Wednesday, January 22, 2025
GULFLATEST NEWS

സൗദിയിൽ മന്ത്രിസഭാ ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്ക് ആദ്യമായി ഒരു വനിത എത്തുന്നു

റിയാദ്: സൗദി അറേബ്യയിൽ ആദ്യമായി ഒരു വനിതയെ മന്ത്രിസഭയുടെ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കുന്നു. ശയ്ഹാന ബിന്‍ത് സാലെഹ് അല്‍ അസാസിനെയാണ് മന്ത്രിസഭയുടെ പുതിയ ഡെപ്യൂട്ടി സെക്രട്ടറിയായി ഇന്നലെ പുറത്തിറക്കിയ ഉത്തരവിൽ നിയമിച്ചത്. മുഹമ്മദ് അബ്ദുല്ല അൽ അമീലിനെ മന്ത്രിസഭയുടെ ഡെപ്യൂട്ടി സെക്രട്ടറിയായും നിയമിച്ചു.

സൗദി അറേബ്യയിലെ സൽമാൻ രാജാവാണ് പുതിയ മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും നിയമിക്കുമെന്ന് പ്രഖ്യാപിച്ചത്. നിരവധി ഉദ്യോഗസ്ഥരെയും ഉപദേഷ്ടാക്കളെയും മാറ്റി പുതിയ മുഖങ്ങളെ നിയമിച്ചാണ് ഉത്തരവ്. അബ്ദുറഹ്മാൻ ബിൻ അയാഫ് അൽ മുഖ്രിന് റോയൽ കോർട്ടിന്‍റെ ഉപദേഷ്ടാവായി നിയമിതനായി. ക്യാബിനറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നാണ് മുഖറിനെ ഉപദേഷ്ടാവായി നിയമിച്ചത്. 

ബന്ദർ ബിൻ ഉബൈദ് ബിൻ ഹമൂദ് റാഷിദിനെ കിരീടാവകാശി, ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ സെക്രട്ടറിയായി നിയമിച്ചു. നിലവിലുള്ള ഉത്തരവാദിത്തങ്ങളുമായി സഹകരിച്ചാണ് പുതിയ നിയമനം. അയ്മൻ ബിൻ മുഹമ്മദ് സഹൂദ് സയാരിയെ കാബിനറ്റ് റാങ്കോടെ സൗദി സെൻട്രൽ ബാങ്കിന്‍റെ ഡെപ്യൂട്ടി ഗവർണറായി നിയമിച്ചു. അമീറ ഹൈഫാഫ് ബിന്ത് മുഹമ്മദ് അൽ അബ്ദുറഹ്മാൻ അൽ സൗദിനെ ടൂറിസം ഡെപ്യൂട്ടി മന്ത്രിയായി നിയമിച്ചു. റുമൈഹ് റമീഹ് ഗതാഗത ലോജിസ്റ്റിക്സ് ഡെപ്യൂട്ടി മന്ത്രിയായും നിയമിതനായി.