Saturday, December 21, 2024
LATEST NEWSTECHNOLOGY

വിദ്യാർത്ഥികൾക്ക് നൽകിയ ഓഫർ ലെറ്റർ ഐടി കമ്പനികൾ മടക്കി വാങ്ങിയതായി റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്തെ ഐടി സേവന മേഖലയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവരാണ് വലിയൊരു വിഭാഗം യുവാക്കൾ. മെച്ചപ്പെട്ട വേതനം, മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം, വിദേശത്തേക്ക് പോകാനുള്ള അവസരങ്ങൾ തുടങ്ങി നിരവധിയാണ് ഇതിനുള്ള കാരണങ്ങൾ. ഇന്ത്യയിലെ ഏറ്റവും പ്രതീക്ഷയുള്ള മേഖലകളിലൊന്നായിരുന്നു ഐടി. എന്നാൽ മാറിയ സാഹചര്യത്തിൽ, ഭീമൻ ഐടി കമ്പനികളിൽ നിന്ന് നിരാശാജനകമായ സമീപനമാണ് ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഓഫർ ലെറ്റർ കിട്ടിയ ഇന്ത്യയിലെ ഉദ്യോഗാർഥികളെ പോലും നിരാശരാക്കി ഇരിക്കുകയാണ് കമ്പനികൾ. ടെക് മഹീന്ദ്ര, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ കമ്പനികൾ സ്വീകരിച്ച ആദ്യപടി ഉദ്യോഗാർത്ഥികൾക്ക് നൽകിയ ഓഫർ ലെറ്ററിൽ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള തീയതി വൈകിപ്പിക്കുക എന്നതാണ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, കമ്പനി ഓഫർ ലെറ്റർ പിൻവലിക്കുകയും ജോലിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

സാമ്പത്തിക മാന്ദ്യത്തിന്‍റെ ലക്ഷണങ്ങൾ ആഗോളതലത്തിൽ ഉയർന്നുവരാൻ തുടങ്ങിയതോടെ, ഇന്ത്യയിലെ ഐടി കമ്പനികളിലും അത്ര സുഖകരമല്ലാത്ത സാഹചര്യങ്ങൾ ഉയർന്നുവരുന്നു. രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടിസിഎസ് നേരത്തെ ജീവനക്കാർക്ക് വേരിയബിൾ പേ നൽകുന്നത് നീട്ടിവച്ചിരുന്നു.