Thursday, March 13, 2025
GULFLATEST NEWS

യുഎഇയിലെ ഹിന്ദുക്ഷേത്രം; ആദ്യ തൂണ്‍ സ്ഥാപിച്ചു

അബുദാബി: അക്ഷര്‍ധാം മാതൃകയിൽ അബുദാബിയിലെ ക്ഷേത്രത്തിൽ (ബാപ്‌സ് ഹിന്ദു മന്ദിർ) ആദ്യത്തെ മാർബിൾ തൂണ്‍ ഉയർന്നു. കൊത്തുപണികളുള്ള ആദ്യത്തെ മാർബിൾ തൂണാണ് സ്ഥാപിച്ചത്. യു.എ.ഇ. വിദേശകാര്യ, വ്യാപാര സഹമന്ത്രി ഡോ.താനി ബിൻ അഹ്മദ് അൽ സയൂദി, സാമൂഹിക വികസന വകുപ്പ് ചെയർമാൻ ഡോ.മുഗീർ ഖാമിസ് അൽ ഖൈലി, ആഭ്യന്തര മന്ത്രാലയത്തിലെ വിദ്യാഭ്യാസ പരിശീലന വികസന വകുപ്പ് ഡയറക്ടർ ജനറൽ തിയാബ് അൽ കമാലി, ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, സ്വാമി ഈശ്വര്‍ചരണ്‍, സ്വാമി ബ്രഹ്മവിഹാരി ദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ആയിരക്കണക്കിന് ഭക്തരാണ് ചടങ്ങിൽ പങ്കെടുത്തത്. യു.എ.ഇ.യിലെ ആദ്യത്തെ പരമ്പരാഗത ഹൈന്ദവ ക്ഷേത്രത്തിന്‍റെ നിർമ്മാണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്, 2023ഓടെ ഇത് പൂർത്തിയാകും. ബോച്ചസന്‍ നിവാസിയായ അക്ഷര പുരുഷോത്തം സ്വാമിനാരായൺ സന്‍സ്തയുടെ പേരിൽ 450 കോടി ദിർഹം (ഏകദേശം 888 കോടി രൂപ) ചെലവഴിച്ചാണ് അബുദാബിയിൽ ക്ഷേത്രം നിർമ്മിക്കുന്നത്.

അബുദാബിയിലെ അബു മുറൈഖയിൽ 27 ഏക്കർ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഫൗണ്ടേഷന്‍ നിർമ്മാണത്തിന്‍റെ അവസാന ഘട്ടത്തിലാണ് അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിര്‍ പ്രോജക്ട് എന്‍ജിനീയര്‍ അശോക് കൊണ്ടേട്ടി അറിയിച്ചിരുന്നു. തറയില്‍ നിന്ന് 4.5 മീറ്റര്‍ ഉയരത്തിലാണ് ഫൗണ്ടേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്.