ഭരണസമിതിയിൽ പകുതി മുൻതാരങ്ങൾ; എതിർപ്പുമായി ഫിഫ
ന്യൂഡൽഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍റെ (എഐഎഫ്എഫ്) ഗവേണിംഗ് കൗൺസിലിൽ മുൻ അന്താരാഷ്ട്ര, ദേശീയ കളിക്കാരുടെ 50 ശതമാനം പ്രാതിനിധ്യം ഉറപ്പാക്കാനുള്ള കരട് ഭരണഘടനയിലെ നിർദ്ദേശത്തെ ഫിഫ എതിർത്തു. നിലവിലെ ഭരണസമിതിയുടെ പ്രകടനത്തെ വിലകുറച്ച് കാണുന്നത് ശരിയല്ലെന്നും കളിക്കാർക്ക് 25 ശതമാനം പ്രാതിനിധ്യം മതിയെന്നും ഫിഫ-എഎഫ്സി നേതൃത്വം പ്രതികരിച്ചു.
കോടതി നിയോഗിച്ച പ്രത്യേക ഭരണസമിതി തയ്യാറാക്കിയ കരട് ഫിഫയുടെ പരിഗണനയ്ക്ക് അയച്ചു. അതിലാണ് ഫിഫയുടെ മറുപടി. എ.ഐ.എഫ്.എഫ് അംഗങ്ങളായ സംസ്ഥാന അസോസിയേഷനുകൾക്ക് രണ്ട് പ്രതിനിധികളെ ദേശീയ കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്യാമെന്നാണ് ശുപാർശ. അവരിൽ ഒരാൾ ഒരു ഫുട്ബോൾ കളിക്കാരനായിരിക്കും, രണ്ട് അംഗങ്ങൾക്കും വോട്ടവകാശം ഉണ്ടായിരിക്കും.
35 സംസ്ഥാന അസോസിയേഷനുകളുണ്ട്. ഇതനുസരിച്ച് 35 കളിക്കാർ ഭരണസമിതിയിൽ അംഗങ്ങളാകും. ഇതിനെയാണ് ഫിഫ എതിർത്തത്. ‘താരങ്ങളുടെ ശബ്ദം ഉയർന്നു നിൽക്കണമെന്നതു ശരിയാണ്. എന്നാൽ നിലവിലെ ഭരണസമിതിയുടെ മികവ് പരിഗണിക്കാതിരിക്കുന്നതും ഉചിതമല്ല’ ഫിഫ–എഎഫ്‌സി സമിതി വ്യക്തമാക്കി.