Saturday, November 23, 2024
Novel

എന്നും രാവണനായ് മാത്രം : ഭാഗം 34

എഴുത്തുകാരി: ജീന ജാനകി

“ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ…. കോടിയുടുത്തല്ലോ ഉണ്ണി ചാടിമറിഞ്ഞല്ലോ.. കൂട്ടുകാരേ വരുന്നില്ലേ വീട്ടിലിരുന്നാലോ…. സന്ധ്യ വരും മുമ്പേ ഉണ്ണി പന്തുകളിക്കണ്ടേ….”

“ഫ! കുരുട്ടടയ്കേ ഇങ്ങോട്ടിറങ്ങെടീ…. നിനക്ക് ഓണത്തിന് ഊഞ്ഞാലിട്ടാൽ പോരേ…. ഞാൻ അങ്ങോട്ട് വന്നാൽ ചാടിമറിയേണ്ടി വരില്ല…. എടുത്ത് വെളിയിലെറിയും…. അവൾടൊരു പന്തുകളി…. നീ എപ്പോ കുളിക്കാൻ കേറിയതാടീ….” “ഞാൻ സോപ്പിടുവായിരുന്നു…. ഇപ്പോ ഇറങ്ങാടീ മുത്തേ…..” “കുറേ നേരോണ്ട് നീ ഇറങ്ങുവല്ലേ… ഇനിയും സോപ്പിട്ട് ഉരച്ചാൽ മേത്തുള്ള തൊലി കൂടി ഇളകി പോകും….” “ഈ…. കഴിഞ്ഞു….” ഡോറും തുറന്ന് ഇറങ്ങിയപ്പോൾ രാജി ഉറഞ്ഞുതുള്ളി നിൽപ്പുണ്ട്… ഞാൻ നന്നായി ഒന്നിളിച്ച് കാണിച്ചിട്ട് ഓടി…. സമയം ഇല്ലാത്തോണ്ട് മാത്രം അവളെന്റെ കാരണവന്മാരെയും സ്മരിച്ചു കൊണ്ട് സ്നാനത്തിന് കേറി… സ്നാനേ സ്നാനാഹ ഉഷ്ണസ്യ ശാന്തിഹി എന്നാണല്ലോ….

എന്ന് വെച്ചാൽ എന്താന്ന് എനിക്കറിയില്ല… കാരണം… കാരണം ഇതൊക്കെ ചക്കീസ് ക്രിയേഷണല്ലേ…. ഞാൻ ഉദ്ദേശിച്ചത് നന്നായി കുളിച്ചാൽ ഉഷ്ണത്തിൽ നിന്നും ശാന്തി കിട്ടും എന്ന് മാത്രമേയുള്ളൂ… പഠിക്കാൻ പോകുമ്പൊഴേ പ്രകൃതിയുടെ കവി ആകാനുള്ള ത്വര കാരണം സംസ്കൃതത്തിന് പകരം അടുത്തിരുന്ന് ഉറങ്ങുന്നവരേം ടീച്ചറിന്റെ സാരിയും പുറത്തെ മരങ്ങളും മാത്രേ കണ്ണിൽ പതിഞ്ഞുള്ളൂ… കുറച്ചൂടെ തെളിച്ചു പറഞ്ഞാൽ വായ്നോട്ടം അതന്നേ… അതൊരു കോപറ്റീഷൻ ഐറ്റം അല്ലാത്തോണ്ട് ഗപ്പ് ഒന്നും കിട്ടിയില്ല… കിട്ടിയിരുന്നേൽ നിരന്നിരുന്നേനേ വീട്ടിലെ അലമാരയിൽ…. പിന്നെ ഇന്നത്തെ ഒരുക്കം…. അത് കടുവയെ കാണാനുള്ള ആക്രാന്തം മാത്രം…. അഞ്ചനക്കണ്ണെഴുതി, ആലിലത്താലി വരാറാകുന്നേ ഉള്ളൂ…

അതോണ്ട് കണ്ണന്റെ ചുട്ടിയുള്ള സ്വർണ്ണമാല ചാർത്തി…. ബസ്റ്റാന്റിൻ വെയിറ്റിംഗ് ഷെഡിൽ ഞാൻ കാത്തിരിക്കും… മയിൽപ്പീലിയുടെ പ്രിന്റ് നിറഞ്ഞ ടോപ്പും കരിനീലക്കളറിലെ പാന്റും ദുപ്പട്ടയും…. ആകെ മൊത്തം ഒരു ചന്തമൊക്കെയുണ്ട്… രാജിയേം പൊക്കിക്കൊണ്ട് ബസ്റ്റോപ്പിൽ പോയി നിന്നു…. ആ പഞ്ചായത്തിലെ മുഴുവൻ അംഗങ്ങളുടെയും തല എണ്ണിയിട്ടും പ്രതീക്ഷിച്ച തല മാത്രം കണ്ടില്ല…. ഫോണെടുത്തു മെസേജ് ഇട്ടു…. ഡെലിവറാകുന്നില്ല…. വിളിച്ചപ്പോൾ സ്വിച്ച് ഓഫ്… കാലൻ കിടന്നു ഉറങ്ങുവായിരിക്കും…. ഒരുങ്ങിക്കെട്ടി വന്ന എന്നെ ശീമക്കൊന്നേട കമ്പ് വെട്ടി തല്ലണം… ഇനി കിണിച്ചോണ്ട് വാ… ഞാൻ തരാം… പക്ഷേ മനസ്സിൽ അടുത്തെവിടെയോ ഉണ്ടെന്നൊരു തോന്നൽ…. നോക്കി നിന്ന് ബസ്സും വന്നു…

ഒന്നൂടെ ചുറ്റിലും നോക്കി… എവിടെ… അവസാനം താങ്ങി തൂങ്ങി ബസിൽ കേറി…. എന്തൊക്കെ ബഹളമായിരുന്നു… ഒരുങ്ങിക്കെട്ടി വന്നത് മിച്ചം…. ഓഫീസിൽ എത്തി ബാഗും മേശപ്പുറത്ത് ഇട്ട് തലയിൽ കൈ വെച്ച് ഇരുന്നു…. അത്രേം നേരം ഫോണിൽ കുറികിക്കൊണ്ടിരുന്ന കല്ലു കട്ട് ചെയ്തെന്റെ അടുത്തോട്ട് വന്നു…. അതങ്ങനെയാണ്…. എത്ര സൊള്ളിക്കൊണ്ട് നിന്നാലും എന്റെ മോന്തായം മറിയാൽ അവളോടി വരും… ഏതാണ്ട് പ്രാന്തിളകിയ എരുമയെപ്പോലെ…. “ആഹാ…. മയിലായ് പറന്നു വാ മഴവില്ല് തോൽക്കുമെന്നഴകേ…..” “ഡീ… നീ എന്റെന്ന് മേടിക്കും…..” “ങേ…. ഞാൻ മയിലെന്നല്ലേ വിളിച്ചേ….

അക്ഷരം മാറിയൊന്നൂല്ലല്ലോ…. ഏയ് മയിൽ…. ഫിക്സ്…. നീ ഈ വെട്ടുപോത്തിനെ പോലെ കിടന്നു അമറാതെ കാര്യം പറ…. പൂച്ചടീ എന്നോട്……” “എടീ ആ കടുവ ഇന്ന് കാണാന്ന് പറഞ്ഞിട്ടാ ഞാൻ ഒരുങ്ങിക്കെട്ടി വന്നത്… എന്നിട്ടിപ്പോൾ അങ്ങേരെ കാണാൻ പോലുമില്ല….” “ങേ…. കടുവ നിന്നെ കാണണം എന്ന് പറഞ്ഞോ….. അപ്പോ എന്തൊക്കെയോ ഇതിനിടയിൽ ഉണ്ടായിക്കാണുമല്ലോ…. സത്യം പറയെടീ…..” ഞാൻ അവളോടു എല്ലാം പറഞ്ഞു… ഇല്ലെങ്കിൽ അവള് തോണ്ടി എടുക്കും… അതോണ്ടാ…. എല്ലാം കഴിഞ്ഞപ്പോൾ എന്നെ പിടിച്ചു മാറ്റിയിട്ട് എന്റെ കസേരയിൽ ഇരുന്നു… “വെള്ളം വെള്ളം… ഇച്ചിരി വെള്ളം തരോ…..” ഞാൻ എന്റെ ബാഗിന്ന് വെള്ളം എടുത്തു കൊടുത്തു… അതവൾ മടമടാ കുടിച്ചു… ”

എന്തുവാടീ ഇത് വേമ്പനാട് കായലോ… എടുത്തു കമഴ്ത്താൻ….” “എടീ പീഡകേ, ഉമ്മച്ചീ…..” “പതിയെ പറയെടീ കുരുപ്പേ….” “സോറി…. എന്നാലും എട്ടും പൊട്ടും തിരിയാത്ത ആ മനുഷ്യനേ നീ….. ശ്ശെ…. സീൻ മിസ്സായി….” “ഇത്രേം നേരം പറഞ്ഞിട്ടും നീ ഞാൻ ഉമ്മിച്ചത് മാത്രേ കേട്ടുള്ളോ….. അങ്ങേരുടെ റൊമാൻസൊന്നും കേട്ടില്ലേ…” “നീയല്ലേടീ ഗണപതിപൂജ പോലെ എല്ലാം തുടങ്ങി വച്ചത്…. എന്നിട്ട് അങ്ങേർക്ക് ചുണ്ടു വല്ലോം ഉണ്ടോ… അതോ കുഴി മാത്രേ ഉള്ളോ…. നിന്റെ ആക്രാന്തം അറിയാവുന്നത് കൊണ്ട് ചോദിച്ചു പോയതാ…..” “ഫ!….” “ആട്ടണമെങ്കിൽ ഇങ്ങനെ ആട്ടണം…. വയസായ അമ്മച്ചിമാര് ആട്ടോ ഇതുപോലെ…. ദോഷം പറയരുതല്ലോ…. ഒരൊറ്റ തുള്ളി തുപ്പലുപോലും പുറത്തോട്ട് പോയില്ല….” “ഈ…. ചോറി…..”

“ചൊറി അല്ല ചിരങ്ങ്… നീ കാര്യം പറയെടീ…..” “എടീ എന്റെ പ്രശ്നം കണ്ണേട്ടൻ തുറന്നു പറയാത്തതാ… പറഞ്ഞു കഴിഞ്ഞാൽ എനിക്ക് അച്ഛയോട് പറയാമല്ലോ….” “എടീ മോളേ…. ചിലപ്പോൾ പരസ്പരം എല്ലാം മനസ്സിലാക്കിയ ശേഷം പറയാനിരിക്കുകയായിരിക്കും…. അതുവരെ നിങ്ങൾ പ്രേമിക്കടീ….” “ആയിരിക്കും ല്ലേ….” “പിന്നല്ലാതെ….” “എന്നാലും അങ്ങേർക്കൊന്ന് വന്നാലെന്താ….. കാലൻ……” “ഒന്നടങ്ങെടീ….. ചിലപ്പോൾ ഉറങ്ങിപ്പോയിക്കാണും…..” “മാടന് ഞാൻ വച്ചിട്ടുണ്ട്….” പിന്നെ ജോലിയും കല്ലുവിന്റെ തള്ളും കളിയുമായി സമയം പോയി….. ********** രാവിലെ എണീറ്റ് റെഡിയായി ബസ്റ്റോപ്പിൽ പോയി… പിന്നെ അവളെ വട്ടുകളിപ്പിക്കാൻ ഒരു സുഖം… അതുകൊണ്ട് ബുള്ളറ്റ് ആരും ശ്രദ്ധിക്കാതെ മാറ്റി വച്ച ശേഷം പരിചയക്കാരന്റെ കടയ്കുള്ളിൽ ഇരുന്നു…..

പുറത്ത് നിൽക്കുന്നവർക്ക് കാണാൻ പറ്റില്ല ഇവിടിരുന്നാൽ…. വഴിയിലേക്ക് നോക്കുമ്പോൾ ജെറ്റ് വിട്ട പോലെ പെണ്ണ് പാഞ്ഞു വരുന്നുണ്ട്… ഐവാ…. ചുന്ദരിക്കുട്ടി ആയിട്ടുണ്ടല്ലോ….. മുക്കും മൂലയും അരിച്ച് പെറുക്കി നോക്കണുണ്ട്…. കുറച്ചു നോക്കട്ടെ… നിരാശയും സങ്കടവും ദേഷ്യവും കൊണ്ട് പെണ്ണ് വിറയ്കണുണ്ട്… എന്നെ വിളിക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാ ഫോൺ സ്വിച്ച് ഓഫ് ചെയ്തിട്ടത്….. ബസ്സിൽ കേറാൻ നേരത്തും ഏന്തി വലിഞ്ഞൊക്കെ നോക്കുന്നുണ്ടായിരുന്നു… ഇനി കാണുമ്പോൾ പെണ്ണെന്നെ ബാക്കി വച്ചാൽ മതി…. അവൾ പോയ ശേഷം പാപ്പന്റെ ഫൈനാൻസിലേക്ക് പോയി… പിന്നെ ഞാൻ വൈകുന്നേരം ആണ് തിരികെ വരുന്നത്…. ബസ്റ്റോപ്പ് കഴിഞ്ഞുള്ള വഴിയിൽ സിഗററ്റും വലിച്ചു നിന്നും…..

കുറച്ചു കഴിഞ്ഞപ്പോൾ ദേ വാടിത്തളർന്നു വരുന്നു എന്റെ കുഞ്ചുംനൂലി…. കണ്ട്… കണ്ട്…. കലിപ്പ് റീ ലോഡഡ്…. ഇത് കടിക്കോ…. വരുന്ന രീതി വച്ച് നോക്കുമ്പോൾ വലിച്ചു കീറി പൊങ്കാല ഇടുന്നപോലുണ്ട്…. ചന്ദ്രിക സോപ്പ് വേണോ…. ലെക്സ് വേണോ…. ലൈഫ് ബോയാണ് ബെസ്റ്റ്… ലൈഫ്ബോയ് എവിടെയാണവിടെയാണാരോഗ്യം…. കണ്ണിൽ തീക്കഷ്ണം….ശ്ശെ…. തീഷ്ണത… കണ്ണും കണ്ണും കോർത്തു… ദേ പോണു… “ടീ എങ്ങോട്ടാ ചാടിത്തുള്ളി… ഞാനും അങ്ങോട്ടാ…. കേറ്…..” “സൗകര്യമില്ല….. എന്നെ പറ്റിച്ചില്ലേ….” “എന്ത് പറ്റിച്ച്….” “കാണാം എന്ന് പറഞ്ഞിട്ട് വന്നില്ലല്ലോ….” “കാണാം എന്നല്ലേ പറഞ്ഞത്…. രാവിലെ കാണാം എന്ന് പറഞ്ഞോ….” “ഇല്ല…. എന്നാലും…..” “ഒരെന്നാലും ഇല്ല….. ഞാൻ രാവിലെ കണ്ടല്ലോ നിന്നെ….

ഇങ്ങനേം വായിനോക്കോ പെണ്ണേ….” “ങേ…. കണ്ണേട്ടൻ വന്നിരുന്നോ…. എന്നിട്ട് ഞാൻ കണ്ടില്ലല്ലോ….” “അതിന് എന്നെ നോക്കണം…. നാട്ടുകാരെയല്ല നോക്കേണ്ടത്….” “അത് ഞാൻ കണ്ണേട്ടനെ നോക്കിയതാ…” “ഉവ്വ… മര്യാദയ്ക്ക് കേറെടീ…. ഇല്ലേൽ തൂക്കിയെടുത്ത് ഇട്ടോണ്ട് പോകും ഞാൻ….” “കേറാം… അതിന് മുമ്പ് ഈ സിഗററ്റ് കള….. എനിക്ക് സ്മെൽ പിടിക്കില്ല…” “സൗകര്യം ഇല്ല…. ഇങ്ങനെ കേറിയാൽ മതി…..” “ഓഹ്…. അങ്ങനെയാണോ….” പെട്ടെന്ന് അവൾ സിഗററ്റ് തട്ടിപ്പറിച്ച് അവളുടെ കൈക്കുള്ളിൽ വച്ച് പൊള്ളിച്ചു… “ആഹ്….” “ടീ….. വട്ടാണോ നിനക്ക്…..” കുരുപ്പ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല….. ഞാനവളുടെ ബാഗിൽ നിന്നും വെള്ളമെടുത്ത് കൈയിൽ ഒഴിച്ചു… “സ്സ്….”

“മിണ്ടരുത്…. പൊള്ളിച്ചപ്പോൾ വേദനിക്കും എന്നോർത്തില്ലേ….” “ഇനി ഇങ്ങനെ സിഗററ്റ് വലിക്കുമ്പോൾ എന്റെ ദേഹം പൊള്ളുവാണെന്ന് ഓർത്താൽ മതി…..” ദേഷ്യം വരുന്നുണ്ടായിരുന്നു… കരണത്ത് തല്ലിയ പാട് ഇനിയും മാറിയിട്ടില്ലാത്തോണ്ട് ചെവി പിടിച്ച് തിരിച്ചു…. “കണ്ണേട്ടാ…. ആഹ്….വിട്….” “നിന്റെ അഹങ്കാരം ഞാൻ കുറച്ചു തരണുണ്ട്…. കേറെടീ…..” പിന്നെ മിണ്ടാതെ പുറകിൽ കയറി…. *********** സിഗററ്റ് വലിച്ചത് കണ്ട ദേഷ്യത്തിലാ കൈക്കുള്ളിൽ വച്ച് പൊള്ളിച്ചത്… ദൈവമേ സ്വർഗം കണ്ടു ഞാൻ… എന്നാലും കരഞ്ഞാൽ മാനം പോകും… അതുകൊണ്ട് കടിച്ച് പിടിച്ച് നിന്നു… റൂമിൽ കേറിയിട്ട് വേണം ഒന്ന് കരയാൻ… അതിനിടയിൽ കാലൻ ചെവിയും പിടിച്ചു തിരിച്ചു….

വീടെത്തിയതും നേരെ റൂമിലേക്ക് ഓടി… കടുവയെ ഒന്ന് നോക്കിയത് പോലുമില്ല… അകത്തു കയറി റൂമടച്ച് ലോക്ക് ചെയ്തു…. അയ്യോ….. അമ്മീ….. അച്ഛേ…. എന്റെ കൈ പോയേ…. എനിക്ക് വേദന സഹിക്കാൻ വയ്യേ… അയ്യോ…. ഓടി വായോ….. ഓടി വായോ… ങേ ആരോട് വരാനാ…. ശ്ശെ…. ആ ഫ്ലോ അങ്ങ് പോയി…. അയ്യോ അപ്പുപ്പാ അമ്മുമ്മേ…. എന്റെ കൈയ്യേ… റൂമില് ഓടിയും ഇരുന്നും കിടന്നും കൈ പൊള്ളിയത് ആഘോഷിച്ചു… ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ റൂമിന് പുറത്ത് വാതിലിൽ ആരോ കൊട്ടുന്നു…. മോന്തയൊക്കെ നേരേയാക്കി സ്മൈലി മോന്തയും കൊണ്ട് വാതിൽ തുറന്നു… നോക്കുമ്പോൾ ആരാ…. എന്റെ കടുവ… കൈയിൽ ഐസ് ക്യൂബൊക്കെ ഉണ്ടല്ലോ….

ഇവിടിരുന്ന് വെള്ളമടിക്കാനാണോ…. അയ്യോ ആൽക്കഹോൾ ഞാൻ കുടിക്കൂല…. കയ്കും….. “കഴിഞ്ഞോ തമ്പുരാട്ടി..” “എന്ത് ” “അലച്ച് തല്ലിയുള്ള വിളിയൊക്കെ കഴിഞ്ഞോ എന്ന്….” ഇങ്ങേര് കേട്ടോ… ഈ റൂമിൽ ഇനി ക്യാമറ വല്ലോം ഉണ്ടോ…. അല്ലാതെ എങ്ങനെ…. “വഴീന്ന് മാറടീ…. എന്നിട്ട് ബെഡിൽ പോയി ഇരിക്ക്….” “എന്തിന്……” “പറയുന്നത് കേൾക്ക്… ഇങ്ങട്ടൊന്നും പറയണ്ട…..” ഇങ്ങേരെന്താ റേഡിയോ ആണോ…. എന്തായാലും ചെന്നിരിക്കാം….. ഇല്ലേൽ അങ്ങേരെന്നെ ചവിട്ടി താഴെയിട്ടാലോ… പതിയെ ഞാൻ ബെഡിലിരുന്നു… ഞാൻ ഇരുന്നതും കണ്ണേട്ടൻ എന്റെ കൈയിൽ പിടിച്ചു… ശേഷം പതിയെ ഐസ് ക്യൂബ് പൊള്ളലിലേക്ക് വച്ചു…. മരവിപ്പ് പോലും ഞാൻ അറിയുന്നില്ലായിരുന്നു…..

അവസാനം പതിയെ കോട്ടൺ കൊണ്ട് നനവൊപ്പിയ ശേഷം ഓയിൽമെന്റ് പുരട്ടി…. ഞാൻ എല്ലാം സൂക്ഷ്മമായി വീക്ഷിക്കുവായിരുന്നു….. “ടീ…. ഞാൻ ഇത്ര ഗ്ലാമറാണെന്ന് കരുതി ഇങ്ങനെ നോക്കല്ലേ…..” “അയ്യെടാ…. ഒരു ഋതിക് റോഷൻ വന്നിരിക്കുന്നു….” “നിന്റത്ര കഷ്ടം ഇല്ല… അതേ ഇനിയും അഹങ്കാരം കാണിച്ചാൽ വായിൽ പല്ലുണ്ടാവില്ല…. കേട്ടല്ലോ…..” ഞാൻ ശരിയെന്ന് തലയാട്ടി… എന്റെ കവിളിൽ ഒന്ന് തട്ടിയ ശേഷം കടുവ പുറത്തേക്ക് പോയി…. “ശ്ശൊ….. സന്തോഷം കൊണ്ടെനിക്കിരിക്കാം വയ്യേ…. ഞാനിപ്പം മാനത്ത് വലിഞ്ഞു കേറും…..” “ഇനി അങ്ങോട്ടൂടെ ചെന്ന് കേറിയിട്ട് വേണം മനസ്സമാധാനത്തോടെ നിക്കുന്ന നക്ഷത്രങ്ങളെക്കൂടി തള്ളി താഴെയിടാൻ…” ഇതെന്താ അശരീരിയോ….

തിരിഞ്ഞ് നോക്കുമ്പോൾ രാജിയാണ്…. “വന്നോ സാറാമ്മ…..” “ആം…. എന്താണ് ആകെയൊരു ചുറ്റിക്കളി…..” “ആടീ….. ഞാൻ നിന്റെ കേട്ടായിയെ പിടിച്ചു ഉമ്മിച്ചതാ…. എന്തേ…..” “ഉവ്വ…. എത്ര നടക്കാത്ത സ്വപ്നം….” (ശ്ശെടാ…. ഒരു സത്യം പറഞ്ഞാലും വിശ്വസിക്കൂല…… പിന്നെ പറഞ്ഞിട്ടും കാര്യമില്ല…. ചൂഡന് ഇവിടെ വൈരാഗി ഇമേജാണല്ലോ….. -ആത്മ) ആലോചിച്ചു കൊടുമ്പിരി കൊണ്ട് മുടി ഒന്ന് പിടിച്ച് വലിച്ച ഓർമ്മയേ ഉള്ളൂ…. “ഇയ്യോ……..” വേറൊന്നുമല്ല നമ്മുടെ അഴകാന കൂന്തൽ പൊള്ളിയ ഭാഗത്തൂടെ ഒരു പ്രദക്ഷിണം നടത്തിയതാ….. ആണ്ടവാ…. ത്രിശങ്കു സ്വർഗമൊക്കെ ഇങ്ങനെ കാണണം…. സുഖം കാരണം വെള്ളം വന്നത് കണ്ണിന്നാണോ മൂക്കിന്നാണോന്നൊന്നും ഒരു പിടിയുമില്ല….

“എന്താടീ കൈക്ക് എന്ത് പറ്റി….?” “അതൊന്ന് പൊള്ളിയതാ…..” “അയ്യോ… ഞാൻ ഐസെടുത്ത് വരാം…” “ഏയ് അതൊക്കെ വച്ച് ഓയിൽമെന്റും ഇട്ടു……. എന്തായാലും വലത് കൈ അല്ലാത്തത് ഭാഗ്യം….” “അതെന്താ…..” “ഇല്ലാർന്നേൽ ഞാൻ ഫുഡ് എങ്ങനെ കഴിക്കും…” “പറച്ചില് കേട്ടിട്ട് നിന്റെ വയറ്റിൽ കൊക്കോപ്പുഴു ടേ കെയർ തുടങ്ങിയ പോലുണ്ട്…..” “ഫസ്റ്റ് ഫുഡ്… ബാക്കിയെല്ലാം നെക്സ്റ്റ്…” പിന്നെ എല്ലാ കാര്യങ്ങളും മുറപോലെ നടന്നു… കുളിയും തേവാരവും പിന്നെ മുടികെട്ടലും കുറച്ചു പാടായിരുന്നു… എങ്കിലും രാജി ഹെൽപ്പിയോണ്ട് വല്യ പ്രശ്നം ഉണ്ടായില്ല…. രാത്രി കടുവ കൈയുടെ കാര്യമൊക്കെ ചോദിച്ചു… അന്വേഷണം കളിയാക്കലായി വഴക്കായി അവസാനം അങ്ങേര് വെച്ചിട്ട് പോയി….

ഹൊ….. ചുമ്മാ ഇരുന്നു മാന്തിയപ്പോൾ എന്താ സുഖം….. പിന്നെ വെട്ടിവിഴുങ്ങിയ ക്ഷീണത്തിൽ വെട്ടിയിട്ട വാഴപോലെ കിടന്നുറങ്ങി…. അർധരാത്രി പന്ത്രണ്ട് മണി….. കുറ്റാകൂരിരുട്ട്…. ദൂരെ എവിടെയോ ചെന്നായ്കൾ ഓരിയിടുന്നു…. കാതിന് അസ്വസ്ഥത തോന്നി ഉറക്കം ഞെട്ടി ഞാൻ…. പുല്ല്…. രാത്രി ആയാൽ ജന്തുക്കളെ കാരണം കിടന്ന് കണ്ണടക്കാൻ പറ്റൂല്ല… പാതിരാത്രി നായ ഓരിയിട്ടാൽ പ്രേതം വരുമെന്ന് പറഞ്ഞ് പേടിപ്പിച്ച തെണ്ടി…. നിന്നെ എന്റെ കയ്യിക്കിട്ടിയാലുണ്ടല്ലോ…. വെട്ടിപ്പൊളിച്ച് വിളവാരത്ത് കൊണ്ട് ഉണക്കാൻ വച്ചേനേ….. ബെഡ്ഷീറ്റ് തലവഴി മൂടി…..

പെട്ടെന്ന് റൂമിന്റെ വാതിൽ പതിയെ തുറന്നു വരുന്നത് ഞാൻ അറിഞ്ഞു…. ഉള്ളിലൊരു വെള്ളിടി വെട്ടി…. ആരോ വരുന്നുണ്ട്…. എന്തൊക്കെയോ തട്ടലും മുട്ടലും…. ധൈര്യം സംഭരിച്ച് ഞാൻ ബെഡ്ഷീറ്റ് തലയിൽ നിന്നും മാറ്റി…. ജനലിൽ കൂടിയുള്ള നേർത്ത നിലാവിൽ ഞാൻ കണ്ടു…. ഞാനേ കണ്ടുള്ളൂ…. മുടിയഴിച്ചിട്ട് തിരിഞ്ഞു നിൽക്കുന്ന ഒരു സ്ത്രീരൂപം…. പിന്നാമ്പുറം കണ്ടപ്പോഴേ എന്റെ അടിവയറ്റിലെ ആന്തൽ അന്നനാളത്തിലൂടെ തൊണ്ടക്കുഴി വഴി ഒരു അലർച്ചയായി രൂപം കൊണ്ടു… മനസ്സിലായില്ലേ…. കാറി കൂവി നിലവിളിച്ചു ,അയിനാണ്…. “ആഹ്…… പ്രേതം……” (തുടരും)-

എന്നും രാവണനായ് മാത്രം : ഭാഗം 33