സെഞ്ചുറി അടിച്ച് ജഡേജയും; ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 416-ന് പുറത്ത്
ബർമിങ്ഹാം: 7 വിക്കറ്റിന് 338 റണ്‍സെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ അതിവേഗം സ്കോർ ചെയ്തു. കഴിഞ്ഞ ദിവസം പുറത്താകാതെ 83 റൺസ് നേടിയ ജഡേജ രണ്ടാം ദിനത്തിലെ ആദ്യ സെഷനിൽ സെഞ്ച്വറി നേടിയിരുന്നു. 194 പന്തിൽ 13 ബൗണ്ടറികളുടെ അകമ്പടിയോടെ 104 റണ്‍സെടുത്ത ജഡേജയെ ജെയിംസ് ആൻഡേഴ്സണാണ് പുറത്താക്കിയത്.
മുഹമ്മദ് ഷമി 16 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ ജസ്പ്രീത് ബുംറയാണ് രണ്ടാം ദിനം ഇന്ത്യയെ 400 കടത്തിയത്. 16 പന്തിൽ രണ്ട് സിക്സും നാല് ഫോറും സഹിതം 31 റൺസുമായി ബുംറ പുറത്താകാതെ നിന്നു. മുഹമ്മദ് സിറാജ് (2) ആണ് അവസാനമായി പുറത്തായ ഇന്ത്യൻ താരം.
ഇംഗ്ലണ്ടിനായി ജെയിംസ് ആൻഡേഴ്സണ് അഞ്ച് വിക്കറ്റ് വീഴ്ത്തി. മാത്യു പോട്ട്സ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഋഷഭ് പന്തിൻറെ വെടിക്കെട്ട് പ്രകടനമാണ് ആദ്യ ദിനം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 89 പന്തിൽ സെഞ്ച്വറി നേടിയ പന്ത് ബർമിങ്ഹാമിൽ കരിയറിലെ അഞ്ചാം സെഞ്ച്വറിയും നേടി. ടെസ്റ്റിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോർഡും പന്തിൻറെ പേരിലാണ്. 2005-06 സീസണിൽ പാകിസ്താനെതിരെ 93 പന്തിൽ സെഞ്ച്വറി നേടിയ മുൻ ക്യാപ്റ്റൻ എം.എസ് ധോണിയുടെ റെക്കോർഡാണ് അദ്ദേഹം മറികടന്നത്.