Saturday, December 21, 2024
GULFLATEST NEWS

തുടർചർച്ചകൾക്കായി മന്ത്രി എസ്. ജയശങ്കർ ഇന്ന് യുഎഇയിൽ

അബുദാബി: തന്ത്രപ്രധാന സഹകരണം സംബന്ധിച്ച തുടർ ചർച്ചകൾക്കായി വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കർ ഇന്ന് യു.എ.ഇയിലെത്തും. മൂന്ന് ദിവസത്തെ സന്ദർശനത്തിൽ ഇന്ത്യ-യുഎഇ ജോയിന്റ് കമ്മിഷൻ മീറ്റിങിനും (ജെസിഎം) മൂന്നാമത് ഇന്ത്യ-യുഎഇ സ്ട്രാറ്റജിക് ഡയലോഗിനും യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി ചേർന്നു നേതൃത്വം നൽകും.

സുപ്രധാന വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന. പ്രാദേശിക, രാജ്യാന്തര സംഭവവികാസങ്ങളും ചർച്ച ചെയ്യും. പ്രതിരോധം, ബഹിരാകാശം, വ്യാപാരം, നിക്ഷേപം, പുനരുപയോഗ ഊർജ്ജം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, നൈപുണ്യവികസനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) നടപ്പാക്കിയതിന് ശേഷം ഇന്ത്യ-യു.എ.ഇ ഉഭയകക്ഷി ബന്ധവും സാമ്പത്തിക സഹകരണവും പുതിയ തലങ്ങളിലേക്ക് ഉയരുന്ന പശ്ചാത്തലത്തിലാണ് കൂടുതൽ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നത്.