റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ വൻ വർധന
ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയിൽ വൻ വർദ്ധനവുണ്ടായതായി റിപ്പോർട്ട്. ഏപ്രിൽ-മെയ് മാസങ്ങളിൽ ഇറക്കുമതി 4.7 മടങ്ങ് വർദ്ധിച്ചു. പ്രതിദിനം 400000 ബാരൽ എണ്ണയാണ് ഇന്ത്യ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഉക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ വലിയ വിലക്കുറവിൽ എണ്ണ ലഭിച്ചപ്പോൾ ഇന്ത്യയുടെ ഇറക്കുമതി വർദ്ധിച്ചിട്ടുണ്ട്.
പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചപ്പോഴും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ നിന്ന് പിൻമാറാൻ ഇന്ത്യ തയ്യാറായിരുന്നില്ല. ഈ നിലപാട് കാരണം ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് വലിയ വിലക്കിഴിവിൽ എണ്ണ ലഭിക്കുകയായിരുന്നു.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചൈനയും വർധിപ്പിച്ചിട്ടുണ്ട്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി 55 ശതമാനം വർധിപ്പിച്ചിരിക്കുകയാണ് ചൈന. നിലവിൽ ചൈനയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് റഷ്യ.