Thursday, January 16, 2025
LATEST NEWSPOSITIVE STORIES

എഴുത്തും വായനയും അറിയില്ല; പക്ഷേ, മണി പടം പിടിക്കും

നിലമ്പൂർ: കൊടുംവനത്തിലെ ഫോട്ടോഗ്രാഫറാണ് പൂച്ചപ്പാറ മണി. ഫോട്ടോഗ്രാഫി പഠിച്ചിട്ടില്ല, എഴുതാനും വായിക്കാനും അറിയില്ല. എന്നാൽ, മൊബൈൽ ഫോൺ ക്യാമറ ഉപയോഗിക്കുന്നതിൽ അദ്ദേഹം മിടുക്കനാണ്. കാടിന്‍റെ ഭംഗിയും രൗദ്രതയും മൊബൈലിൽ പകർത്തി നഗരത്തിലെ സുഹൃത്തുക്കൾക്ക് അയയ്ക്കും. ഇടയ്ക്ക്, മണി നഗരത്തിൽ എത്തും. നഗര കാഴ്ചകൾ ക്യാമറയിൽ പകർത്തും. കാട്ടിലെത്തി സുഹൃത്തുക്കളെ കാണിക്കും.

കരുളായി ഉൾവനത്തിലെ പുരാതന ഗോത്രമായ ചോലനായ്ക്കർ സമുദായത്തിൽപ്പെട്ട മണി നാടിനെയും വനത്തെയും ബന്ധിപ്പിക്കുന്ന ഫോട്ടോഗ്രാഫറാണ്. ഏഷ്യൻ വൻകരയിൽ അവശേഷിക്കുന്ന ഏക ഗുഹാവാസികളെന്ന് നരവംശശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്ന ഒരു ഗോത്രമാണ് ചോലനായ്ക്കർ. കരുളായി സെറ്റിൽമെന്‍റിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള വിളക്കുമല ആലയിലാണ് 38 കാരനായ മണിയും ഭാര്യ മാതിയും അഞ്ച് മക്കളും താമസിക്കുന്നത്. ചെങ്കുത്തായ മലയിലെ അളയിൽ മുളയേണി ഉപയോഗിച്ചാണ് കയറുന്നത്.

മൊബൈൽ യുഗത്തിന്‍റെ ആരംഭത്തിൽ തന്നെ മണി ഒരു ഫോൺ സ്വന്തമാക്കിയിരുന്നു. ആൻഡ്രോയിഡ് ഫോൺ ലോഞ്ച് ചെയ്തപ്പോൾ അതും സ്വന്തമാക്കി. മുളങ്കുറ്റിയിൽ ബാറ്ററി ഇട്ട് വയർ ഘടിപ്പിച്ചാണ് ഫോൺ ചാർജ് ചെയ്യുന്നത്. കരുളായിയിലെത്തി റീചാർജ് ചെയ്യും. അദ്ദേഹവുമായി അടുപ്പമുള്ളവരുടെ ഫോൺ നമ്പറുകൾ മണിക്ക് കാണാപ്പാടമാണ്. മനസ്സിൽ പതിഞ്ഞ സംഖ്യകളുടെ രൂപം വെച്ചാണ് ഫോൺ കോളുകൾ നടത്തുന്നത്. വോയ്സ് മെസേജുകളും ഫോട്ടോകളും വാട്ട്സ്ആപ്പിൽ അയയ്ക്കും. വനത്തിൽ എവിടെയൊക്കെ നെറ്റ്‌വർക്ക് ലഭിക്കുമെന്ന് മണിക്ക് കൃത്യമായി അറിയാം. കാട്ടിൽ അലയുന്നതിനാൽ മണി ദിവസങ്ങളോളം പരിധിക്ക് പുറത്തായിരിക്കും. വാട്ട്സ്ആപ്പിൽ സന്ദേശവും ഫോട്ടോയും ലഭിച്ചാൽ, മണി പരിധിയിലുണ്ടെന്ന് ഉറപ്പിക്കാം.