‘വിമാന ടിക്കറ്റ് നിരക്ക് വര്‍ധന യാത്രികരുടെ എണ്ണത്തിലുള്ള വര്‍ധന മൂലം’
ജിദ്ദ: ഈദ് അവധിക്കാലത്ത് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് വർദ്ധിച്ചതിന് കാരണം യാത്രക്കാരുടെ എണ്ണത്തിലെ വർദ്ധനവും ടിക്കറ്റുകളുടെ ആവശ്യകതയും മൂലമാണെന്ന് സൗദി സിവിൽ ഏവിയേഷൻ വക്താവ് പറഞ്ഞു. ഈദ് അല്‍-അദ്ഹ അവധിക്കാലത്ത് ആഭ്യന്തര യാത്രാ ടിക്കറ്റുകളുടെ വില വർദ്ധിച്ചു. ടിക്കറ്റ് നിരക്ക് വർദ്ധിച്ചതോടെ, ഈദ് അവധി ദിവസങ്ങളിൽ കുടുംബസമേതം ചെലവഴിക്കാൻ സൗദി പൗരൻമാർക്ക് ഉയർന്ന ചെലവ് വരുന്നുണ്ട്. യാത്രക്കാരുടെ എണ്ണത്തിലെ വർദ്ധനവും ബുക്കിംഗിനും പുറപ്പെടുന്നതിനും ഇടയിലുള്ള സമയത്തിലെ കുറവും ചൂണ്ടിക്കാണിച്ച് ടിക്കറ്റ് നിരക്കുകൾ മുമ്പത്തേതിനേക്കാൾ ഇരട്ടിയിലധികം വർദ്ധിച്ചതായി യാത്രക്കാർ പറഞ്ഞു.
സ്കൂൾ പരീക്ഷകൾക്ക് ശേഷമുള്ള ഒരാഴ്ച, അധ്യയന വർഷത്തെ അവധി ദിവസങ്ങൾ, പൊതുമേഖലയ്ക്ക് ഈദ് അല്‍-അദ്ഹ അവധിയുടെ ആരംഭം എന്നിവ കാരണം യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതോടെ ടിക്കറ്റിന് വലിയ ഡിമാൻഡ് ഉയരുകയും അദ്ധ്യയന വർഷത്തിന്‍റെ അവസാന വാരത്തിൽ വിമാനക്കമ്പനികൾ കാര്യമായ നേട്ടമുണ്ടാക്കുകയും ചെയ്തു.
അവധിക്കാലമായതിനാൽ ആഭ്യന്തര വിമാന ടിക്കറ്റുകളുടെ വില 300% വർദ്ധിച്ചുവെന്ന റിപ്പോർട്ടുകൾ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്‍റെ ഔദ്യോഗിക വക്താവ് ഇബ്രാഹിം അൽ റൈസ് നിഷേധിച്ചു. ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടി വർദ്ധനവുണ്ടായി എന്ന വാർത്ത ശരിയല്ല. മറ്റ് വിപണികളെപ്പോലെ വ്യോമയാന വിപണിയിലും അവധിക്കാലം പോലുള്ള സീസണുകളിൽ വിലയിൽ ചില ചലനങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്, ഒപ്പം വർദ്ധിച്ചുവരുന്ന ഡിമാൻഡും.