Sunday, December 22, 2024
Novel

ഗെയിം ഓവർ – ഭാഗം 19

നോവൽ

******

Game over

എഴുത്തുകാരൻ: ANURAG GOPINATH

അക്ബര്‍ എല്ലാം സശ്രദ്ധം കേട്ടുകൊണ്ടിരുന്നു …
“തന്റെ എക്സിന് പേരില്ലേ?”
തങ്കച്ചന്‍ ചോദിച്ചു ..
ഉണ്ട്…പേരുണ്ട് ..ആളെ നിങ്ങള്‍ അറിയും..
“ആരാണത്!”
തങ്കച്ചന്‍ ചോദിച്ചു
“അത് അവരാണ് തങ്കച്ചാ… നമ്മുടെ ചെയ൪പഴ്സണ്‍ നമിത.
നമിത സുബ്രഹ്മണ്യം…
അല്ലേ ജെറി…”
അക്ബറാണ് മറുപടി പറഞ്ഞത് ..
ജെറി പകച്ച് അക്ബറിനെ ഒരുനോട്ടം നോക്കി ..
അക്ബര്‍ ചിരിച്ചുകൊണ്ട് വീണ്ടും ചോദിച്ചു ‘:
“അല്ലേ ജെറി.? ഞാന്‍ പറഞ്ഞയാളല്ലേ തന്റെ മകള്‍ അവന്തികയുടെ അമ്മ?”
ജെറിയുടെ മുഖം കുനിഞ്ഞു.
‘”താനിതാരെയാണ് ഭയക്കുന്നത്? നമിത ഒരു സാധാരണസ്ത്രീയാണ്.. അവള്‍ നിയമത്തിനതീതയല്ല. നിങ്ങളുടെ മൌനം എത്രകുട്ടികളുടെ ജീവനാണ് അപഹതിച്ചത് എന്നറിയുമോ? നിങ്ങള്‍ ഇത്രമാത്രം ഭയപ്പെടുവാ൯ മാത്രം എന്താണ് അവരുടെ പ്രത്യേകത?”
അക്ബ൪ ചോദ്യം ആവ൪ത്തിച്ചു.
ജെറി ഒന്നും പറഞ്ഞില്ല .
അസ്വസ്ഥതയോടെ മേശപ്പുറത്തിരുന്ന ഗ്ലോബ് അക്ബര്‍ കറക്കിക്കൊണ്ടിരുന്നു.
“ജെറീ നിങ്ങളുടെ ഈ സൈല൯സ് എന്നെ ഭ്രാന്ത്പിടിപ്പിക്കുന്നുണ്ട്…
നീ പറഞ്ഞു നിന്റെ മകളുമായി ഒതുങ്ങിക്കഴിയുകയാണ് നീയെന്ന്.
നിനക്കു നിന്റെ മകള്‍ എത്രമാത്രം പ്രിയപ്പെട്ടവളാണോ അത്രമാത്രം പ്രിയപ്പെട്ട മക്കളെയാണ് ഇവിടെ കുറച്ചുപേര്‍ക്കു് നഷ്ടമായത്.. ആ സ്നേഹ എന്ന പെണ്‍കുട്ടി അവസാനയാത്രയില്‍ എന്നെ നോക്കിയ ഒരു നോട്ടമുണ്ട്.. നിനക്കത് പറഞ്ഞാല്‍ മനസ്സിലാവില്ല .. കമോണ്‍ ജെറീ…”
അക്ബര്‍ അലറി.
തങ്കച്ചന്‍ ജെറിയുടെ ഷ൪ട്ടിന്റെ കോളറില്‍ പിടിമുറുക്കി..
“ഇവനെക്കൊണ്ട് ഞാന്‍ പറയിപ്പിക്കാം സാറെ..”
തങ്കച്ചന്‍ ജെറിയെ ഉയ൪ത്തി ഭിത്തിയോട് ചേ൪ത്തുനി൪ത്തി…
വലതുകൈ ചുരുട്ടി ഇടിക്കുവാ൯ ആഞ്ഞതും ജെറി കൈകൂപ്പിക്കൊണ്ട് പറഞ്ഞു.. “ഞാനെല്ലാം പറയാം സ൪…എന്നെ ഉപദ്രവിക്കരുത്. ഞാനല്ല ഇതൊന്നും ചെയ്തത്.. ഞാന്‍ ജയിലില്‍ പോയാലോ കൊല്ലപ്പെട്ടാലോ എന്റെ മകള്‍ സ്വാഭാവികമായും അവളുടെ അമ്മയുടെപക്കലെത്തും.. അതെന്റെ മകളുടെ നാശമായിരിക്കും..പ്ലീസ് സ൪…ഞാന്‍ പറയാം”
“തങ്കച്ചാ… ” അക്ബര്‍ വിളിച്ചു.
തങ്കച്ചന്‍ പിടി വിട്ടു… ജെറി ഭിത്തിയില്‍ നിന്നും അതേപടി ഊ൪ന്ന് താഴേക്കിരുന്നു ..
ഇരുകാലുകളുടെയും ഇടയില്‍ മുഖം പൂഴ്ത്തിയിരുന്ന് കരയുവാ൯ തുടങ്ങി ..
തങ്കച്ചന്‍ അയാളെ ഉയ൪ത്തുവാ൯ ശ്രമിച്ചു. അക്ബര്‍ വേണ്ട എന്ന് ആംഗ്യം കാണിച്ചു.
തങ്കച്ചന്‍ പിന്മാറി.
“സ൪ എനിക്കല്പം വെള്ളം വേണം” ജെറി മുഖമുയര്‍ത്തിക്കൊണ്ട് പറഞ്ഞു.
അക്ബര്‍ തങ്കച്ചനോട് കണ്ണുകള്‍കൊണ്ട് വെള്ളം കൊണ്ടുവന്നുകൊടുക്കുവാ൯ പറഞ്ഞു.
തങ്കച്ചന്‍ കൊണ്ടുവന്ന വെള്ളം അയാള്‍ ആ൪ത്തിയോടെ കുടിച്ചിറക്കി.
എന്നിട്ട് ഗ്ലാസ്സ് നിലത്തുവച്ചിട്ട് തെല്ലിട കിതച്ചു.
“എഴുന്നേല്ക്ക്” അക്ബര്‍ പറഞ്ഞു.
അയാള്‍ നിലത്തു കൈകുത്തി എണീറ്റു..
“ഇവിടെ വന്നിരിക്ക്. . ” അക്ബര്‍ കസേരചൂണ്ടിക്കാണിച്ചുകൊണ്ട് ജെറിയോട് പറഞ്ഞു.
ജെറി അനുസരിച്ചു .
“പറയ് ജെറീ എന്തിനാണ് നീ നിന്റെ മു൯ ഭാര്യയെ ഭയപ്പെടുന്നത്..?”.
അക്ബര്‍ തന്റെ ചോദ്യം ആവ൪ത്തിച്ചു .
പറയാം സ൪…. ഞാന്‍ പറയാം.. ജെറി പറഞ്ഞു.
അതിനുമു൯പ് നമിതയും ഞാനും തമ്മില്‍ വിവാഹം കഴിക്കുവാ൯ തീരുമാനമെടുത്തതിലേക്കുവരാം..
മുംബൈ ഞങ്ങള്‍ മൂന്നു പേരുടെയും സ്വപ്നങ്ങള്‍ക്കു ചിറകുകള്‍ നല്കി ..
എന്റെയും,നമിതയുടെയും,അമുദത്തിന്റെയും…
എന്റെ കുട്ടിക്കാലത്ത് തന്നെ അമ്മ നഷ്ടപ്പെട്ടുപോയതിനാലാവാം പപ്പ എന്നെ വേണ്ടതിലധികം ലാളിച്ചുതന്നെയാണ് വള൪ത്തിയത്.
കൊച്ചിയിലും മുംബൈയിലുമായി എക്സ്പോ൪ട്ടിംഗ് ബിസിനസ്സ് നടത്തിവന്ന പപ്പ ഒരുപാടു പണം സമ്പാദിച്ചുകൂട്ടി..ഒരിടത്തും തലകുനിക്കരുതെന്നാണ് പപ്പ എനിക്കു നല്കിയ ഏക ഉപദേശം ..
ഐസക് ജോണ്‍ … എന്റെ പപ്പ…
മ്യൂസിക് പഠിക്കാനുള്ള എന്റെ തീരുമാനം തീ൪ത്തും വ്യക്തിപരമായ ഒന്നായിരുന്നു.
ഞാന്‍ സംഗീതവും വിപ്ലവവും എന്റെ നാഡികളിലാവാഹിച്ചുകഴിഞ്ഞിരുന്നു.
ഓരോ കോശങ്ങളിലും അത് പട൪ന്നു.
മുംബൈയിലെ മറൈ൯ ഡ്രൈവിലും ജൂഹൂ ബീച്ചിലുമൊക്കെ ഞാനും നമിതയും അമുദവും അലഞ്ഞുനടന്നു.
ഞങ്ങളുടെ സായാഹ്നങ്ങള്‍ സംഭവബഹുലമായിരുന്നു..
രാത്രികളില്‍ ഖവാലിയും ഗസല്‍സും സിരകളില്‍ നിറഞ്ഞുതുളുമ്പി …
സപ്തക് ഫസ്റ്റിവലും,ഡോവ൪ ലാ൯ മ്യൂസിക് ഫസ്റ്റിവലും, എനിക്കൊപ്പം അവളും ആസ്വദിച്ചുതുടങ്ങി .
അവള്‍ക്കൊപ്പം അവളുടെ പ്രിയപ്പെട്ട എകസിബിഷനുകളില്‍ ഞാനും നിറസാന്നിദ്ധ്യമായി.
എല്ലാറ്റിനും കുടപിടിച്ചുകൊണ്ട് അമുദമൊഴി ഞങ്ങളുടെ സന്തതസഹചാരിണിയായി കൂടെയുണ്ടായിരുന്നു..
പതിയെ എപ്പോഴോ നമിതയുടെ മനസ്സില്‍ ഞാനും എന്റെ മനസ്സില്‍ നമിതയും ഇടംപിടിച്ചു.
ഒരുമിച്ചു ജീവിക്കുവാന്‍ താലിച്ചരടിന്റെ കെട്ടുപാടുകളില്ലാതെ ഞങ്ങള്‍ തീരുമാനിച്ചു.
പാശ്ചാത്യരുടെ സംസ്കാരം കടംകൊണ്ടുകൊണ്ട് ലിവിംഗ് ടുഗദറായി ജീവിക്കുവാന്‍ ഞാനും നമിതയും തീരുമാനമെടുത്തു.
ഒടുവില്‍ ഒരു ഞായറാഴ്ച ആ൪ഭാടങ്ങളൊട്ടുമില്ലാതെ എന്റെ പപ്പയറിയാതെ ഞാന്‍ നമിതയെ എന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

ആ ജീവിതയാത്ര പ്രതീക്ഷിച്ചതുപോലെ അത്ര സുഗമമായ ഒന്നായിരുന്നില്ല.
കാരണം എന്റെ പപ്പ ഞാ൯ മനസ്സില്‍ വിചാരിച്ചതിനേക്കാളേറെ ഒരു ബുദ്ധിരാക്ഷസനായിരുന്നു.
എന്നെ വിളിച്ചു പപ്പ ഈ ബന്ധം തുടരരുത് എന്ന് മാന്യമായി പറഞ്ഞു.
ഞാന്‍ വഴങ്ങുന്നില്ല എന്നുകണ്ട് ഭീഷണിപ്പെടുത്തി. ഫ്ലാറ്റൊഴിയുവാ൯ പറഞ്ഞു.
പപ്പയ്ക്കെന്തോ ഈ ബന്ധം തീരെ ഇഷ്ടമല്ലായിരുന്നെന്ന് എനിക്കു മനസ്സിലായി.
നമിത പാലക്കാട്ടുകാരിയാണെന്നും അവളുടെ പേരന്റ്സ് തമിഴ് വംശജരായ ബ്രാഹ്മണന്മാരാണെന്നും പറഞ്ഞിട്ടുണ്ടെന്നല്ലാതെ അവരെയാരെയും ഞാന്‍ കണ്ടിട്ടില്ല. ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല.
പ്രണയം തലക്കുപിടിച്ചാലെന്ത് ഫോട്ടോ ..എന്ത് അന്വേഷണം .. അല്ലേ സ൪..?”
ജെറി അക്ബറിനെ നോക്കി പറഞ്ഞു .
അക്ബര്‍ പറഞ്ഞു ..: “ബാക്കി പറയ്..”
എഞ്ചിനീയറിംഗ് കഴിഞ്ഞ് നമിത അപ്പോഴേക്കും ഒരു ഐടി കമ്പനിയില്‍ ക്യാംപസ് സെലക്ഷന്‍ വഴി ജോലിനേടിയിരുന്നു.. ഞാന്‍ സംഗീതത്തില്‍ എന്റെ പോസ്റ്റ്ഗ്രാജുവേഷ൯ പഠനം തുട൪ന്നു.
എന്റെ പഠനം പൂ൪ത്തിയായി ..അതിനിടയില്‍ നമിത ഗ൪ഭിണിയായി.. രാവും പകലും മാറി മാറിയുള്ള ഷിഫ്റ്റുകളാവാം അവള്‍ വല്ലാതെ ക്ഷീണിതയായി കാണപ്പെട്ടു.
ആയിടക്ക് നമിത എന്നും ചില ഗുളികകള്‍ കഴിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു.
വൈറ്റമി൯ ഗുളികയാണെന്ന് എന്നോട് ആദ്യമേ പറഞ്ഞതിനാലാവണം ഞാന്‍ ശ്രദ്ധിക്കാതിരുനത് അതുകൊണ്ടാണ്..
അവളൊരു ചെറിയ ബോക്സിനുള്ളില്‍ ആണ് ആ ഗുളികകള്‍ സൂക്ഷിച്ചു വച്ചിരുന്നത്.
ഒരിക്കല്‍ അവളെന്നോട് ചോദിച്ചതാണ് “ജെറി നമ്മള്‍ക്ക് ഈ കുഞ്ഞിനെ വേണോ എന്ന്…”
വേസ്റ്റ് ബോക്സിനുള്ളില്‍ നിന്നും എനിക്ക് ഒരു പ്രിസ്ക്രിപ്ഷ൯ കിട്ടി. കൌതുകം കൊണ്ടാവാം അതില്‍ പറഞ്ഞ മരുന്നിനെപ്പറ്റി ഗൂഗിളില്‍ഞാ൯ നോക്കിയത്..
പക്ഷേ നോക്കിത്തുടങ്ങിയപ്പോഴാണ് ഞാന്‍ ഒരു ഞെട്ടിക്കുന്ന രഹസ്യം മനസ്സിലാക്കിയത്..
എന്റെ ഭാര്യ.. എന്റെ കുഞ്ഞിന്റെ അമ്മയാകുവാ൯ പോകുന്നവള്‍ ഒരു മാരകമായ മാനസികപ്രശ്നത്തിന്റെ ഉടമയാണെന്ന്…!”
ജെറി പറഞ്ഞു
“ഏലിയ൯ ഹാന്റ് സി൯ഡ്രം….. അല്ലേ ജെറി?…”
അക്ബര്‍ പെട്ടന്നു ചോദിച്ചു.
ജെറി പകച്ച് കണ്ണുകള്‍ തുറിപ്പിച്ചുകൊണ്ട് അക്ബറിനെ നോക്കി.
“സാറിതെങ്ങനെ?…”
“…. അറിഞ്ഞു എന്നല്ലേ ???”
അക്ബര്‍ ചോദിച്ചു.
“അതെ.?!!.”
ജെറി അദ്ഭുതത്തോടെ ചോദിച്ചു.
ഈ ഗെയിം തുടങ്ങിവച്ചതൊരു ജേ൪ണലിസ്റ്റല്ലേ ജെറി… അയാള്‍ വെറുമൊരു പത്രക്കാരനല്ല.
ഇന്ത്യയിലെ മികച്ച പത്ത് ഇ൯വസ്റ്റിഗേറ്റീവ് ജേ൪ണലിസ്റ്റുമാരിലൊരാളാണ്..
സേതുനാഥ്..
തന്നെ ഒന്നുഫോളോ ചെയ്യാന്‍ പറഞ്ഞതേയുള്ളു.. തന്റെ സകല ചരിത്രവും ഭൂമിശാസ്ത്രവും അയാള്‍ എനിക്കു തന്നു..
പക്ഷേ താ൯ തന്റെ കഥ പറയ്…ഇതു തന്റെ മൊഴിയാണ് ജെറി.. ഈ ഗെയിം ഓവറാക്കണ്ടേ നമ്മള്‍ക്ക്?…” അക്ബര്‍ പറഞ്ഞു.
“സ൪.. ഞാ൯ പറയാം…. ഞാന്‍ എന്റെ പരിചയത്തിലുള്ള ഒരു ഡോക്ടറൊട് ഈ രോഗത്തെപ്പററി സംസാരിച്ചു. എന്താണിതെന്ന് വാസ്തവത്തില്‍ എനിക്കറിയില്ലായിരുന്നു ..”
ജെറി പറഞ്ഞു.

“അപൂർവമായൊരു ന്യൂറോളജിക്കൽ പ്രോബ്ളമാണ് ആണ് ഏലിയൻ ഹാൻഡ് സിൻഡ്രോം എന്നറിയപ്പെടുന്ന ഡോക്ടര്‍ സ്ട്രെയിഞ്ച് ലൌ സി൯ഡ്രം.
പ്രവർത്തനങ്ങളിൽ ബോധപൂർവമായ നിയന്ത്രണമില്ലാതെ, ഒരു വ്യക്തിക്ക് അയാളുടെ അവയവങ്ങൾ അയാളുടെ അനുവാദമില്ലാതെ സ്വന്തമായി പ്രവർത്തിക്കുന്ന അനുഭവമാണത്. ഈ വിഭാഗത്തിൽ പെടുന്ന പലതരം ക്ലിനിക്കൽ അവസ്ഥകളുണ്ട്, ഇത് ഇടത് കൈയെ സാധാരണയായി ബാധിക്കുന്ന പ്രശ്നമാണ്..
ഇടതുകൈ ഒരിക്കലും തലച്ചോറിന്റെ ശരിയായ നി൪ദ്ദേശം അനുസരിക്കില്ല…അല്ലേ ജെറി…,”
അക്ബര്‍ ചോദിച്ചു ..
താ൯ നമിതയുടെ മുന്നില്‍ വച്ചുദേഷ്യപ്പെട്ടസമയം ഇടതുകൈകൊണ്ട് പേപ്പര്‍ വെയ്റ്റ് എറിഞ്ഞുടച്ചതാണ് അക്ബറിന്റെ കണ്ണുകളുടെ മുന്നിലപ്പോള്‍ തെളിഞ്ഞത്.
“കൌമാരപ്രായത്തിലുണ്ടായ ഒരു അപകടം .. ആ അപകടംകൊണ്ട് തലയ്ക്കേറ്റ ക്ഷതം കോർട്ടക്സിലായിരുന്നു. അതിനാലാവണം ഇടതുഭാഗം തലച്ചോറടക്കം സ്വയമേവയുള്ള ചലനങ്ങൾക്ക് കാരണമാവുകയും ചെയ്തത്…”
ജെറി പറഞ്ഞു ..
പ്രസവശേഷം ചിലപ്പോള്‍ അതുമാറുമെന്ന്
ഡോക്ടര്‍ എന്നെ ഉപദേശിച്ചു.
അങ്ങനെ ഞാനാ വിഷയം വിട്ടു..
ഏതാനും മാസങ്ങള്‍ കഴിഞ്ഞു ഞങ്ങള്‍ക്ക് അവന്തിക ജനിച്ചു … എന്നാല്‍ പ്രസവം കഴിഞ്ഞു വീട്ടിലെത്തിയ നമിത മറ്റൊരാളായിരുന്നു.. എല്ലാത്തിനോടും ദേഷ്യം..
എന്നോടും കുഞ്ഞിനോടും…എല്ലാം.
പഴയ രോഗം വീണ്ടും തലപൊക്കുന്നയായി തോന്നി എനിക്ക്.. എന്നിലെ ഭയമുണ൪ന്നു.
അവളുടെ അടുത്ത് എന്റെ മകളെ കിടത്തിയുറക്കാ൯ എനിക്കു ഭയമായി തുടങ്ങി സ൪..
പക്ഷേ , ഒരു രാത്രിയില്‍ തലയിണകൊണ്ട് ശ്വാസംമുട്ടിച്ച് എന്നെ കൊല്ലാ൯ തുനിഞ്ഞ അവളില്‍ നിന്നും കഷ്ടിച്ചാണ് ഞാന്‍ രക്ഷപ്പെട്ടത്.
വല്ലാത്തൊരു കരുത്തായിരുന്നു ആ സമയത്ത് നമിതയ്ക്ക്.. ”
ജെറി പൊട്ടിക്കരഞ്ഞു.
“ശേഷം കുഞ്ഞിനെയുംകൊണ്ട് പലായനം ചെയ്തു ..അല്ലേ?. ”
അതെ ..പപ്പയുടെ അരികിലേക്ക് .
മകളെ കണ്ടതോടെ പപ്പ എല്ലാം മറന്നു..
എന്നെ സ്വീകരിച്ചു.
വിവാഹമോചനത്തിനായി കോടതിയില്‍ വച്ചുകണ്ടപ്പോള്‍ എന്നെ അവള്‍ക്ക് യാതൊരു മു൯പരിചയം പോലുമില്ലാത്തതുപോലെയായിരുന്നു അവളുടെ പെരുമാററം.
എന്റെ പപ്പ സമ്പാദിച്ച സ്വത്തിന്‍റെ ഒരുഭാഗവും സ്വന്തമാക്കിയാണ് അവള്‍ ഒടുവില്‍ ബന്ധംപിരിഞ്ഞത്. ചോദിച്ചതൊക്കെ കൊടുത്തു. എനിക്ക് എന്റെ മകളെ വേണമായിരുന്നു സ൪.. പിന്നെ അവളെ നോക്കി വള൪ത്തുവാ൯ എന്റെ ജീവിതവും.
എന്റെ പപ്പയാണ് അന്ന് എന്നോട് പറഞ്ഞത് നാട്ടില്‍ സെറ്റിലാവാ൯.മുംബൈ സുരക്ഷിതമല്ലെന്ന്.
അങ്ങിനെ ഞാന്‍ കൊച്ചിയിലെത്തി..
എന്റെ മകളുമായി ജീവിതം തുടങ്ങി…
ഒരു ഫ്ലാറ്റ് തിരഞ്ഞെടുത്തതും ഒറ്റക്ക് ഒരു വീട്ടില്‍ ജീവിക്കുവാ൯ ഭയമായിട്ടാണ്.
പക്ഷേ അവള്‍ … അവള്‍ എന്നെ പി൯തുട൪ന്നുകൊണ്ട് ഇവിടെയും എത്തി.
ഏലിയ൯ ഹാന്റ് സി൯ഡ്രത്തിന്റെ പശ്ചാത്തലത്തില്‍ കുഞ്ഞിനെ എന്നെയേല്പിച്ചത് കോടതിയാണ്… പക്ഷേ അവള്‍ എന്നോട് കുഞ്ഞിനെ ആവശ്യപ്പെട്ടു.. ഞാന്‍ മനസ്സോടെ കൊടുക്കില്ല എന്നു മനസ്സിലാക്കിയതുകൊണ്ടാവണം അവള്‍ മറ്റുവഴികള്‍ തേടിയത്..
പപ്പായുടെ ബിസിനസ്സുകളില്‍ പങ്കാളിയായിരുന്ന അലോഷിയാണ് ഇവിടെ എനിക്കുവേണ്ട സഹായങ്ങള്‍ ചെയ്തുതന്നിരുന്നത്.
പക്ഷേ അയാളുടെ ഏകപ്രതീക്ഷയായിരുന്ന ചെറുമകനെ അവള്‍ കുടുക്കി. അതിനിടെ എന്റെ പപ്പയെ എനിക്ക് നഷ്ടമായി..എനിക്കു പ്രതീക്ഷകള്‍ എല്ലാം നശിച്ചു സ൪.. അവളെന്നോടുള്ള പ്രതികാരം വിട്ട് ഭ്രാന്തമായ മറ്റൊരു ഘട്ടത്തിലേക്ക് കടന്നു… കൊലപാതകങ്ങള്‍ പരമ്പരയായി…പക്ഷേ ഞാന്‍ ആരോടും പരാതിപ്പെട്ടില്ല. എന്റെ മൌനംകൊണ്ടാണ് ഞാന്‍ ഇത്രകാലം ജീവിച്ചിരുന്നത്. എനിക്കെന്റെ മകളെ ഡുരക്ഷിതമായ എവിടെയെങ്കിലും എത്തിക്കണം.. അഞ്ചുവയസ്സേയുള്ളു.. അവള്‍ക്ക്.. എല്ലാം മനസ്സിലാക്കാനുള്ള ബുദ്ധി അവള്‍ക്കിന്നുണ്ട്.
ഞാന്‍ എന്റെ മരണം കാത്തിരിക്കുകയാണ്.. നമിത എന്റെ ജീവിതമാണ് ഒരു ഗെയിമാക്കി മാറ്റിയിരിക്കുന്നത്.
ഓരോ ലെവലും കളിച്ച് അവളെത്തുന്നത് അവിടേക്ക് തന്നെയാണ്.. എന്റെ ജീവിതം ഡാ൪ക്ക് വെബ്ബിലെ ഏതെങ്കിലും ഒരു വാടകക്കൊലയാളിയുടെ കൈകളില്‍ അവളേല്പിച്ചുകഴിഞ്ഞിട്ടുണ്ടാവാം..അല്ലേ സ൪…”
ജെറി നിസ്സംഗതയോടെ ചിരിച്ചു …
അക്ബര്‍ അല്പസമയം മിണ്ടാതെ എല്ലാം കേട്ടിരുന്നു.
“അപ്പോള്‍ അമുദമൊഴി?”
അക്ബര്‍ ചോദിച്ചു.
“അവള്‍ ഡ്രഗ്സിന് അഡിക്ടാണ് സ൪.. നമിതയുടെ ഹൈപ്പോത്തലാമസ് നല്കുന്ന നി൪ദ്ദേശങ്ങളെ ശിരസാവഹിക്കുന്ന ഒരു പാവ…”
ജെറി പറഞ്ഞു.

“ഇത്രമാത്രം കുറ്റങ്ങളില്‍ പങ്കാളികളായ ഇവരെ ശിക്ഷിക്കാതിരിക്കുവാ൯ നമ്മുടെ നിയമങ്ങളില്‍ ചിലപഴുതുകളുണ്ട് ..ജെറി.. “അക്ബര്‍ പറഞ്ഞു.
“അതെന്താണ് സ൪..?”
ജെറി ചോദിച്ചു.
“അതോ?… GAMING IS NOT A CRIME”അതുതന്നെയാണ് ആ ലൂപ്പ് ഹോള്‍ .
അക്ബര്‍ വോയ്സ് റിക്കോ൪ഡ൪ ഓഫാക്കിക്കൊണ്ട് പറഞ്ഞു.
നമിതയും അമുദമൊഴിയും
ഈ ഗെയിമിന്റെ അവസാനഘട്ടത്തില്‍ ഇരുപത്തിനാലു മണിക്കൂര്‍ ഇടവേളകളില്‍ ഓരോ കുട്ടികളെ വീതം ആത്മഹത്യചെയ്യിച്ചത് ഇതൊരു ടൈം ലൂപ്പാണെന്ന് തെറ്റിധരിപ്പിക്കുവാനായിരുന്നു.
അതില്‍ ഏറെക്കുറെ അവ൪ വിജയംവരിക്കുകയും ചെയ്തു.
ആദ്യഘട്ടത്തില്‍ അലോഷിയെ സംശയത്തിന്‍റെ നിഴലിലാക്കിയെങ്കിലും പിന്നെ ഞാനതുവിട്ടു.. പക്ഷേ കമ്മീഷണറിന്റെ മകന്റെ കാര്യത്തില്‍ അവരുടെ കണക്കുകൂട്ടല്‍ തെറ്റിപ്പോയി. കിരണ്‍ അകപ്പെടുംമു൯പ് എന്റെ കയ്യില്‍ അവരുടെ സെമിനാറിന്റെ ലിസ്റ്റ് കിട്ടിയിരുന്നു.
സ്കൂളില്‍ ചെന്നപ്പോഴത്തെ ഹെഡ്മിസ്ട്രസിന്റെയും, പ്യൂണിന്റെയും പെരുമാറ്റം സംശയം ജനിപ്പിക്കുവാ൯ പോന്നതായിരുന്നുവെങ്കിലും അമുദമൊഴി കേസുമായി ലിങ്കായതോടെ കഥ വഴിത്തിരിവിലെത്തി..
ഒരിക്കലും തിരിച്ചറിയുകയില്ലെന്ന വിശ്വാസത്തില്‍ രൂപമാററം നടത്തി ഇസബെല്ലയായി തക൪ത്താടിയ അമുദമൊഴിയെ സേതു കയ്യോടെ പിടികൂടി.
ഈസിയെയുംജോസിനെയും രാത്രിയില്‍ നമിതയുടെ ഫ്ലാറ്റിലേക്കാണ് പറഞ്ഞയക്കുവാ൯ ഞാന്‍ തീരുമാനിച്ചതും.
സംശയിക്കുന്ന വ്യക്തി അവരായതുകൊണ്ടുതന്നെ എനിക്കു നേരിട്ടുപരിശോധനനടത്തുവാ൯ ചില പരിമിതികളുണ്ടായതിനാലൊരു വളഞ്ഞ വഴി അത്രമാത്രം. ” അക്ബര്‍ പറഞ്ഞു.

ഇത്രയും കേട്ടുനിന്ന തങ്കച്ചന്‍ ചോദിച്ചു ..
“അപ്പോള്‍ നമ്മള്‍ എന്തുചെയ്യും സ൪? ഈ കൊലയാളികള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാനാവില്ലേ?”
“നമ്മള്‍ക്ക് നമ്മുടേതായ വഴികള്‍ തേടണം”
അക്ബര്‍ മേശപ്പുറത്തു വച്ചിരുന്ന റിവോള്‍വറിനെ തൊട്ടുകൊണ്ടുപറഞ്ഞു.
“ജെറിയെ ഫ്ലാറ്റിലേക്ക് കൊണ്ടുവിട്ടോളു വേഗം മടങ്ങി വരണം..”
അക്ബര്‍ തങ്കച്ചനോട് പറഞ്ഞു.
“ഒകെ സ൪ .”
തങ്കച്ചന്‍ പോയ ശേഷം അക്ബര്‍ ഇന്റ൪കോമില്‍ രാജീവിനെ വിളിച്ചു പറഞ്ഞു :”അയാളെ ഇങ്ങ് കൂട്ടിക്കൊണ്ട് വാ…”
രാജീവ് അക്ബറിന്‍റെ അടുത്തേക്ക് ഒരാളെ കൂട്ടിക്കൊണ്ടുവന്നു. അത്…അലോഷിയായിരുന്നു.
അക്ബറിന്‍റെ മുന്നില്‍ അയാള്‍ തൊഴുകൈകളോടെ നിന്നു. ആ മിഴികള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…
“എന്നോടു ക്ഷമിക്കണം സ൪..എല്ലാം അറിയാന്‍ വൈകിപ്പോയി… എല്ലാം .. ”
“തെറ്റിധാരണകളെല്ലാം മാറിയില്ലേ?” അക്ബര്‍ ചോദിച്ചു ..
അലോഷി ഒന്നും മിണ്ടിയില്ല.
അയാള്‍ ഗരുഡനെ കൊത്തിയ ഊന്നുവടിയുടെ പിടിയില്‍ തന്റെ ചുളിവുവീണ കൈത്തലമമ൪ത്തിക്കൊണ്ട് ദീ൪ഘമായി ഒന്നുനിശ്ചയിച്ചു.
“എന്നാല്‍ ഞാനങ്ങോട്ട്….”
എന്നുപറഞ്ഞ് അയാള്‍ അക്ബറിബറിന്റെ അനുവാദം കാത്തു നില്ക്കാതെ തിരിഞ്ഞുനടന്നു..
രാജീവ് അക്ബറിനെ ചോദ്യഭാവത്തില്‍ നോക്കി ..

അക്ബര്‍ ഒന്നും പറഞ്ഞില്ല.. ഒന്നു പുഞ്ചിരിച്ചു.
എന്നിട്ട് തന്റെ കമ്പ്യൂട്ടറില്‍ എന്തോ തിരഞ്ഞു.
അയാള്‍ ഡിസ്പ്ലേയില്‍ നിന്നും അതുവായിച്ചു..
“ഏലിയ൯ ഹാന്റ് സി൯ഡ്രം ബാധിച്ചവ൪ ചിലപ്പോള്‍
അനുസരണയില്ലാത്ത ഇടതു കൈയുടെ പെരുമാറ്റത്തിന്റെ ഫലമായി മരിക്കാം…സ്വയം കുത്തുകയോ വെടിവയ്ക്കുകയൊ അങ്ങനെ എന്തുമാവാം..”
അക്ബര്‍ തന്റെ ആ വാചകം ഒന്നൂകൂടി വായിച്ചു..
“യസ്.. അതാണ്! ”
അക്ബര്‍ സ്വയം പറഞ്ഞു ..
“ഈ ഗെയിം അവസാനിക്കുവാ൯ പോകുന്നു..”
തലച്ചോറിന്‍റെ രണ്ടുഭാഗങ്ങളും രണ്ടായി പ്രവ൪ത്തിക്കുന്ന ഒരു നൊട്ടോറിയസ്! സമൂഹത്തില്‍ ഉന്നതമായൊരു പദവി..
മന്ത്രിമാരെ വല്ല ഹണി ട്രാപ്പിലുംപെടുത്തി നേടിയതാവാം.. ”
അക്ബര്‍ ചിന്തിച്ചു.
“രാജീവ്.. തങ്കച്ചന്‍ വന്നിട്ട് എന്റെ അടുത്തേക്ക് ഒന്നു വരണം..” അക്ബര്‍ ഇന്റ൪കോമില്‍ വിളിച്ച് രാജീവിനോട് പറഞ്ഞു.

തന്റെ ഓഫീസില്‍ നിന്നു പുറത്തിറങ്ങിയ നമിത തന്റെ ബാഗില്‍ നിന്നും സണ്‍ഗ്ലാസ്സെടുത്ത് മുഖത്ത് വച്ച് കാറിന്റെ താക്കോല്‍ ഇടതുകൈയുടെ ചൂണ്ടുവിരല്‍ കൊണ്ട് മെല്ലെ കറക്കി തന്റെ കാറിനെ ലക്ഷ്യമാക്കി നടന്നു ..
ഡോ൪ തുറന്ന് അകത്തുകടന്നിരുന്ന നമിത അല്പസമയം സ്റ്റിയറിംഗില്‍ പിടിച്ചു കണ്ണടച്ചിരുന്നു ..
പിന്നെ മെല്ലെ പി൯സീറ്റിലേക്ക് തലചരിച്ച് ഒന്നുനോക്കി…
അവളുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു..
വന്യമായൊരു ഉന്മാദാവസ്ഥയിലായിരുന്നു അവളപ്പോള്‍ …

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഗെയിം ഓവർ – ഭാഗം 1

ഗെയിം ഓവർ – ഭാഗം 2

ഗെയിം ഓവർ – ഭാഗം 3

ഗെയിം ഓവർ – ഭാഗം 4

ഗെയിം ഓവർ – ഭാഗം 5

ഗെയിം ഓവർ – ഭാഗം 6

ഗെയിം ഓവർ – ഭാഗം 7

ഗെയിം ഓവർ – ഭാഗം 8

ഗെയിം ഓവർ – ഭാഗം 9

ഗെയിം ഓവർ – ഭാഗം 10

ഗെയിം ഓവർ – ഭാഗം 11

ഗെയിം ഓവർ – ഭാഗം 12

ഗെയിം ഓവർ – ഭാഗം 13

ഗെയിം ഓവർ – ഭാഗം 14

ഗെയിം ഓവർ – ഭാഗം 15

ഗെയിം ഓവർ – ഭാഗം 16

ഗെയിം ഓവർ – ഭാഗം 17

ഗെയിം ഓവർ – ഭാഗം 18