Tuesday, January 14, 2025
LATEST NEWSSPORTS

ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ വിലക്ക് ഫിഫ പിൻവലിച്ചു

ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് (എ.ഐ.എഫ്.എഫ്) ഏർപ്പെടുത്തിയ വിലക്ക് അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതി ഫിഫ പിൻവലിച്ചു. കൗൺസിൽ ബ്യൂറോ യോഗത്തിലാണ് നിരോധനം ഉടൻ പിൻവലിക്കാൻ തീരുമാനിച്ചത്. ഫെഡറേഷന്‍റെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ രൂപീകരിച്ച പ്രത്യേക ഭരണസമിതി സുപ്രീം കോടതി പിരിച്ചുവിട്ടിരുന്നു. വിലക്ക് നീക്കിയതോടെ ഒക്ടോബർ 11 മുതൽ 30 വരെ നടക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും.

ആഭ്യന്തര കാര്യങ്ങളിൽ ബാഹ്യ ഇടപെടൽ നടത്തിയെന്നാരോപിച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ (എഐഎഫ്എഫ്) ഫിഫ കൗൺസിൽ ബ്യൂറോ ഓഗസ്റ്റ് 15ന് സസ്പെൻഡ് ചെയ്തിരുന്നു. ഫിഫയുടെ പ്രത്യേക ഭരണസമിതി സ്വീകരിച്ച നടപടികളാണ് ഫിഫയുടെ നടപടിക്ക് വഴിയൊരുക്കിയത്. പ്രത്യേക ഭരണസമിതി പിരിച്ചുവിട്ട് ഫെഡറേഷന്‍റെ ഭരണസമിതി പൂർണ ചുമതല ഏറ്റെടുത്താൽ മാത്രമേ സസ്പെൻഷൻ പിൻവലിക്കുകയുള്ളൂവെന്ന് ഫിഫ അറിയിച്ചിരുന്നു.