Wednesday, January 14, 2026
GULFLATEST NEWS

കനത്ത മഴ ; സൗദിയിൽ മിന്നലേറ്റ് ഒരു കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. രണ്ട് വ്യത്യസ്ത സന്ദർഭങ്ങളിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. തെക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിലെ സബ്യ നഗരത്തിലാണ് ഇടിമിന്നലേറ്റ് യുവാവ് മരിച്ചത്. വീട്ടുകാർ നോക്കിനിൽക്കെയാണ് യുവാവ് മരിച്ചത്.

ആടുകളെ മേയിക്കാൻ യുവാവ് വീട്ടിൽ നിന്ന് പുറത്തേക്ക് പോയിരുന്നു. കനത്ത മഴയെ തുടർന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അദ്ദേഹത്തിന് ഇടിമിന്നലേറ്റു. അദ്ദേഹത്തെ രക്ഷിക്കാൻ കുടുംബം നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സമാന രീതിയിൽ ഇതേ നഗരത്തിൽ നിന്നുള്ള ഒരു കുട്ടിയും ഇടിമിന്നലേറ്റ് മരിച്ചു.

ഈ മാസമാദ്യം സൗദി പെൺകുട്ടിക്കും സഹോദരിക്കും ഇടിമിന്നലേറ്റിരുന്നു. ഇതിൽ പെൺകുട്ടി മരിക്കുകയും സഹോദരിക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൗദി അറേബ്യയിൽ കനത്ത മഴയാണ് ലഭിക്കുന്നത്. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ സൗദി സിവിൽ ഡിഫൻസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.