ബുംറ ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് പറയാറായിട്ടില്ല:രാഹുൽ ദ്രാവിഡ്
ബെംഗളൂരു: ജസ്പ്രീത് ബുംറ ടി20 ലോകകപ്പിൽ കളിക്കുമോ എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ. നേരത്തെ ബുംറ ടി20 ലോകകപ്പിന്‍റെ ഭാഗമാകില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് ഇത് നിഷേധിച്ചു. ബുംറയെ ലോകകപ്പിൽ നിന്ന് പൂർണമായും ഒഴിവാക്കിയെന്ന് പറയാറായിട്ടില്ലെന്നും ദ്രാവിഡ് പറഞ്ഞു. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ രണ്ട് ദിവസം കൂടി കാത്തിരിക്കണമെന്നും ദ്രാവിഡ് പറഞ്ഞു.
ഇപ്പോൾ ബുംറയുടെ പരിക്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) നടത്തിയ സ്കാനിംഗ് റിപ്പോർട്ടിൽ പറയുന്നത് 4-7 ആഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നാണ്.
സ്ട്രെസ് ഫ്രാക്ചര്‍ അല്ല, സ്ട്രെസ് റിയാക്ഷനാണ് ബുംറ നേരിടുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് മുതല്‍ ആറ് ആഴ്ച വരെയാണ് സ്ട്രെസ് റിയാക്ഷനില്‍ നിന്ന് പുറത്ത് കടക്കാന്‍ വേണ്ടി വരികയെന്നാണ് വിവരം.