Sunday, December 22, 2024
LATEST NEWS

കേരളത്തിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പുകളിൽ ഇന്ധന പ്രതിസന്ധി

സംസ്ഥാനത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പുകളിൽ ഇന്ധന പ്രതിസന്ധി. കൊച്ചി ടെർമിനലിൽ നിന്ന് ആവശ്യത്തിന് ഇന്ധനം ലഭിക്കുന്നില്ലെന്ന് പമ്പ് ഉടമകൾ പറഞ്ഞു. ഇതോടെ മൂന്നിലൊന്ന് പമ്പുകൾ എല്ലാ ദിവസവും അടഞ്ഞുകിടക്കുകയാണ്. റിഫൈനറിയിൽ നിന്ന് ആവശ്യത്തിന് ഇന്ധനം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് എച്ച്പിസി പറഞ്ഞു.

സംസ്ഥാനത്താകെ 650 ഓളം ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പുകളുണ്ട്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ഈ പമ്പുകളിലേക്കുള്ള ഇന്ധനം കൊച്ചിയിലെ ടെർമിനലിൽ നിന്നാണ് വിതരണം ചെയ്യുന്നത്. ഒരു ദിവസം 350 ലോഡ് മുതൽ 400 ലോഡ് വരെ ഇന്ധനം ആവശ്യമാണ്. എച്ച്പിസി ശരാശരി 250 മുതൽ 300 ലോഡ് വരെ മാത്രമേ നൽകുന്നുള്ളൂ. പ്രതിദിനം 100 ലോഡ് ഇന്ധനത്തിന്‍റെ കുറവാണുള്ളത്.

റിഫൈനറിയിൽ നിന്ന് ആവശ്യത്തിന് ഇന്ധനം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പുടമകൾക്ക് മറുപടി നൽകിയത്. കേന്ദ്ര പെട്രോളിയം മന്ത്രി, കേരള മുഖ്യമന്ത്രി, സിവിൽ സപ്ലൈസ് മന്ത്രി എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്. പരിഹാരമുണ്ടായില്ലെങ്കിൽ സംയുക്ത സമരത്തിനാണ് പമ്പ് ഉടമകൾ തയ്യാറെടുക്കുന്നത്.