Wednesday, January 22, 2025
HEALTHLATEST NEWS

മരങ്ങളിലെ ഹൈഡ്രോക്വിന് ബാക്ടീരിയകളെ കൊല്ലാനുള്ള ശേഷിയുണ്ടെന്ന് ഗവേഷകർ

ഹൈഡ്രോക്വിൻ എന്നറിയപ്പെടുന്ന പ്രകൃതിദത്ത രാസവസ്തുവിന് നിരവധി രോഗകാരികളായ ബാക്ടീരിയകളെ കൊല്ലാനുള്ള കഴിവുണ്ടെന്ന് ഗവേഷകർ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി. ആന്‍റിമൈക്രോബിയൽ പ്രതിരോധം ആഗോളതലത്തിൽ പൊതുജനാരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണികളിലൊന്നായി മാറിയിരിക്കുകയാണ്. ബാക്ടീരിയകൾ, വൈറസുകൾ, ഫംഗസുകൾ, പരാന്നഭോജികൾ എന്നിവയുടെ ഘടന കാലക്രമേണ മാറുന്നതും മരുന്നുകളോട് പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നതാണ് ഇതിന് കാരണം. ഇത് അണുബാധകളെ ചികിത്സിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതിനാൽ, അണുബാധകളെ നേരിടാൻ പുതിയ ആന്‍റിമൈക്രോബിയൽ മരുന്നുകൾ വികസിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയും വളരെ കൂടുതലാണ്.

തായ്ലൻഡിലെ പോർട്ട്സ്മൗത്ത് യൂണിവേഴ്സിറ്റി, നരേസുവാൻ, പിബുൾസോങ്ക്രം രാജഭട്ട് യൂണിവേഴ്സിറ്റികളിലെ ശാസ്ത്രജ്ഞർ ട്രോപ്പിക്കൽ മെഡിസിൻ ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം, ചില മരങ്ങളുടെ പുറംതൊലിയിൽ കാണപ്പെടുന്ന ഹൈഡ്രോക്വിൻ ഏതെങ്കിലും ബാക്ടീരിയ സ്ട്രെയിനുകളെ തടയാൻ കഴിയുമോ എന്ന് പരിശോധിച്ചു. ഹൈഡ്രോക്വിൻ ഇതിനകം തന്നെ മനുഷ്യരിൽ മലേറിയയ്ക്കെതിരായ ഫലപ്രദമായ ഏജന്‍റായാണ് അറിയപ്പെടുന്നത്. പക്ഷേ ഇതുവരെ അതിന്‍റെ മരുന്ന്-പ്രതിരോധ ഗുണങ്ങളെ കുറിച്ച് വളരെ കുറച്ച് അന്വേഷണം മാത്രമേ നടന്നിട്ടുള്ളൂ. ഓർഗാനിക് സംയുക്തത്തിന്‍റെ ആന്‍റിമൈക്രോബിയൽ ഗുണങ്ങൾ ഭാവിയിലെ ക്ലിനിക്കൽ അന്വേഷണത്തിനുള്ള സാധ്യതകൾ വർധിപ്പിക്കുമെന്നാണ് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.