Friday, January 17, 2025
LATEST NEWSPOSITIVE STORIES

നിർധന കുടുംബത്തിന് വീടിന്റെ കരുതലേകി പ്രവാസി നഴ്സ്

അബുദാബി: ജപ്തി ഭീഷണി നേരിടുന്ന ഒരു ദരിദ്ര കുടുംബത്തിന്‍റെ കടം വീട്ടുകയും ആധാരം വീണ്ടെടുക്കുകയും ചെയ്ത് പ്രവാസി യുവതി. കൊല്ലം പുത്തൂർ ഐവർക്കല സ്വദേശി സിനിയെയും കുടുംബത്തെയും രക്ഷിക്കാൻ മല്ലപ്പള്ളി സ്വദേശിയും ദുബായ് ആശുപത്രിയിലെ നഴ്സുമായ ശോഭന ജോർജ്ജാണ് എത്തിയത്.

ഭരണിക്കാവ് ഗ്രാമവികസന ബാങ്കിൽ നിന്ന് 10 വർഷം മുമ്പ് എടുത്ത 1.5 ലക്ഷം രൂപയുടെ വായ്പ പലിശയും കൂട്ടുപലിശയുമായി നാലര ലക്ഷത്തോളം രൂപയായി ഉയർന്നു. ലോട്ടറി കച്ചവടം നടത്തി 2 മക്കളെ വളർ‌ത്തുകയും വായ്പ തിരിച്ചടക്കുകയും ചെയ്തിരുന്ന സിനിക്ക് ഡിസ്ക് തകരാറു മൂലം ജോലിക്ക് പോകാനാകാതെ വന്നതോടെ തിരിച്ചടവ് മുടങ്ങി. 17 വയസ്സുള്ള മകൻ പഠനം ഉപേക്ഷിച്ച് ലോട്ടറി വിറ്റാണ് ഉപജീവനവും അമ്മയുടെ ചികിത്സയും നടത്തുന്നത്.

ഇവരുടെ ദുരവസ്ഥ മനസ്സിലാക്കിയ ബാങ്ക് കാലാവധി നീട്ടിയെങ്കിലും 10 വർഷം കഴിഞ്ഞിട്ടും തിരിച്ചടയ്ക്കാത്തതിനാൽ ജപ്തി നടപടികളിലേക്ക് കടക്കുകയായിരുന്നു. ഒരാഴ്ചത്തെ അവധിക്ക് നാട്ടിലെത്തിയ ശോഭന നേരിട്ട് ബാങ്കിലെത്തി ഇളവ് കഴിച്ച് മൂന്ന് ലക്ഷം രൂപ നൽകി പ്രമാണം വീണ്ടെടുത്തു. കണ്ണുനീരോടെ സിനി ശോഭന ജോർജിൽ നിന്ന് ആധാരം സ്വീകരിച്ചു.