Friday, January 17, 2025
LATEST NEWSTECHNOLOGY

ഫെയ്‌സ്ബുക്ക് വരുമാനത്തിൽ ആദ്യമായി ഇടിവ്

മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കിന്‍റെ വരുമാനത്തിൽ ആദ്യമായി കുറവ് രേഖപ്പെടുത്തി. ഇതോടെ ഒരു ദശാബ്ദത്തെ തുടർച്ചയായ വരുമാന വളർച്ചയ്ക്ക് വിരാമമായി. രണ്ടാം പാദത്തിലെ വരുമാനത്തിൽ ഒരു ശതമാനം കുറവ് രേഖപ്പെടുത്തി. മൂന്നാം പാദത്തിലെ വളർച്ച ഇനിയും മന്ദഗതിയിലാകുമെന്നാണ് പ്രവചനം. മാതൃ കമ്പനിയായ മെറ്റയുടെ മൊത്തത്തിലുള്ള ലാഭം 36 ശതമാനം ഇടിഞ്ഞ് 6.7 ബില്യൺ ഡോളറിലെത്തി. 

വരുമാന വളർച്ചയിലെ ആദ്യ ഇടിവ് പ്രതീക്ഷിച്ചിരുന്നെങ്കിലും, എല്ലാ മേഖലകളിലും മെറ്റയുടെ ബിസിനസ്സ് എത്രത്തോളം വെല്ലുവിളി നേരിടുന്നുവെന്ന് റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. കഴിഞ്ഞ വർഷം, മെറ്റയ്ക്ക് പരസ്യ വരുമാനമായി മാത്രം 10 ബില്യൺ ഡോളർ ലഭിച്ചു. ഇപ്പോൾ സമ്പദ് വ്യവസ്ഥ താറുമാറാകുകയും മാന്ദ്യം പടിവാതിൽക്കൽ എത്തുകയും ചെയ്തതോടെ, പല പരസ്യദാതാക്കളും അവരുടെ പരസ്യങ്ങൾ പിൻവലിച്ചു.  

അതേസമയം, ടിക് ടോക്കുമായി മത്സരിക്കാനുള്ള ശ്രമത്തിൽ, ഹ്രസ്വ വീഡിയോകൾക്കും പോസ്റ്റുകൾക്കും ഊന്നൽ നൽകുന്നതിനായി മെറ്റ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവരുന്നു. മെറ്റായുടെ വരുമാനം കുറയുന്നുണ്ടെങ്കിലും, ഫേസ്ബുക്കിന്‍റെ ദൈനംദിന ഉപയോക്തൃ അടിത്തറ 3 ശതമാനം വർദ്ധിപ്പിച്ച് 1.97 ബില്യണിൽ എത്താൻ കഴിഞ്ഞു. ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് തുടങ്ങിയ സോഷ്യൽ ആപ്ലിക്കേഷനുകളുടെ സ്യൂട്ട് ഇപ്പോൾ 2.88 ബില്യൺ ആളുകൾ ഉപയോഗിക്കുന്നതായി മെറ്റ റിപ്പോർട്ട് ചെയ്തു.