പുതിയ സവിശേഷതകളുമായി ഇൻസ്റ്റാഗ്രാം
പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇൻസ്റ്റാഗ്രാം. ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ഇൻസ്റ്റാഗ്രാമിൽ അൾട്രാ-ടോൾ 9:16 ഫോട്ടോകൾ പരീക്ഷിക്കുമെന്ന് പ്രതിവാര ആസ്ക് മീ എനിതിംഗ് ഇവന്‍റിൽ പുതിയ പരീക്ഷണത്തെക്കുറിച്ച് ഇൻസ്റ്റാഗ്രാം സിഇഒ ആദം മൊസേരി പറഞ്ഞു. നിലവിൽ, ക്രോപ്പ് ചെയ്താൽ 4:5 വലുപ്പത്തിലാണ് ഫോട്ടോകൾ അപ്ലോഡ് ചെയ്യുന്നത്. ഇത് മാറി 9:16 സൈസിലുള്ള ഫോട്ടോകൾ വരുന്നതോടെ സ്ക്രോൾ ചെയ്യുമ്പോൾ സ്ക്രീൻ മുഴുവൻ നിറഞ്ഞു നിൽക്കുന്ന വിഷ്വൽ കാണാൻ കഴിയും.
ടിക് ടോക്കിൽ ചെയ്തതുപോലെ മാറ്റങ്ങൾ നടപ്പിലാക്കാൻ ഇൻസ്റ്റാഗ്രാം പദ്ധതിയിട്ടിരുന്നു. പ്രതിഷേധത്തെ തുടർന്ന് മെറ്റാ ഈ തീരുമാനത്തിൽ നിന്ന് പിൻമാറി. ടിക് ടോക്കിനെ അനുകരിക്കുന്നത് ഇൻസ്റ്റാഗ്രാം നിർത്തണമെന്നും പഴയ ഇൻസ്റ്റാഗ്രാം തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിലെ പല പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇൻസ്റ്റാഗ്രാമിന്‍റെ ഈ പ്രധാന പിൻമാറ്റം നടന്നതായി റിപ്പോർട്ടുകൾ വന്നത്. സമീപകാലത്ത് ആദ്യ ത്രൈമാസ വരുമാന ഇടിവും മെറ്റാ റിപ്പോർട്ട് ചെയ്തു.