Sunday, January 19, 2025
Novel

എന്നും രാവണനായ് മാത്രം : ഭാഗം 22

എഴുത്തുകാരി: ജീന ജാനകി

താഴേക്കിറങ്ങി വന്നപ്പോൾ സച്ചുവിന്റെ മുറിയിൽ ഉച്ചത്തിൽ പാട്ട് കേട്ടു… അങ്ങോട്ട് ചെന്നപ്പോൾ അല്ലേ കാണുന്നത്… മൂന്നും കൂടി തുള്ളി മറിയുവാ…. ആ മറുതയാണെങ്കിൽ കൂളിംഗ് ഗ്ലാസും വച്ച് മുടിയും പുട്ടപ്പ് ചെയ്തിട്ടാ ഡാൻസ്… പെണ്ണിന്റെ ഡപ്പാംകൂത്ത് ഒരു രക്ഷയും ഇല്ല… ഞാൻ വാതിൽക്കൽ കയ്യും കെട്ടി നോക്കി നിന്നു… ഡാൻസ് കളിച്ച് തിരിഞ്ഞ സച്ചു എന്നെ കണ്ടു…. അപ്പഴേ അവൻ സ്റ്റാച്യു ആയി…. എന്നിട്ട് രാജിയെ തോണ്ടി വിളിച്ച് എന്നെ കാണിച്ചു…. ഉഴപ്പിച്ച് നോക്കിയപ്പോൾ രണ്ടും എന്റെ മുഖത്ത് നോക്കി ചമ്മിയ ചിരി പാസ്സാക്കി… എന്റെ നോട്ടം ചക്കിയിൽ ചെന്നെത്തി….

എവിടെ…. ഇവിടെ ഡാൻസ് നിർത്തിയതൊന്നും അറിയാതെ അവള് കിടന്ന് ഉറഞ്ഞുതുള്ളുന്നുണ്ട്.. ചിരി വന്നെങ്കിലും അവർ കാണാതെ സമർഥമായി ഞാൻ ഒളിപ്പിച്ചു… അവൾ തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് തന്നെ എന്നെ കാണാൻ കഴിയില്ലായിരുന്നു… രാജി ചക്കിയെ വിളിക്കാനായി തുടങ്ങും മുമ്പേ ഞാൻ എന്റെ വിരലുകൾ ചുണ്ടിന് കുറുകേ വച്ച് മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു… എന്നിട്ട് രണ്ടിനോടും പുറത്തേക്ക് പോകാൻ കൈവിരൽ കൊണ്ട് നിർദേശിച്ചു… രണ്ടുപേരും മുഖത്തോട് മുഖം നോക്കിയ ശേഷം പുറത്തേക്ക് പോയി…. ഞാൻ കുറച്ചു മുന്നോട്ടു ചെന്ന് നിന്നു…

തുള്ളി തുള്ളി പുറകിലോട്ട് വന്നത് പെട്ടെന്നായിരുന്നു… എനിക്ക് ബാലൻസ് കിട്ടാതെ അവളെയും കൊണ്ട് ബെഡിലേക്ക് വീണു… അപ്രതീക്ഷിതമായ വീഴ്ചയിൽ അവളുടെ പിൻകഴുത്തിൽ എന്റെ ചുണ്ടുകൾ അമർന്നു…. എന്റെ നെഞ്ചിടിപ്പ് ഉയരാൻ തുടങ്ങി… മുടി ഉയർത്തി കെട്ടിയിരുന്നതിനാൽ പിൻകഴുത്ത് അനാവൃതമായിരുന്നു…. വിയർപ്പുതുള്ളികളാൽ കഴുത്തിലെ രോമകൂപങ്ങളും ചെറിയ കുറച്ചു മുടിയിഴകളും നനഞ്ഞൊട്ടി കിടപ്പുണ്ടായിരുന്നു… കഴുത്തിൽ ചുറ്റി പിണഞ്ഞ സ്വർണമാല ആ കഴുത്തിന് മാറ്റ് കൂട്ടി… നോട്ടം കഴുത്തിന്റെ വലത് ഭാഗത്തുള്ള പെണ്ണിന്റെ ബ്യൂട്ടി സ്പോട്ടിൽ ചെന്ന് തറഞ്ഞു…

നിയന്ത്രിക്കാനാകാതെ ചുണ്ടുകൾ അവിടേക്ക് ചലിക്കാൻ പോകവേ ഫോൺ ബെൽ മുഴങ്ങി… ശരിക്കും അപ്പോഴാണ് ചെയ്യാൻ പോയ പ്രവൃത്തിയെക്കുറിച്ച് ബോധം വന്നത്… ശ്ശെടാ ഒരു മിനിട്ട് വൈകിയിരുന്നേൽ പെണ്ണിന്റെ കഴുത്തിൽ ഞാൻ പിടിച്ചു കടിച്ചേനേ…. അങ്ങനെയെങ്ങാനും നടന്നിരുന്നേൽ ഈ മറുത എന്നെ കൊന്നേനേ…… ദൈവം കാത്തു… ചമ്മലൊഴിവാക്കാനാണ് ദേഷ്യപ്പെട്ടത്…. എണീറ്റു മാറാൻ അലറിയപ്പോൾ പെണ്ണും തിരിച്ച് ഈറ്റപ്പുലിയെ പോലെ ചീറാൻ തുടങ്ങി… അവള് പറഞ്ഞപ്പോഴാണ് ഇത്ര നേരമായിട്ടും ഞാൻ അവളുടെ വയറിൽ ചുറ്റിപ്പിടിച്ചാണ് കിടക്കുന്നത് എന്ന് ഓർത്തത്….

ആകെ ചമ്മി നാറിയെങ്കിലും പുറത്ത് കാണിച്ചില്ല… കൂളിംഗ് ഗ്ലാസും വച്ചുകൊണ്ടുള്ള പെണ്ണിന്റെ വഴക്ക് , ദേഷ്യം വരുമ്പോൾ വിറയ്ക്കുന്ന ചുണ്ടുകൾ എല്ലാം ഒരു വല്ലാത്ത ഭംഗി തോന്നി… ശരിക്കും അവളോട് ദേഷ്യപ്പെടാനാ എനിക്കിഷ്ടം…. പിന്നെ ഞാനവളോട് സ്നേഹത്തോടെ സംസാരിച്ചിട്ടുമില്ലല്ലോ …. അതുകൊണ്ട് തോന്നുന്നതുമാകാം…. മുറുമുറുത്തോണ്ട് ചാടിക്കുലുക്കി ഇറങ്ങിപ്പോയി…. മിക്കവാറും എന്നെ ചീത്ത വിളിച്ചതാവും….. **************** ഞാൻ ഉമ്മറത്തേക്ക് ചെന്നപ്പോൾ രാജിയെ കണ്ടില്ല…. സച്ചുവേട്ടൻ പത്രം വായിക്കുവായിരുന്നു…. എനിക്ക് വിറഞ്ഞു കയറി… മേശപ്പുറത്ത് ഒരു മൊന്ത വെള്ളം ഇരിക്കുന്നത് കണ്ടു…. പിന്നൊന്നും നോക്കിയില്ല… എടുത്തു തലവഴിയേ കമഴ്ത്തി….

“അയ്യോ വീട്ടിനകത്തും മഴ പെയ്യുന്നോ…..” അതും പറഞ്ഞു മുകളിലൊക്കെ നോക്കുന്നുണ്ട്…. “ഓട്ടയൊന്നുമില്ലല്ലോ… പിന്നെങ്ങനെ ഈ വെള്ളം …..” അതും പറഞ്ഞു തിരിഞ്ഞു നോക്കിയതും എന്നെ കണ്ടു…. “ടീ ഈനാംപേച്ചി , നിനക്കെന്തിന്റെ കേടാ…. എന്റെ മാതൃഭൂമി വരെ നനഞ്ഞല്ലോ…..” “കണക്കായിപ്പോയി…. ആ കടുവയുടെ അടുത്ത് എന്നെ ഇട്ടിട്ട് മുങ്ങിയതിന് ഇത്രയൊന്നും തന്നാൽ പോര…..” “അത് ചേട്ടായി മിണ്ടാതെ ഇറങ്ങിപ്പോകാൻ പറഞ്ഞോണ്ടാ…. നിനക്ക് ഇടയ്ക്ക് ഒന്നു തിരിഞ്ഞു നോക്കിക്കൂടാർന്നോ….” “എന്നാലും ഒന്ന് വിളിച്ചൂടേ എന്നെ….” “എന്നിട്ട് വേണം ആ സാധനം എന്നെ ചുമരിലൊട്ടിക്കാൻ……”

“നാണമില്ലല്ലോ മസിലും ഉരുട്ടി നടക്കാൻ….. കണ്ണേട്ടനെക്കാളും സൈസില്ലേ ഏട്ടൻ…..” “പൊന്നുമോളേ ശരീരം കൊണ്ട് ഒരാളെ അളക്കരുത്…. അങ്ങനെ ഇരുന്നാലും ഉരുക്കാ ഉരുക്ക്…. ദേഹം നൊന്താൽ അർനോൾഡിനെ പോലും പഞ്ഞിക്കിടും…. അമ്മാതിരി മൊതലാ…. വെറുതെ ഞാൻ എന്തിനാ എന്റെ ശവക്കുഴി മാന്തുന്നത്….” “മ്… രാജി എവിടെ ?” “ഇവിടെ ഇരുന്ന് ഹസ്തരേഖാ ശാസ്ത്രം യൂട്യൂബിൽ നോക്കുവാരുന്നു…. അമ്മ എന്തിനോ വിളിച്ചപ്പോൾ അകത്തോട്ടു പോയി… പറഞ്ഞ് തീർന്നില്ല… ദേ വരണു കുട്ടിപ്പിശാശ്…..” രാജി – നിന്നെ ജീവനോടെ വിട്ടോ…. ഞാൻ – ആം ഞാൻ ഒന്ന് പേടിപ്പിച്ചു… അപ്പോൾ എന്നോട് പൊക്കോളാൻ പറഞ്ഞു… സച്ചു –

എന്തൊക്കെ ചീത്ത കേട്ടാലും വീണ്ടും കേൾക്കാനായി എന്തെങ്കിലും ഒപ്പിച്ചോണം…. ഒന്ന് നന്നായിക്കൂടേടീ… ലേശം ഉളുപ്പ്….. ഞാൻ – നന്നായിട്ട് എന്തിനാ അലമാരയിൽ വച്ച് പൂട്ടാനാണോ ? ഉളുത്തിരുന്നാൽ അങ്ങേരെന്നെ എടുത്ത് അടുപ്പിലിടും…. അല്ലാണ്ട് വേറെ കൊണമൊന്നൂല്ല….. സച്ചു – ഉവ്വ…. സച്ചുവേട്ടന് ഞാനൊരു ടൗവ്വലെടുത്ത് കൊടുത്തു… പുള്ളി അതെടുത്ത് തല തോർത്തി ഞാൻ – ടീ രാജി നീയെന്താ ഈ കൈ തിരിച്ചും മറിച്ചും നോക്കുന്നേ…. രാജി – ഞാനെന്റെ സന്താനരേഖ നോക്കിയിട്ട് കണ്ടില്ല…. ശ്ശൊ എന്നാലും അതെവിടെ പോയി…. ഞാൻ – ആദ്യം നീ മാംഗല്യ രേഖ നോക്ക്….

സന്താനരേഖ താനേ വന്നോളും…. സച്ചു – ദേ എന്റെ കയ്യിൽ കണ്ടോ …. എല്ലാ രേഖയും ഉണ്ട്… ഞാൻ പൊളിക്കും…. രാജി – അത്ര ദാരിദ്ര്യം പിടിച്ച പെണ്ണേതാണോ എന്തോ….. സച്ചു – ഫ! മൂദേവീ…. രാജി – നീ പോടാ തേങ്ങാത്തലയാ…. നീയിവിടെ പെണ്ണ് കിട്ടാതെ കുരുടിച്ച് പോകും… ഞാൻ – മതിയാക്ക് കുരുപ്പുകളേ… എന്നിട്ട് എന്റെ കൈ നോക്ക്… രാജി – ഞാൻ നോക്കട്ടെ…. ഇത് ആയുർരേഖ … ദേ നീണ്ടു കിടക്കണത് കണ്ടാ…. ഇതിൽ നിന്നും എന്ത് മനസ്സിലാക്കാം…. സച്ചു – തല്ലിക്കൊന്നാലും ചാവില്ലെന്ന് മനസ്സിലാക്കാം….. രാജി – കറക്റ്റ്… ദേ ദതിന്റെ ദപ്പുറത്ത് കൂടി പോകുന്നത് വിദ്യാഭ്യാസ രേഖ…

അത് ഇതുവരേയുള്ളൂ…. സച്ചു – അതായത് ഇനി പഠിച്ചിട്ടും വല്യ കാര്യമൊന്നൂല്ല എന്ന്….. രാജി – നിന്റെ മാംഗല്യം രേഖ ദേ കിടക്കണ കിടപ്പ് കണ്ടോ… പക്ഷേ വല്യ തെളിച്ചോന്നൂല്ലല്ലോ…. ഞാൻ – അതിന് നിന്റെ കേട്ടായി കനിയണം… അങ്ങേർക്ക് എന്നെക്കാണുമ്പോൾ കാണുമ്പോൾ ആമവാതം വന്ന എക്സ്പ്രെഷനാ…. സച്ചു – നീ ഒന്ന് ആഞ്ഞു പിടിച്ചു നോക്ക്… ചിലപ്പോൾ കുപ്പിയിൽ ആയാലോ…. ഞാൻ – എന്റെ പൊന്ന് ഏട്ടാ അങ്ങേരക്ക് മര്യാദയ്ക്ക് ഒന്ന് ഉമ്മ കൊടുക്കണമെങ്കിൽ തന്നെ ഞാൻ സ്റ്റൂളിൽ കേറി നില്ക്കണം…. രാജി – അതെന്തിനാ…. ഞാൻ – പിന്നെ ആ തോട്ട കുനിഞ്ഞു തരോ …

അങ്ങേരുടെ വിചാരം എന്താ വല്യ ഹീറോ ആണെന്നാണോ…. ഹും…. കടുവ , കാട്ടാളൻ, രാക്ഷസൻ…. രാജി – ടീ ഏട്ടൻ ………. ഞാൻ – ആ കാലനെ തന്നെയാ വിളിച്ചേ…. “ആരാടീ കാലൻ……..” ഞാൻ – കടുവ…. അല്ലാതാരാ…. ങേ…. ഇതാരുടെ സൗണ്ടാ…. ഞാൻ നോക്കുമ്പോൾ രാജിയും സച്ചുവേട്ടനും പേടിച്ചു നിൽക്കണുണ്ട്….. ആരാ പുറകിൽ… തിരിഞ്ഞു നോക്കിയ ഓർമ്മയേ ഉള്ളൂ…. കിളികൾ കൂടോടെ പറന്ന് പോയി എന്നെ നോക്കി കൊഞ്ഞനം കുത്തി…. ബ്ലഡി എരപ്പ്സ്…. എന്തേലും കണ്ടാൽ ഉടനേ പേടിച്ചോടുന്ന ഇതിനൊക്കെ ആണല്ലോ ഭഗവാനേ ഞാൻ കൊണ്ട് നടന്നത്….

പണ്ടാരോ പറഞ്ഞ പോലെ താഴെ വെച്ചാ ചെറിയ ചെറിയ ഉറുമ്പരിക്കും തലേ വെച്ചാ ചെറിയ ചെറിയ പേനരിക്കും അങ്ങനല്ലേ ഞാൻ വളർത്തിയേ … പിന്നെ അതിനെയൊന്നും പറഞ്ഞിട്ടും കാര്യമില്ല…. അമ്മാതിരി കണിയല്ലേ കണ്ടത്…. ഞാൻ – കണ്ണേട്ടൻ….. ഞാൻ ഉമിനീർ കുടിച്ചിറക്കി… ശ്ശൊ കടുവ പല്ല് ഞെരിക്കണുണ്ട്…. ഇങ്ങനെ ഞെരിച്ചാൽ പല്ലൊക്കെ പൊടിഞ്ഞു പോവില്ലേ… കണ്ണേട്ടന് പകരം ഞാൻ കണ്ണനപ്പൂപ്പാ എന്ന് വിളിക്കേണ്ടി വരും…. എന്തേലും പറയാൻ തുടങ്ങും മുമ്പേ എന്നെയും വലിച്ച് കണ്ണേട്ടന്റെ റൂമിനകത്ത് കൊണ്ടിട്ട് വാതിലും അകത്തു നിന്ന് ലോക്കിട്ടു…

ഇത് വരെ ഉണ്ടായിരുന്ന ധൈര്യമൊക്കെ ആവിയായി പോയി… കണ്ണേട്ടൻ അടുത്ത് വരുന്തോറും നെഞ്ച് വല്ലാതെ ഇടിക്കാൻ തുടങ്ങി… കണ്ണേട്ടൻ എന്റെ മുന്നിൽ വന്ന് കൈ കെട്ടി നിന്നു… “കണ്ണേട്ടാ ഞാൻ ……” “എന്തോ എങ്ങിനെ…. ഇതല്ലല്ലോ നേരത്തെ നീയെന്നെ വിളിച്ചത്….” “അത് പിന്നെ ഞാൻ തമാശയ്ക്ക്….” “ആണോ… തമാശയ്ക്ക് ഞാനൊരു സമ്മാനം തരട്ടെ…….” എന്റെ ഉള്ളിൽ അപായമണി മുഴങ്ങി… ദൈവമേ ഉറങ്ങിക്കിടന്ന മൂർഖനെ ആണല്ലോ ഞാൻ കോലിട്ട് കുത്തി ഐറ്റം ഡാൻസ് കളിക്കാൻ വിളിച്ചത്….. “വേണ്ട…..” “വേണം…” “ശരിക്കും വേണ്ടാത്തോണ്ടാ….” “വേണമെന്നേ…..” കണ്ണേട്ടൻ എന്നോട് ചേർന്ന് നിന്നു.. എന്റെ ശ്വാസം പോലും വിലങ്ങിപ്പോയി…

ഞാൻ ഇരു കൈകളും പാവാടയിൽ മുറുക്കിപ്പിടിച്ചു… ഒഴിഞ്ഞ് മാറാൻ നോക്കിയപ്പോ കടുവ രണ്ട് കൈകളും എനിക്കപ്പുറവും ഇപ്പുറവും ഭിത്തിയിൽ കുത്തി… എനിക്ക് നേരെ ആ മുഖം താഴ്ന്നു വന്നതും ഞാൻ കണ്ണുകൾ ഇറുകെ അടച്ചു… കണ്ണേട്ടൻ വിരലുകൾ കൊണ്ട് മുഖത്തേക്ക് വീണുകിടന്ന എന്റെ മുടിയിഴകളെ മൃദുവായി ചെവിയ്ക്ക് പിന്നിലേക്ക് ഒതുക്കി വച്ചു…. അടിവയറ്റിൽ പൂമ്പാറ്റ പറക്കും പോലെ തോന്നി…. ചെവിയെ മൃദുവായി തലോടിയ ശേഷം പിടിച്ച് തിരിച്ചു… ഞാൻ ഈരേഴു പതിനാല് ലോകവും കണ്ടു….. “ആഹ്…. വേദനിക്കുന്നു കണ്ണേട്ടാ….. പ്ലീസ് വിട്……. ” “വേദനിക്കട്ടെ….

ഇനി വിളിക്കോ….” “ഇല്ല…..” അപ്പോഴേക്കും എന്റെ കണ്ണൊക്കെ നിറഞ്ഞു… കണ്ണേട്ടൻ എന്റെ കണ്ണുനിറഞ്ഞത് കണ്ട് വേഗം ചെവിയിൽ നിന്നും പിടി വിട്ടു…. ഞാൻ പെട്ടെന്ന് തന്നെ റൂമും തുറന്നു ഇറങ്ങിപ്പോയി… ************* ഇവളിത് എന്തിന്റെ കുഞ്ഞാണോ എന്തോ… എന്റേന്ന് മേടിച്ച് കൂട്ടാനായി നേർച്ചേം നേർന്ന് ഇറങ്ങിയിരിക്കുവാ….. പുറത്തോട്ട് ഇറങ്ങാൻ നേരത്താ ആ മറുതയുടെ തെറിപ്പാട്ട് കേൾക്കുന്നത്… എന്നെ കണ്ടപ്പോൾ ഇഞ്ചി കടിച്ച പോലെ നിൽക്കുവായിരുന്നു…. വലിച്ചു റൂമിലിട്ടതും പെണ്ണ് പേടിച്ചു… പൂച്ചക്കുഞ്ഞിനെ പോലെ വിറച്ചു നിൽക്കുവാരുന്നു…

മൂക്കിൻ തുമ്പിൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞു…. മുഖത്തേക്ക് മുടിയിഴകൾ വീണ് കിടപ്പുണ്ടായിരുന്നു… മുഖം അടുത്തേക്ക് കൊണ്ട് ചെന്നപ്പോൾ കണ്ണൊക്കെ അടച്ച് കൈ രണ്ടും പാവാടയിൽ മുറുക്കിപ്പിടിച്ചു നിൽക്കുവാ… നെറ്റിയിലേക്ക് പാറി വീണ അവളുടെ മുടി ചെവികളുടെ പിറകിലേക്ക് ഒതുക്കി വെച്ചപ്പോൾ അവളുടെ ശരീരത്തിൻറെ വർദ്ധിച്ച ചൂടും വിറയലും ഞാൻ അറിഞ്ഞു… ആ പേടി മാറ്റാനാ ചെവിയ്ക് പിടിച്ചത്… അപ്പോഴേക്കും പെണ്ണിന്റെ പേടി കുറഞ്ഞു… വേദന കൊണ്ട് കണ്ണൊക്കെ നിറഞ്ഞു…. പാവം വേണ്ടായിരുന്നു… അല്ലെങ്കിലേ കവിളിലെ പാട് പോയിട്ടില്ല… അതിന്റെ കൂടെ ഇതും….

പക്ഷേ നാവിന്റെ നീളം കൂടിയാൽ എന്ത് ചെയ്യും…. ചെവി വിട്ടതും ഇറങ്ങിയോടി….. കുറുമ്പി….. നിന്നെ ഞാൻ ശരിയാക്കി തരാടീ കുഞ്ചുന്നൂലി…… ************** രാജി. – നീയെന്താടീ കരയുന്നേ…. ഞാൻ – പിന്നെ ചെവി പിടിച്ച് തിരിച്ചാൽ ഞാൻ ചിരിക്കണോ….. സച്ചു – നിനക്ക് ചേട്ടായിടെ സ്വഭാവം അറിയാവുന്നതല്ലെ… അല്ല ചക്കീ, നിനക്ക് ഇതിനോട് എങ്ങനാ ലബ് തോന്നിയത്… ലബ് അറ്റ് ഫസ്റ്റ് നൈറ്റ് ആണോ…. രാജി – അയ്യേ…. ഫസ്റ്റ് സൈറ്റ് എന്ന് പറ കൊരങ്ങാ…. സച്ചു – യാ യാ… നാക്ക് സ്ലിപ്പായതാ…. ഞാൻ – ഇങ്ങേരേം ഗുരുവായൂരപ്പനേം ഒരു തവണ കണ്ടാൽ പോരേ… ആ തിരുമോന്ത നെഞ്ചിനകത്ത് ഇടിച്ചു കേറിയതാ….

എന്നിട്ട് എന്തായി അങ്ങേര ഇടി കൊണ്ട് ഞാൻ ഇന്ഷുറന്സ് എടുക്കേണ്ട അവസ്ഥയായി…. സച്ചു – നീ എന്തുകണ്ടിട്ടൊരുമ്പെട്ടിറങ്ങിയതാടീ …… ഞാൻ – ദേ അവിടിരുന്ന് ഇന്ദുചൂഡൻ കളിച്ച് എന്നെ ചൊറിഞ്ഞാൽ ഞാൻ കേറി മാന്തും…. പറഞ്ഞേക്കാം….. രാജി – അല്ലേലും അസ്ഥാനത്ത് ചളിയടിക്കാൻ ഇതിനെ കഴിഞ്ഞിട്ടേയുള്ളൂ….. സച്ചു – ഞാൻ പാവല്ലേ കുരുപ്പുകളേ… പിന്നെ എന്റെ ചേട്ടായിയെ കുറിച്ച് പറയുകയാണെങ്കിൽ ആറടിപ്പൊക്കമുള്ളാണൊരുത്തൻ ആരും കൊതിക്കുന്ന കാമദേവൻ ഹേയ് ഡൺ ഡണക്ക…… ഞാനും രാജിയും അന്തം വിട്ട് മുഖാമുഖം നോക്കി…. രാജി – എന്റെ ചേട്ടായി നിങ്ങൾ ഇവിടൊന്നും ജനിക്കേണ്ടവനല്ല…..

സച്ചു – പിന്നെ …. രാജി – ജനിക്കേണ്ടവനേയല്ല…. വല്ല വാഴയും മതിയാർന്നു… അതാർന്നേൽ പിണ്ടിത്തോരനെങ്കിലും തിന്നാർന്നു…. സച്ചു – വാഴയ്കേത് കിണ്ടി…. രാജി – കിണ്ടിയല്ല പിണ്ടി…. വാഴപ്പിണ്ടി.. അവിടെ രണ്ടും പൊരിഞ്ഞ വഴക്ക്…. ഞാൻ ചെവിയും തടവി മാറിയിരുന്നു…. പക്ഷേ വേദനയ്ക്ക് ഇടയിലും ചുണ്ടുകളിൽ പുഞ്ചിരി വിടർന്നത് ഞാൻ അതിശയത്തോടെ തിരിച്ചറിഞ്ഞു….. എന്റെ മനസ്സ് എന്നോട് മന്ത്രിച്ചു….. “നിന്നോളം ഞാൻ ഒന്നിനേയും സ്നേഹിച്ചിട്ടില്ല… നിന്നോളം ഞാൻ ഒന്നിനേയും മോഹിക്കുന്നുമില്ല….. അത്രയേറെ നീയെൻ പ്രാണനാണ്…. മരണത്തിലൂടെ അല്ലാതെ നിന്നിൽ നിന്നും ഒരു മടക്കം എനിക്കിന്ന് അസാധ്യം…..”

(തുടരും)- ഇതിന്റെ ബാക്കി ഇന്ന് രാത്രി 8 മണിക്ക് ഈ പേജിൽ പ്രസിദ്ധീകരിക്കും…

എന്നും രാവണനായ് മാത്രം : ഭാഗം 21