അതിഥിതൊഴിലാളിയ്ക്ക് കൈത്താങ്ങായി കേരള സർക്കാർ; ലക്ഷങ്ങളുടെ ശസ്ത്രക്രിയ സൗജന്യം
മഹാധമനി തകർന്ന അതിഥിതൊഴിലാളിയ്ക്ക് കൈത്താങ്ങായി സംസ്ഥാന ആരോഗ്യ വകുപ്പ്. സാമ്പത്തികമായി പിന്നോക്കമായ ബീഹാർ സ്വദേശി മനോജ് ഷായെയാണ് (42) കോട്ടയം മെഡിക്കൽ കോളേജിൽ സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
സ്വകാര്യ ആശുപത്രികളിൽ 25 ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ സൗജന്യമായാണ് നടത്തിയത്. കരൾ, ആമാശയം, വൃക്ക, സുഷുമ്നാ നാഡി തുടങ്ങിയ സുപ്രധാന അവയവങ്ങളിലേക്ക് രക്തം എത്തിക്കാനും നെഞ്ചിലും ഉദരത്തിലും മഹാധമനി മാറ്റിവയ്ക്കാനുമാണ് ശസ്ത്രക്രിയ നടത്തിയത്. സങ്കീർണമായ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും ശേഷമാണ് മനോജ് ഷായെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
സങ്കീർണമായ ശസ്ത്രക്രിയ വിജയകരമാക്കുന്നതിനുള്ള ചികിത്സാ പദ്ധതി ഏകോപിപ്പിച്ച കോട്ടയം മെഡിക്കൽ കോളേജിലെ ടീം അംഗങ്ങളെയും സംസ്ഥാന ആരോഗ്യ ഏജൻസി അംഗങ്ങളെയും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിനെ മന്ത്രി ഫോണിലൂടെ അഭിനന്ദിച്ചു. ഹൃദയശസ്ത്രക്രിയയും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയകരമായി നടത്തിയ കോട്ടയം മെഡിക്കൽ കോളേജ് അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു.