Friday, January 17, 2025
LATEST NEWS

2022-23 ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുറയുമെന്ന് ഫിച്ച് റേറ്റിങ്സ്

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച നേരത്തെ പ്രവചിച്ചതിനേക്കാൾ കുറയുമെന്ന് റേറ്റിങ്ങ് ഏജൻസിയായ ഫിച്ച് റേറ്റിങ്സ്. ഉയർന്ന പണപ്പെരുപ്പവും പലിശ നിരക്കുമാണ് ഇതിന് കാരണമെന്ന് യുഎസ് ആസ്ഥാനമായുള്ള ഏജൻസി പറഞ്ഞു. ജൂണിൽ, രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 2022-23 ൽ 7.8 ശതമാനം വളർച്ച നേടുമെന്ന് പ്രവചിച്ചിരുന്നു. എന്നാൽ ഇത് 7 ശതമാനമായി കുറയുമെന്നാണ് പുതിയ വിലയിരുത്തൽ.

2024 സാമ്പത്തിക വർഷത്തിൽ 7.4 ശതമാനം വളർച്ച നേടുമെന്ന് പ്രവചിച്ചിരുന്നു. എന്നാൽ ഇത് 6.7 ശതമാനമായി കുറയും. ഫിച്ച് റേറ്റിംഗ്സ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച സെപ്റ്റംബറിലെ ആഗോള സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. മൂഡീസ്, സിറ്റിഗ്രൂപ്പ്, എസ്ബിഐ തുടങ്ങിയ ഏജൻസികളും ഇന്ത്യയുടെ സാമ്പത്തിക വളർച്ച നേരത്തെ പ്രവചിച്ചതിനേക്കാൾ മന്ദഗതിയിലാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു.

മൊത്തവില സൂചികയെ (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കഴിഞ്ഞ മൂന്ന് മാസമായി കുറഞ്ഞുവരികയാണ്. ഇന്ധനവില കുറഞ്ഞതോടെ പണപ്പെരുപ്പം (12.41 ശതമാനം) കുറഞ്ഞു. 11 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. എന്നാൽ ചില്ലറ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 7 ശതമാനമാണ്. ഭക്ഷ്യവസ്തുക്കളുടെ ഉയർന്ന വില നെഗറ്റീവ് ഘടകമാണെന്നും ഫിച്ച് റേറ്റിംഗ്സ് അഭിപ്രായപ്പെട്ടു. റീട്ടെയിൽ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം തുടർച്ചയായ എട്ടാം മാസവും റിസർവ് ബാങ്ക് നിശ്ചയിച്ച പരിധിയായ 6 ശതമാനത്തിന് മുകളിലാണ്. എന്നിരുന്നാലും, നടപ്പ് സാമ്പത്തിക വർഷത്തിൽ 7.2 ശതമാനം വളർച്ചയാണ് ആർബിഐ പ്രവചിക്കുന്നത്.