Monday, April 29, 2024
HEALTHLATEST NEWS

ഇനി ലൈസൻസില്ലാതെ ഷവർമ വിറ്റാൽ 5 ലക്ഷം രൂപ പിഴയും 6 മാസം തടവും

Spread the love

തിരുവനന്തപുരം: വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഷവർമ വിൽക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചു. ഷവർമയിലൂടെ ഭക്ഷ്യവിഷബാധ പടരുന്ന പശ്ചാത്തലത്തിലാണ് നടപടി. ലൈസൻസില്ലാതെ ഷവർമ വിറ്റാൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും ആറ് മാസം വരെ തടവും ലഭിക്കും.

Thank you for reading this post, don't forget to subscribe!

പാഴ്സൽ നൽകുന്ന ഷവർമ പാക്കറ്റുകൾ അതുണ്ടാക്കിയ തീയതിയും സമയവും രേഖപ്പെടുത്തണം. ഒരു മണിക്കൂറിന് ശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും രേഖപ്പെടുത്തണം. തൊഴിലാളികൾക്ക് ശരിയായ പരിശീലനം നൽകണം. ഷവർമ വൃത്തിയുള്ള സ്ഥലത്ത് മാത്രമേ പാചകം ചെയ്യാൻ പാടുള്ളൂ. ഷവർമ നിർമ്മാണത്തിന് ഉപയോഗിക്കുന്ന സ്റ്റാൻഡ് കട്ടിയുള്ളതും പൊടിയില്ലാത്തതുമായിരിക്കണം. ഇറച്ചി മുറിക്കാൻ വൃത്തിയുള്ള കത്തികൾ ഉപയോഗിക്കണം. ഭക്ഷണം ഉണ്ടാക്കുന്നവർ ഹെയർ ക്യാപും കയ്യുറകളും ധരിക്കണം. തൊഴിലാളികളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തൊഴിലുടമ ഉറപ്പാക്കണം.

ഷവർമ തയ്യാറാക്കേണ്ട ഉൽപ്പന്നങ്ങൾ എഫ്എസ്എസ്എഐ അംഗീകൃത വ്യാപാരികളിൽ നിന്ന് മാത്രമേ വാങ്ങാവൂ. ബ്രെഡിലും കുബ്ബൂസിലും ഉപയോഗ കാലാവധി രേഖപ്പെടുത്തുന്ന സ്റ്റിക്കറുകൾ ഉണ്ടായിരിക്കണം. ചിക്കൻ 15 മിനിറ്റും ബീഫ് 30 മിനിറ്റും തുടർച്ചയായി വേവിക്കണം. അരിയുന്ന ഇറച്ചി വീണ്ടും വേവിച്ചെന്ന് ഉറപ്പാക്കണം. ബീഫ് 71 ഡിഗ്രി സെൽഷ്യസിൽ 15 സെക്കൻഡും ചിക്കൻ 74 ഡിഗ്രി സെൽഷ്യസിൽ 15 സെക്കൻഡും രണ്ടാമത് വേവിച്ചെടുക്കണം. പാസ്ചറൈസ് ചെയ്ത മുട്ടകൾ മാത്രമേ മയോണൈസ് നിർമ്മാണത്തിന് ഉപയോഗിക്കാവൂ. മയോണൈസ് 2 മണിക്കൂറിൽ കൂടുതൽ പുറത്തെ താപനിലയിൽ സൂക്ഷിക്കാൻ പാടില്ല. ഉപയോഗത്തിന് ശേഷം അവശേഷിക്കുന്ന മയോണൈസ് 4 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണം. 2 ദിവസത്തിന് ശേഷം ഉപയോഗിക്കാൻ പാടില്ല. തുടങ്ങി കർശന നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.