Saturday, December 14, 2024
HEALTHLATEST NEWS

രാജ്യത്ത് പുതിയതായി 8,822 പേർക്ക് കോവിഡ്

ഡൽഹി: ഒരു ദിവസത്തെ നേരിയ ഇടിവിന് ശേഷം രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,822 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ്-19 ബാധിച്ചവരുടെ ആകെ എണ്ണം 4,32,45,517 ആയി ഉയർന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഈ കാലയളവിൽ 5718 രോഗമുക്തിയും 15 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ മരണസംഖ്യ 5,24,792 ആയി ഉയർന്നു.

ഇന്നലെ റിപ്പോർട്ട് ചെയ്തതിനേക്കാൾ 33 ശതമാനം കൂടുതൽ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. നിലവിൽ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 53,637 ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2 ശതമാനമാണ്. സജീവ കേസുകളുടെ എണ്ണത്തിൽ 3,089 വർദ്ധനവുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,718 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,26,67,088 ആയി. ദേശീയ കോവിഡ് -19 രോഗമുക്തി നിരക്ക് 98.66 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 2,956. കേരളത്തിൽ 1,989, ഡൽഹിയിൽ 1,118, കർണാടകയിൽ 594, ഹരിയാനയിൽ 430 എന്നിങ്ങനെയാണ് കേസുകൾ.

പുതിയ കേസുകളിൽ 80.33 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 33.51 ശതമാനം പുതിയ കേസുകളും മഹാരാഷ്ട്രയിൽ നിന്നാണ്. പുതുതായി റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ ഏഴ് പേർ കേരളത്തിൽ നിന്നും നാല് പേർ മഹാരാഷ്ട്രയിൽ നിന്നും രണ്ട് പേർ ഡൽഹിയിൽ നിന്നും ഒരാൾ രാജസ്ഥാനിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,58,607 ഡോസ് വാക്സിനുകളാണ് ഇന്ത്യ നൽകിയത്. ഇതോടെ രാജ്യത്ത് വിതരണം ചെയ്ത ആകെ വാക്സിൻ ഡോസുകളുടെ എണ്ണം 1,95,50,87,271 ആയി. ഇക്കാലയളവിൽ രാജ്യത്ത് 3,21,873 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ രാജ്യത്ത് ആകെ നടത്തിയ പരിശോധനകളുടെ എണ്ണം 85.58 കോടിയായി.