Monday, December 23, 2024
GULFLATEST NEWS

യു.എ.ഇയിൽ കനത്ത മഴ: മരിച്ച രണ്ട് പേരെ കുറിച്ച് വിവരമില്ല, മഴ തുടരും

ദുബായ്: വടക്കൻ എമിറേറ്റിൽ മഴക്കെടുതിയിൽ മരിച്ച ഏഴ് ഏഷ്യക്കാരിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർ പാകിസ്ഥാൻ പൗരൻമാരാണെന്ന് സ്ഥിരീകരിച്ചു. ഫുജൈറയിലും ഷാർജയിലും രണ്ട് പേർ വീതവും റാസ് അൽ ഖൈമയിൽ ഒരാളുമാണ് മരിച്ചത്. മറ്റ് രണ്ട് പേരുടെയും വിശദാംശങ്ങൾ അറിവായിട്ടില്ല.

ഫുജൈറ, റാസ് അൽ ഖൈമ, ഷാർജ എന്നീ എമിറേറ്റുകളിൽ സൈന്യത്തിന്റ നേതൃത്വത്തിലുള്ള ശുചീകരണ പ്രവർത്തനങ്ങൾ രാവും പകലും പുരോഗമിക്കുകയാണ്. വാഹനങ്ങൾ കണ്ടെത്തി ഉടമകൾക്ക് കൈമാറുന്ന പ്രക്രിയ തുടരുകയാണ്. റോഡരികിൽ തകർന്ന വാഹനങ്ങൾ പൂർണമായും മാറ്റിയിട്ടില്ല. പൊട്ടിയ പൈപ്പുകളും വൈദ്യുതി ലൈനുകളും മാറ്റിസ്ഥാപിച്ചു.

താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം ഏകദേശം കുറഞ്ഞു, പക്ഷേ അതിൽ ചെളി നിറഞ്ഞിരിക്കുന്നു. റോഡുകളിലെയും പാർക്കിംഗ് സ്ഥലങ്ങളിലെയും ശുചീകരണ പ്രവർത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. നാശനഷ്ടങ്ങൾ വിലയിരുത്താൻ രൂപീകരിച്ച പ്രത്യേക സമിതി റാസ് അൽ ഖൈമയിലെയും ഫുജൈറയിലെയും വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. വാദി, മലയോര പ്രദേശങ്ങൾ, ഗ്രാമങ്ങൾ എന്നിവിടങ്ങളിലെ താമസക്കാരുടെ നഷ്ടം സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കും.