Saturday, January 18, 2025
LATEST NEWSPOSITIVE STORIES

ഒടുവിൽ മാംഗോ തിരിച്ചെത്തി; ഒരു ലക്ഷം രൂപ ഓൺലൈൻ വഴി കൈമാറി

കൊച്ചി: ഒടുവിൽ മാംഗോ തിരിച്ചെത്തി. പാലാരിവട്ടം പൈപ്പ് ലൈൻ ജംഗ്ഷനിൽ വി.പി.ജി ക്ലിനിക്ക് നടത്തുന്ന ഡോ. ആനന്ദ് ഗോപിനാഥന്‍റെ അഞ്ച് മാസം പ്രായമുള്ള വളർത്തു നായയെ കഴിഞ്ഞ മാസം 12നാണ് കാണാതായത്. നായയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ആനന്ദ് പരസ്യം നൽകി. നായ്ക്കുട്ടിയെ കണ്ടുവെന്ന് പറഞ്ഞ് പലരും ആനന്ദിനെ വിളിച്ചു.

തന്‍റെ സൈക്കിളിൽ ആനന്ദ് നായ്ക്കുട്ടിയെ തേടി ആലുവയിലേക്കും ഫോർട്ടുകൊച്ചിയിലേക്കും പോയി. പക്ഷേ കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ അത്തരമൊരു ഫോൺ കോൾ ലഭിച്ചപ്പോൾ, മുൻപത്തെ പോലെയുള്ള ഒരു അന്വേഷണം എന്നാണ് ആനന്ദ് കരുതിയത്. ആനന്ദിന്‍റെ വീട്ടിൽ നിന്ന് അധികം ദൂരെയല്ലാത്ത ഒഴിഞ്ഞ പറമ്പിൽ ഉപേക്ഷിക്കപ്പെട്ട റഫ്രിജറേറ്ററിനു കീഴിലായിരുന്നു നായ്ക്കുട്ടി. ഭക്ഷണം പോലും കഴിക്കാതെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസ്വസ്ഥത അനുഭവപ്പെട്ടിരുന്നെങ്കിലും ആനന്ദ് ഒറ്റനോട്ടത്തിൽ തന്‍റെ നായയെ തിരിച്ചറിഞ്ഞു. “ദൈവം എന്‍റെ പ്രാർത്ഥന കേട്ടു,” മാംഗോയുടെ മടങ്ങിവരവിനെക്കുറിച്ച് ഡോ. ആനന്ദ് പറഞ്ഞു.

നായ്ക്കുട്ടി കഴിഞ്ഞിരുന്ന പറമ്പിന്റെ സമീപത്തു താമസിക്കുന്ന ജിനീഷാണു നായ്ക്കുട്ടിയെ കണ്ട കാര്യം ആനന്ദിനെ അറിയിച്ചത്. ആനന്ദ് ഉടൻ തന്നെ വാഗ്ദാനം ചെയ്ത ഒരു ലക്ഷം രൂപ ഓൺലൈനിൽ കൈമാറി. ഇത് ഒരു പ്രതിഫലമല്ല, ഇത് നന്ദിപ്രകടനം മാത്രമാണ്,” ആനന്ദ് പറഞ്ഞു. മൂന്ന് മാസം മുമ്പാണ് ഡോ.ആനന്ദ് ഗോപിനാഥൻ നായക്കുട്ടിയെ കോയമ്പത്തൂരിൽ നിന്ന് വാങ്ങിയത്. നായയെ കാണാതായപ്പോൾ ആനന്ദ് ആശങ്കാകുലനായിരുന്നു. നായ്ക്കുട്ടിയെ തിരികെ കൊണ്ടുവന്ന് വെറ്ററിനറി ഡോക്ടറെ കാണിച്ചു. ഭക്ഷണം കഴിച്ചു തുടങ്ങി. ഏറെ വൈകാതെ മാംഗോ ആരോഗ്യം വീണ്ടെടുത്തു പഴയ പോലെ ഉഷാറാകും.