Thursday, January 2, 2025
LATEST NEWS

കേരളത്തിലേക്ക് പ്രവാസിപ്പണം പകുതിയായി; മഹാരാഷ്ട്ര മുന്നിൽ

ന്യൂ‍ഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ ലേഖനം അനുസരിച്ച് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിദേശ മലയാളികൾ കേരളത്തിലേക്ക് അയയ്ക്കുന്ന പണത്തിന്‍റെ വിഹിതം പകുതിയായി കുറഞ്ഞതായി കണക്ക്. 2016-17ൽ ഏറ്റവും കൂടുതൽ പ്രവാസി പണം ലഭിച്ച കേരളത്തെ പിന്തള്ളിയാണ് 2020-21ൽ മഹാരാഷ്ട്ര ഒന്നാമതെത്തിയത്.

അഞ്ച് വർഷം മുമ്പ് രാജ്യത്തേക്ക് വന്ന പ്രവാസി പണത്തിന്‍റെ 19 ശതമാനവും കേരളത്തിലേക്ക് പോയിരുന്നു. ഇത് 10.2 ശതമാനമായി കുറഞ്ഞു. അഞ്ച് വർഷം മുമ്പ് രണ്ടാം സ്ഥാനത്തായിരുന്ന മഹാരാഷ്ട്ര 16.7 ശതമാനത്തിൽ നിന്ന് 35.2 ശതമാനമായി ഉയർന്നു. ഗൾഫ് രാജ്യങ്ങളിൽ ധാരാളം പ്രവാസികളുള്ള കേരളം, തമിഴ്നാട്, കർണാടക എന്നിവയുടെ വിഹിതം മൊത്തം ചേർത്താലും 25.1 ശതമാനം മാത്രമാണ്. 2016ൽ ഇത് 42 ശതമാനമായിരുന്നു.

വർഷങ്ങളായി ഗൾഫ് കുടിയേറ്റത്തിൽ ഭൂരിഭാഗവും ദക്ഷിണേന്ത്യയിൽ നിന്നാണെങ്കിലും 2020 ൽ ഗൾഫ് മേഖലയിലേക്ക് എമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ചവരിൽ 50 ശതമാനത്തിലധികം പേരും യുപി, ബീഹാർ, ഒഡീഷ, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്നും ആർബിഐ കൂട്ടിച്ചേർത്തു.