ഫിഫ അനുമതിയില്ലാതെ ലോകകപ്പ് ടിക്കറ്റ് മറിച്ചു വിറ്റാൽ പിഴ ഉണ്ടാകും
ദോഹ: ഫിഫയുടെ അനുമതിയില്ലാതെ ലോകകപ്പ് ടിക്കറ്റ് വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താൽ 250000 റിയാൽ പിഴ അടയ്ക്കേണ്ടിവരും.
ലോകകപ്പിന്റെ ആതിഥേയരെന്ന നിലയിൽ ഖത്തർ സ്വീകരിച്ച നിയമ നടപടികൾ അനുസരിച്ചാണിത്. 2021 ലെ നിയമം 10 പ്രകാരം ഫിഫയുടെ അനുമതിയില്ലാതെ മാച്ച് ടിക്കറ്റ് ഇഷ്യൂ ചെയ്യുകയോ വിൽക്കുകയോ പുനർവിൽപ്പന നടത്തുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താൽ 250000 റിയാൽ പിഴയടയ്ക്കേണ്ടി വരുമെന്ന് ഖത്തർ നീതിന്യായ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഫിഫയുടെ ഔദ്യോഗിക നിയമമനുസരിച്ച്, അനുമതിയില്ലാതെ ടിക്കറ്റുകൾ നൽകാനോ വിൽക്കാനോ ലേലം ചെയ്യാനോ സമ്മാനം നൽകാനോ കൈമാറ്റം ചെയ്യാനോ കഴിയില്ല. വാണിജ്യപരമായ ഉദ്ദേശ്യം, പരസ്യം, പ്രൊമോഷൻ, ബെനിഫിറ്റ് പ്രോഗ്രാമുകൾ, മത്സരങ്ങൾ, സമ്മാനങ്ങൾ, റാഫിൾസ്, ഹോട്ടൽ-പ്ലെയിൻ-ഹോസ്പിറ്റാലിറ്റി-ട്രാവൽ പാക്കേജുകളുടെ ഭാഗമായി നൽകുന്നതുൾപ്പെടെ ഏതെങ്കിലും സാഹചര്യങ്ങളിൽ ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യുന്നതിന് ഒരു മൂന്നാം കക്ഷിയെയും നിയോഗിക്കരുത്.