിരുന്നു…

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

കിടക്കുവാനായി തന്റെ മുറിയിലേക്ക് വന്നതായിരുന്നു നീലു….

മുറിയിലേയ്ക്ക് കയറിയപ്പോൾ തന്നെ കണ്ടത് തന്റെയും മനുവച്ചാച്ചന്റെയും വിവാഹ ഫോട്ടോയായിരുന്നു…

അതിൽ കറുത്ത ഒരു കോട്ടും കറുത്ത പാന്റും വെള്ള ഷർട്ടും ഇട്ട മനുവച്ചാച്ചനും വെള്ള സാരിയുടുത്ത് തലയിൽ നെറ്റ് പിടിപ്പിച് വലതു കയ്യിൽ മന്ത്രകോടിയും ഇടം കയ്യിൽ ഒരു പൂച്ചെണ്ടുമായി നിറഞ്ഞ ചിരിയോടെ നിൽക്കുന്ന താനും..

അഞ്ച് വർഷങ്ങള്ക്ക് മുൻപ് എത്രയോ സന്തോഷത്തോടെ എടുത്ത ഫോട്ടോയാണതെന്ന് അവൾ ഓർത്തു.. അവൾ ആ ഫോട്ടോയെ പതിയെ തലോടി..

എന്തോ ഓർമ്മയിൽ അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി പുറത്തേയ്ക്ക് തെറിച്ചു…

അവളുടെ വലതുകൈ യാന്ത്രികമായി അവളുടെ വയറിലേയ്ക്ക് ചെന്നു…ഇടതുകൈ അവളുടെ ഇടനെഞ്ചിലേക്കും..അൽപ്പ നേരം കൂടെ ആ ഫോട്ടോയെ നോക്കി നിന്ന ശേഷം അവൾ കിടക്കാനായി അവളുടെ കിടക്കവിരി നേരെയാക്കി…

ഫോൺ എടുത്ത് അലാറം വെച്ചു.. വെള്ളം എടുത്ത് അവളുടെ അടുക്കൽ വച്ചു.. അതിനു ശേഷം ലൈറ്റ് അണച്ചിട്ട് അവൾ പതിയെ കിടന്നു..

കിടന്നെങ്കിലും അന്നവൾക്ക് ഉറക്കം വന്നില്ല….അവളുടെ ഓർമ്മകളിലേക്ക് തന്റെ മനുവച്ചാച്ചൻ കടന്നു വന്നുകൊണ്ടിരുന്നു..

പെട്ടന്നാണ് അവളുടെ ഫോൺ ബെല്ലടിച്ചത്..
ഇച്ചേച്ചി എന്ന് അതിൽ തെളിഞ്ഞു വന്നു…അവളുടെ ചുണ്ടിൽ ആ പേര് കണ്ടപ്പോൾ ഒരു പുഞ്ചിരി വിടർന്നു..

“ലീസാമ്മോ….”..അവൾ ഫോൺ എടുത്തുകൊണ്ട് പറഞ്ഞു..

അപ്പുറത്തെ വശത്ത് നിന്നും അവളെക്കാൾ പ്രായം കൂടുതലുള്ള ഒരാളുടെ ശബ്ദം വന്നെത്തി..

“പറയെടാ നീലുവേ… എന്റെ കുഞ്ഞന്മാർ എന്നാ പറയുന്നു…”

“ഇച്ചേച്ചിയുടെ കുഞ്ഞന്മാർ സുഖമായി ഇരിക്കുന്നു……”..അവൾ വീർത്തു നിൽക്കുന്ന അവളുടെ വയർ തടവിക്കൊണ്ട് പറഞ്ഞു..

“നാളെയല്ലേ അടുത്ത ചെക്കപ്പ്…..പപ്പാ രാവിലെ എത്തും..ഇവിടെയിരുന്ന് ഭയങ്കര പാക്കിങ് ആണ്…”

“അയ്യോ..പപ്പാ എന്നാത്തിനാ അവിടുന്ന് ഇങ്ങോട്ടേക്ക് വരുന്നേ…ശ്യോ…വരണ്ടാ എന്ന് പറ… ഇപ്പൊ എനിക്ക് കുഴപ്പമില്ലാന്നെ…സമയം ആകുമ്പോൾ എത്തിയാൽ മതി…”

“ഉവ്വ…ഞാൻ പറഞ്ഞാൽ കേൾക്കേണ്ട…ഇനി മോള് തന്നെ അങ്ങോട്ട് പറഞ്ഞേക്കു…”
അതും പറഞ്ഞുകൊണ്ട് ലിസമ്മ അവളുടെ പപ്പാ തോമസിന്റെ കയ്യിലേക്ക് ഫോൺ കൊടുത്തു..

“ഹലോ…”
അപ്പുറത്ത് നിന്നും ഒരു ഘന ഗംഭീരമായ ഒരു ശബ്ദം വന്നു..

“പപ്പെ…”…അവൾ വിളിച്ചു..

“എന്നതാ നീലുമോളെ….”

“പപ്പാ.. നാളെ ചെക്കപ്പ് ആണെന്നും പറഞ്ഞുകൊണ്ട് എന്തിനാ ചെന്നൈയിൽ നിന്നും ഈ പാലായിലേക്ക് വരുന്നേ…”

“അതൊന്നും ഓർത്ത് മോള് വിഷമിക്കേണ്ട…ഞാൻ ആന്റണിയോട് പറഞ്ഞിരുന്നു..അപ്പോൾ നാളെ കാണാം…മോള് കിടന്ന് ഉറങ്ങിക്കോ…മോള് ഉറങ്ങിയാലല്ലേ കുഞ്ഞുങ്ങളും ഉറങ്ങു…
ഞാൻ ഫോൺ വെക്കുവാ…”

അതും പറഞ്ഞുകൊണ്ട് അയാൾ ഫോൺ സംഭാഷണം അവസാനിപ്പിച്ചു….

അവൾ ഫോൺ എടുത്തുവയ്ക്കാൻ നേരം അതിൽ ഇട്ടിരിക്കുന്ന വാൾ പേപ്പർ ശ്രദ്ധിച്ചു..താനും തന്റെ മനുവച്ചാച്ചനും ഒരേ നിറത്തിലുള്ള വസ്ത്രം ഇട്ടുകൊണ്ട് എടുത്തിരിക്കുന്നൊരു സെൽഫി..

അത് കണ്ടതും അവളുടെ കണ്ണുകൾ ഈറനണിഞ്ഞു…അവൾ ഫോൺ ഗാലറി തുറന്ന് അതിൽ ഇമ്മു എന്ന ഫോൾഡർ തുറന്നു…

ആ ഫോൾഡറിൽ മുഴുവൻ ചിരിച്ചും കുറുമ്പുകാണിച്ചും ഇരിക്കുന്ന മനുവെന്ന ഡോക്ടർ ഇമ്മാനുവേലിന്റെയും അവന്റെ മാത്രം നിലാ ആയിരുന്ന സ്റ്റെഫിയുടെയും ഫോട്ടോകൾ ആയിരുന്നു…

ഓരോന്നും കാണുമ്പോൾ അവളുടെ ഓർമ്മയിലേക്ക് അവളുടെ പഴയ ദിവസങ്ങൾ കടന്നുവന്നുകൊണ്ടേയിരുന്നു…ആ ഓർമ്മകൾ അവളെ ചുട്ടുപൊള്ളിച്ചു…

ആ ചൂടിൽ നിന്നും രക്ഷ തേടാനെന്നോണം അവളുടെ ഇടതുകൈ അവളുടെ ഇട നെഞ്ചിലേക്കും വലതുകൈ തന്റെ വയറിലേക്കും സഞ്ചരിച്ചു…

(തുടരും….)

ജീവാംശമായ് : ഭാഗം 1