ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് അന്ത്യശാസനം നൽകി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി
ന്യൂഡൽഹി: സംഘടനാ തിരഞ്ഞെടുപ്പ് വിഷയത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് (ഐഒഎ) അന്ത്യശാസനം നൽകി. ഭരണപരമായ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്നും ഡിസംബറോടെ തിരഞ്ഞെടുപ്പ് നടത്തണമെന്നും അല്ലാത്തപക്ഷം അംഗീകാരം റദ്ദാക്കുമെന്നും ഐഒസി വ്യക്തമാക്കി. ഐഒഎയുടെ ഇടക്കാല പ്രസിഡന്‍റിനെ അംഗീകരിക്കില്ലെന്നും ഐഒഎസി അറിയിച്ചു. അടുത്ത വർഷം മേയിൽ മുംബൈയിൽ നടക്കേണ്ടിയിരുന്ന ഐഒസി യോഗം മാറ്റിവയ്ക്കാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ ആഭ്യന്തര തർക്കങ്ങളും കോടതിയിലെ കേസുകളും ഐഒസി എക്സിക്യൂട്ടീവ് ബോർഡ് ചർച്ച ചെയ്തു. അന്തിമ താക്കീത് നൽകാനും തുടർന്ന് നടപടിയുണ്ടായില്ലെങ്കിൽ സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചു.
ഡിസംബറിൽ ചേരുന്ന ഐഒസി എക്സിക്യൂട്ടീവ് ബോർഡ് ഈ വിഷയം വീണ്ടും ചർച്ച ചെയ്യും. ആ സമയത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്നും കത്തിൽ പറയുന്നു.