Thursday, December 26, 2024
LATEST NEWS

5000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ഗോള്‍ഡി സോളാര്‍

കൊച്ചി: പ്രമുഖ സൗരോർജ ഉപകരണ നിർമ്മാതാക്കളായ ഗോൾഡി സോളാർ 5,000 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങുന്നു. 2025 ഓടെ കമ്പനിയെ രാജ്യത്തിന്‍റെ മുന്‍നിരയിലെത്തിക്കുകയാണ് ലക്ഷ്യം. സാങ്കേതികവിദ്യ അധിഷ്ഠിത ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വളരെ പ്രവർത്തനക്ഷമവും കൂടുതൽ പരിസ്ഥിതി സൗഹൃദവുമായ ഹെറ്ററോജംഗ്ഷൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ‘ഹെലോക് പ്ലസ്’ സോളാർ പാനലുകളും കമ്പനി പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. ഗുജറാത്തിൽ ആരംഭിച്ച സെൽ നിർമ്മാണ യൂണിറ്റിന്‍റെ ഉത്പാദനം ഉടൻ ആരംഭിക്കും. ഈ യൂണിറ്റിന്‍റെ ശേഷിയും വർദ്ധിപ്പിക്കും.

ഫോസിൽ ഇന്ധനങ്ങൾക്ക് പകരം പുനരുപയോഗിക്കാവുന്ന ഊർജ്ജം ഉത്പാദിപ്പിക്കുക എന്നതാണ് തങ്ങളുടെ മുൻഗണനയെന്ന് ഗോൾഡി സോളാർ മാനേജിംഗ് ഡയറക്ടർ ക്യാപ്റ്റൻ ഈശ്വർ ധോലാകിയ പറഞ്ഞു. പുതിയ ആരംഭിക്കാനിരിക്കുന്ന സോളാര്‍ മൊഡ്യൂള്‍ നിര്‍മാണ യൂണിറ്റില്‍ 4500 പേര്‍ക്ക് തൊഴിലവസരം നൽകും. ഇതിൽ 25 ശതമാനം ഗോത്രവര്‍ഗ മേഖലയില്‍ നിന്നുള്ളവർക്ക് നീക്കിവയ്ക്കും. പുതുതായി റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് നാഷണൽ സ്‌കില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ മൂന്നു മാസ തൊഴില്‍ പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.