Saturday, December 21, 2024
LATEST NEWS

യൂറോപ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇനി യുപിഐയിൽ പണം കൈമാറാം

യൂറോപ്പ് സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് യുപിഐ വഴി ഇടപാടുകൾ സാധ്യമാക്കി കേന്ദ്ര സർക്കാർ. എന്‍ഐപിഎല്‍ ഇത് സംബന്ധിച്ച് യൂറോപ്യന്‍ പേയ്‌മെന്റ് സേവനദാതാക്കളായ വേള്‍ഡ്‌ലൈനുമായി കരാറിൽ ഒപ്പുവെച്ചു. നാഷണൽ പേയ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സഹസ്ഥാപനമാണ് എന്‍ഐപിഎല്‍.

വേൾഡ് ലൈനിന്‍റെ ക്യുആർ കോഡ് വഴി യുപിഐ ഇടപാടുകൾ നടത്താനുള്ള സൗകര്യമാണ് നിലവിൽ വരുന്നത്. യുപിഐ ആപ്പ് ഉപയോഗിച്ച് വേൾഡ് ലൈനിന്‍റെ ക്യുആർ കോഡ് സ്കാൻ ചെയ്യാം. റൂപെ ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് വഴി ഇടപാടുകൾ നടത്താനുള്ള സൗകര്യവും ഉടൻ തന്നെ യൂറോപ്പിലെത്തും. ആദ്യ ഘട്ടത്തിൽ ബെൽജിയം, നെതർലാൻഡ്സ്, ലക്സംബർഗ്, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ എൻപിസിഐ ശ്രദ്ധ കേന്ദ്രീകരിക്കും. പിന്നീട്, ഈ സേവനം മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്കും ലഭ്യമാകും.

റുപേ വഴിയുള്ള ഇടപാടുകൾക്ക് അനുമതി ലഭിക്കുന്നതിന് വിവിധ രാജ്യങ്ങളുമായി ചർച്ച നടത്തിവരികയാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചിരുന്നു. അമേരിക്കയിലെ മെരിലാന്‍ഡ് സർവകലാശാലയിലെ വിദ്യാർത്ഥിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി. യുഎസിൽ യുപിഐ മിസ് ചെയ്യുന്നുവെന്ന് അവകാശപ്പെട്ട വിദ്യാർത്ഥി, കൂടുതൽ രാജ്യങ്ങളിലേക്ക് സേവനം എങ്ങനെ എത്തിക്കാമെന്നാണ് ധനമന്ത്രിയോട് ചോദിച്ചത്.