പത്രവിതരണക്കാരനിൽ നിന്ന് ഐഎഎസ് പദവിയിലേക്ക്; പ്രചോദനമാണ് നിരീഷ് രജ്‌പുത്
ഡൽഹി: ശൂന്യതയിൽ നിന്ന് വിജയത്തിലേക്ക് വരികയും പ്രചോദനാത്മകമായ നേട്ടങ്ങൾ സൃഷ്ടിക്കുകയും ചെയ്ത ചിലരുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റ് ഭൗതിക സാഹചര്യങ്ങളുടെ അഭാവവും വകവയ്ക്കാതെ നിശ്ചയദാർഢ്യത്തോടെയും വിജയത്തോടെയും മുന്നേറുന്നതിൽ വിജയിച്ച വ്യക്തികളിൽ ഒരാളാണ് ഐ.എ.എസ് ഉദ്യോഗസ്ഥൻ നിരീഷ് രജ്‌പുത്. അഖിലേന്ത്യാ തലത്തിൽ 370-ാം റാങ്ക് നേടിയാണ് അദ്ദേഹം യുവജനങ്ങൾക്ക് പ്രചോദനമായി മാറിയത്.
മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ നിന്നുള്ള നിരീഷ് ജനിച്ചതും വളർന്നതും ദൈനംദിന ചെലവുകൾക്ക് പോലും പാടുപെടുന്ന കുടുംബത്തിലാണ്. സർക്കാർ സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ഗ്വാളിയോറിലെ ഒരു സർക്കാർ കോളേജിൽ നിന്ന് ബിരുദം നേടി. വിദ്യാഭ്യാസ ചെലവുകൾക്ക് പണമില്ലാത്തപ്പോൾ അദ്ദേഹം ഒരു പത്രവിതരണക്കാരനായും പ്രവർത്തിച്ചു. പഠിക്കാൻ ഒരു പുസ്തകം വാങ്ങാൻ പോലും കയ്യിൽ പണമുണ്ടായിരുന്നില്ല. ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിട്ടും നിരീഷ് ബിഎസ്‍സിയും എംഎസ്‍സിയും ടോപ്പറായി പാസായി.
നിരീഷിന്റെ അച്ഛൻ ഒരു തയ്യൽക്കാരനായിരുന്നു. മറ്റുള്ളവരിൽ നിന്ന് പണം കടം വാങ്ങിയാണ് അദ്ദേഹം കുടുംബത്തിന്‍റെ ചെലവുകൾ കൈകാര്യം ചെയ്തിരുന്നത്. അച്ഛന്‍റെ സാമ്പത്തിക പ്രതിസന്ധി കണ്ട നിരീഷ് ഏത് സാഹചര്യത്തിലും യു.പി.എസ്.സി പരീക്ഷ പാസാകണമെന്ന് തീരുമാനിച്ചു. യു.പി.എസ്.സി തയ്യാറെടുപ്പിനിടെ, നിരീഷിന്‍റെ സുഹൃത്ത് ഒരു കോച്ചിംഗ് സെന്‍റർ ആരംഭിച്ചിരുന്നു, അവിടെ അദ്ദേഹത്തിന് അദ്ധ്യാപന ജോലി നൽകി. എന്നാൽ രണ്ട് വർഷം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ഈ ജോലി നഷ്ടമായി.
ഡൽഹിയിലെ സുഹുത്തുക്കളിൽ നിന്ന് കടം വാങ്ങിയ പഠനസാമഗ്രികളുപയോഗിച്ചാണ് ഇദ്ദേഹം യുപിഎസ്‍സി തയ്യാറെടുപ്പ് നടത്തിയത്. കോച്ചിംഗിന് പോകാൻ പണമില്ലാത്തതിനെ തുടർന്ന് സ്വയം പഠിക്കാൻ തീരുമാനിച്ചു. മൂന്നു തവണ പരീക്ഷയെഴുതിയിട്ടും തോൽവിയായിരുന്നു ഫലം. എന്നിട്ടും പിന്മാറാൻ നിരീഷ് തയ്യാറായില്ല. 2013 ൽ 370ആം റാങ്കോടെയാണ് നിരീഷ് രാജ്പുത് യുപിഎസ്‍സി പരീക്ഷ പാസ്സായത്.