Thursday, December 19, 2024
LATEST NEWSSPORTS

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. സതാംപ്ടണിലെ റോസ് ബൗളിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം. അയർലൻഡിനെതിരായ പരമ്പരയിൽ കളിച്ച കളിക്കാർ ആദ്യ ടി20യിൽ ടീമിന്‍റെ ഭാഗമാകും. കോവിഡ്-19 രോഗമുക്തി നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ മടങ്ങിയെത്തുമ്പോൾ ആരായിരിക്കും പുറത്താകുക എന്നതാണ് പ്രധാന ചോദ്യം. ഋതുരാജ് ഗെയ്‌ക്വാദോ സഞ്ജു സാംസണോ പുറത്തായേക്കും.

അയർലൻഡിനെതിരായ അവസാന ടി20യിൽ 77 റൺസ് നേടിയ സഞ്ജു തന്‍റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ ഫിഫ്റ്റി നേടിയിരുന്നു. തുടർന്ന് ഇംഗ്ലണ്ടിലേക്ക് പോയ സഞ്ജു രണ്ട് പരിശീലന മത്സരങ്ങളിലും കളിച്ചു. ആദ്യ ടി20യിൽ 38 റണ്സ് നേടിയ സഞ്ജു രണ്ടാം മത്സരത്തിൽ ഗോൾഡൻ ഡക്കായി.

പുതിയ പരിമിത ഓവർ ക്യാപ്റ്റനു കീഴിലാണ് ഇംഗ്ലണ്ട് ഇറങ്ങുക. ഓയിൻ മോർഗൻ കളി നിർത്തിയതോടെ വിക്കറ്റ് കീപ്പർ ജോസ് ബട്ലറാണ് ഇംഗ്ലണ്ടിനെ നയിക്കുക. ലിയാം ലിവിങ്സ്റ്റൺ, ജേസൻ റോയ്, സാം കറൻ, മൊയീൻ അലി തുടങ്ങിയ ടി20 സ്പെഷ്യലിസ്റ്റുകൾ അണിനിരക്കുന്ന ഇംഗ്ലണ്ടിനെതിരെ ജയിക്കാൻ ഇന്ത്യക്ക് നന്നായി വിയർക്കേണ്ടി വരും.