Thursday, November 14, 2024
GULFLATEST NEWS

ലോകകപ്പിന് ശേഷം തിളങ്ങാൻ ദോഹ എക്‌സ്‌പോ 2023

ദോഹ: ദോഹ എക്സ്പോ 2023, ഫിഫ ലോകകപ്പിന് ശേഷം ഖത്തറിലെ ഏറ്റവും വലിയ ഇവന്റായി മാറാൻ ഒരുങ്ങുന്നു. ഇന്റർനാഷണൽ ഹോർട്ടികൾച്ചറൽ എക്സ്പോയ്ക്ക് 2023ൽ ഖത്തർ വേദിയാകും. 2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെ കോർണിഷിലെ അൽ ബിദ പാർക്കിൽ ‘ദോഹ എക്സ്പോ’ എന്ന പേരിൽ 6 മാസം നീണ്ടുനിൽക്കുന്ന എക്സ്പോയിൽ 80 ലധികം രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്.

പ്രദർശനത്തിനായി 3 ദശലക്ഷം സന്ദർശകരെ പ്രതീക്ഷിക്കുന്നതായി ദോഹ എക്സ്പോ സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഖൗരി പറഞ്ഞു. ഹോർട്ടികൾച്ചറൽ രംഗത്തെ അന്താരാഷ്ട്ര സർവകലാശാലകളും ദോഹയിൽ കാമ്പസുകളുള്ള സർവകലാശാലകളും പ്രദർശനത്തിൽ പങ്കെടുക്കും. മേഖലയിലെയും ഖത്തറിലെയും കാർഷിക മേഖലയ്ക്ക് ഗുണകരമാകുന്ന കാർഷിക മേഖലയിലെ അനുഭവങ്ങൾ അവതരിപ്പിക്കാൻ സർവകലാശാലകൾക്കും ഗവേഷകർക്കും ഇത് അവസരമൊരുക്കും.

മരുഭൂമിയെ ഹരിതാഭമായ ഭൂമിയാക്കി മാറ്റി അനുഭവസമ്പത്തുളള ബൊട്ടാണിക്കൽ ഗാർഡനും മേളയുടെ ആകർഷണമാണ്. ബൊട്ടാണിക്കൽ ഗാർഡൻ പരിസ്ഥിതി സംരക്ഷണവും ജലസേചനം കുറഞ്ഞ കൃഷിയും കാര്യക്ഷമമാക്കുന്നതിന്റെ അനുഭവങ്ങളും നൽകുമെന്ന് അൽഖൗരി വിശദീകരിച്ചു. ‘ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി’ എന്നതാണ് എക്സ്പോയുടെ പ്രമേയം. ആരോഗ്യകരമായ ജീവിതശൈലി, പരിസ്ഥിതി സൗഹൃദ ഹരിത സമ്പദ് വ്യവസ്ഥ, സുസ്ഥിരമായ ജീവിതശൈലി, വിദ്യാഭ്യാസം, നൂതനാശയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്നങ്ങളും മേള അഭിസംബോധന ചെയ്യും.