Sunday, December 22, 2024
LATEST NEWS

ശ്രീലങ്കയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

കൊളംബോ: ശ്രീലങ്കൻ സർക്കാർ രാജ്യത്ത് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. പൊതുഗതാഗത സംവിധാനത്തിലെ തിരക്ക് കുറയ്ക്കാനുള്ള ശ്രമത്തിൻറെ ഭാഗമായാണ് ഈ നീക്കമെന്നാണ് സർക്കാർ പറയുന്നത്. രണ്ടാഴ്ചത്തേക്കാണ് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നിരുന്നാലും, അവശ്യ സേവനങ്ങളിലെ ജീവനക്കാർക്ക് ഓഫീസുകളിൽ എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ച അധികൃതർ ഇത് “അസാധാരണമായ സമയത്ത് അസാധാരണമായ ഒരു ചുവടുവയ്പ്പാണ്” എന്ന് പറഞ്ഞു. അവശ്യ ഇറക്കുമതിക്കുള്ള വിദേശനാണ്യത്തിലെ കുറവാണ് ശ്രീലങ്ക ഇപ്പോൾ നേരിടുന്ന പ്രധാന പ്രതിസന്ധി.

അതേസമയം, ശ്രീലങ്കയിലെ സർക്കാർ ഓഫീസുകളും സ്കൂളുകളും രണ്ടാഴ്ചത്തേക്ക് അടച്ചിടാൻ പൊതുഭരണ മന്ത്രാലയം ഉത്തരവിട്ടു. 1948 ൽ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. ഭക്ഷണം, മരുന്ന്, ഇന്ധനം തുടങ്ങിയ അവശ്യവസ്തുക്കളുടെ ഇറക്കുമതിക്ക് പണം നൽകാൻ കഴിഞ്ഞ വർഷം അവസാനം മുതൽ സർക്കാരിന് കഴിഞ്ഞിട്ടില്ല.