Saturday, December 21, 2024
LATEST NEWSSPORTS

എറണാകുളത്ത് സ്വന്തമായി രാജ്യാന്തര സ്റ്റേഡിയം; നീക്കവുമായി കെസിഎ: മുഖ്യമന്ത്രിയെ കണ്ടു

കൊച്ചി: എറണാകുളത്ത് സ്വന്തമായി ക്രിക്കറ്റ് സ്റ്റേഡിയമൊരുക്കാന്‍ കേരള ക്ര‍ിക്കറ്റ് അസോസിയേഷൻ. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി തിരുവനന്തപുരത്തെത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഇക്കാര്യം ധരിപ്പിച്ചുവെന്നും, കെസിഎ, ബിസിസിഐ പ്രതിനിധികൾ സംസ്ഥാന സർക്കാരുമായി ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം തുടരുകയാണ് എന്നും ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു.

സ്വന്തമായി സ്റ്റേഡിയമില്ലാത്തതിലെ പ്രതിസന്ധിയും, തിരുവനന്തപുരത്ത് ഇന്ത്യ– ദക്ഷിണാഫ്രിക്ക മല്‍സര നടത്തിപ്പില്‍ മറികടക്കേണ്ടി വന്ന വെല്ലുവിളികളുമാണ് ഈ നീക്കത്തിനു പിന്നില്‍. കെസിഎ 15 വർഷത്തേക്ക് പാട്ടത്തിനെടുത്തിരിക്കുന്ന തിരുവന്തപുരം കാര്യവട്ടത്തെ സ്റ്റേഡിയത്തിൽ ഇന്ത്യ–ദക്ഷിണാഫ്രിക്ക മല്‍സര നടത്തിപ്പില്‍ കെസിഎയ്ക്ക് വലിയ പ്രതിസന്ധികളായിരുന്നു നേരിടേണ്ടി വന്നത്.

മൂന്നര വര്‍ഷം കൊണ്ട് സ്റ്റേഡിയം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. സ്ഥലം കണ്ടെത്തുന്നതിനായി ഉടന്‍ പത്രപരസ്യം നല്‍കും. സ്വന്തമായി സ്റ്റേഡിയമായാല്‍ കേരളത്തിന് ഒരു ടെസ്റ്റ് ക്രിക്കറ്റ് വേദി നേടിയെടുക്കുക എന്നതാണ് മുഖ്യ ലക്ഷ്യമെന്നു ജയേഷ് ജോര്‍ജ് പറഞ്ഞു.