Tuesday, December 17, 2024
GULFLATEST NEWS

യുഎഇയിലെ പ്രളയത്തില്‍ മരിച്ച അഞ്ച് പേര്‍ പാകിസ്ഥാന്‍ സ്വദേശികളെന്ന് സ്ഥിരീകരിച്ചു

ഫുജൈറ: ഫുജൈറയിലും യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിലും വെള്ളപ്പൊക്കത്തിൽ മരിച്ച അഞ്ച് പേർ പാകിസ്ഥാൻ പൗരൻമാരാണെന്ന് സ്ഥിരീകരിച്ചു. പാക് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പ്രളയത്തിൽ ഏഴ് പേർ മരിച്ചിട്ടുണ്ടെന്നും ഇവരെല്ലാം പ്രവാസികളാണെന്നും യു.എ.ഇ ആഭ്യന്തര മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ആറ് പ്രവാസികൾ പ്രളയത്തിൽ മരിച്ചതായി യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിലെ ഫെഡറൽ സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഡോ. അലി സലീം അൽ തുനൈജിയാണ് ഇക്കാര്യം ആദ്യം അറിയിച്ചത്. തുടർന്ന് നടത്തിയ വിശദമായ തിരച്ചിലിൽ ഒരാൾ കൂടി മരിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഇവരിൽ അഞ്ചുപേർ പാകിസ്ഥാൻ പൗരൻമാരാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

മരിച്ച പ്രവാസികളുടെ കുടുംബങ്ങളെ ആഭ്യന്തര മന്ത്രാലയം അനുശോചനം അറിയിച്ചു. റാസ് അൽ ഖൈമ, ഷാർജ, ഫുജൈറ എന്നിവിടങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. വീടുകളിൽ വെള്ളം കയറിയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.