Friday, November 15, 2024
Novel

എന്ന് സ്വന്തം മിത്ര… : ഭാഗം 20

എഴുത്തുകാരി: പാർവതി പാറു

ദിവസങ്ങൾ കടന്നുപോവും തോറും അവരിൽ നല്ലൊരു സൗഹൃദം ഉടലെടുത്തു.. ഒറ്റക്കായി പോയി എന്ന് തോന്നിയ അവർ അഞ്ചുപേരും ചേർന്ന് ഒരു പുതിയ കുടുംബം സൃഷ്ടിച്ചു…. കുറേ വേദനകൾക്കിടയിൽ ഒരിത്തിരി സന്തോഷം ആയിരുന്നു അത്… അന്നൊരു ഞായറാഴ്ച ആയിരുന്നു… അവർ അഞ്ചുപേരും കൂടി ശംഘുമുഖം ബീച്ചിൽ ഒത്തുകൂടി… സുദർശൻ അല്പം വൈകി ആണ് എത്തിയത്… അവനെ കാത്ത് അവരെല്ലാം ഇരുന്നു… അവൻ നടന്ന് വരുന്നത് കണ്ടതും മിഥിലയുടെ കൈയിൽ ഇരുന്ന് ആരവ് ചിരിച്ചുകൊണ്ട് അവന്റെ മേലേക്ക് ചാടി… അവനിപ്പോ നമ്മളെക്കാൾ ഒക്കെ ഇഷ്ടം സുദർശനെ ആണ്… മിഥുൻ പറഞ്ഞു…

സുദർശൻ അവന്റെ കവിളിൽ ചുംബിച്ചു.. അവനെയും എടുത്ത് കടലിലേക്ക് നടന്നു… മിഥിലയും അവന് പുറകെ ചെന്നു… അവർ കടലിൽ കളിക്കുന്നതും നോക്കി മിത്രയും അമറും മിഥുനും മണലിൽ ഇരുന്നു…. ആരാവിനെ മണലിൽ നിർത്തി കളിപ്പിക്കുകയാണ്… തിര മേലേക്ക് വരുമ്പോഴേക്കും സുദർശൻ അവനെ എടുത്തു പോക്കും അവൻ അപ്പോൾ കുടുകുടെ ചിരിക്കും… ഞാൻ പാട്ട് പാടും എന്ന് എങ്ങനെയാ അറിഞ്ഞേ… തിരയിൽ കളിക്കുന്നതിന് ഇടയിൽ മിഥില അവനോട് ചോദിച്ചു… അറിയാം… അവൻ അവളെ നോക്കാതെ പറഞ്ഞു.. പറയൂ ന്നേ.. പ്ലീസ്… അതോ.. തനിക്ക് യൂണിവേഴ്സിറ്റി കലോത്സവത്തിന് സമ്മാനം ഒക്കെ കിട്ടിയിരുന്നില്ലേ.. അതിന്റെ ഒരു അനുമോദന ചടങ്ങ് ഉണ്ടായത് ഓർമ്മ ഉണ്ടോ…

പബ്ലിക് ലൈബ്രറിയിൽ വെച്ച്.. അന്ന് സമ്മാനം വാങ്ങി കഴിഞ്ഞ് താൻ ഒരു പാട്ട് പാടിയിരുന്നു ഓർമ്മ ഉണ്ടോ… മ്മ്.. പക്ഷെ ഏതായിരുന്നു ആ പാട്ട് ഓർമ്മ കിട്ടുന്നില്ല.. മൺവീണയിൽ മഴ ശ്രുതി ഉണർത്തി മറവികൾ എന്തിനോ ഹരിതമായി… മിഥുൻ മൂളി.. ഓ.. അതായിരുന്നു അല്ലേ… അതൊരു വിരഹഗാനം ആയിരുന്നു.. മ്മ്.. അന്ന് താൻ അത് പാടിയപ്പോൾ ഞാൻ എല്ലാം മറന്നു കേട്ടിരുന്നു അത്.. മിഥില ചിരിച്ചു… അന്ന് കണ്ട എന്നെ പിന്നെ കണ്ടപ്പോൾ എന്ത് തോന്നി.. എന്ത് തോന്നാൻ ഞാൻ വിധിയിൽ വിശ്വസിക്കുന്നു മിഥില… വിധിയെ തടുക്കാൻ കഴിയണം എന്നില്ല.. ഞാനും വിശ്വസിക്കുന്നു.. പക്ഷെ എന്റെ വിധി കാരണം വേദനിച്ചുപോയ രണ്ടുപേരുണ്ട് അതാണ് എന്റെ വേദന.. അവൾ കരയിൽ ഇരിക്കുന്ന മിഥുനിനെ നോക്കി….

അവർ മൂന്നുപേരും കടലിലേക്ക് നോക്കി ഇരിക്കുകയാണ്…. ഞാൻ ആഗ്രഹിച്ചിട്ടുണ്ട്… ജീവിതം തിരമാലകൾ പോലെ ആയിരുന്നെങ്കിൽ എന്ന്…അകന്ന് പോയിട്ടും വീണ്ടും വീണ്ടും തിരിച്ചു വരാൻ അവർക്ക് മാത്രം അല്ലേ കഴിയൂ… അമർ കടലിലേക്ക് നോക്കി പറഞ്ഞു… “തമ്മിലിനി കാണില്ലെന്ന് പിണങ്ങിചൊല്ലി യാത്രപറഞ്ഞാലും, തിരിച്ചു വരാനല്ലാതെ തിരമലേക്കെങ്ങോട്ടാണ് പോകാൻ കഴിയുക ” മിത്ര പറഞ്ഞു.. മിഥുൻ ഭാമിയെ ഓർത്തു.. അമർ ആനിയെയും… അത് മനസിലാക്കിയ പോലെ മിത്ര പറഞ്ഞു… ഭാമി വരും മിഥുൻ.. ഒരു തിരമാല പോലെ.. വീണ്ടും നീ എന്ന മണലിനെ നനക്കാൻ.. തഴുകാൻ, കുളിർപ്പിക്കാൻ… അമറിൽ പ്രത്യേകിച്ച് ഭാവ വ്യത്യാസങ്ങൾ ഒന്നും ഇല്ലായിരുന്നു…

അവന് ആ പ്രദീക്ഷ ഇല്ലെന്നുള്ളത് കൊണ്ട് തന്നെ… ആനി എന്ന തിര എന്നിലേക്കും ആഞ്ഞടിക്കുന്നുണ്ട്… പക്ഷെ ആ തിരയെ തകർക്കുന്ന മറുതിര ആണ് ഞാൻ.. അമറിന് തോന്നി… മിഥുൻ മിഥിലയെയും സുദർശനെയും നോക്കി… ആരവിനെ മണലിൽ നിർത്തി അവന്റെ രണ്ട് കൈകളിൽ അവർ പിടിച്ചിട്ടുണ്ട്.. തിര വരുമ്പോൾ പുറകോട്ട് ഓടുന്നുണ്ട്… എല്ലാം മറന്ന് കളിക്കുകയാണ് അവർ… മിഥുൻ… മിഥിലയും താനും എന്നും ഇങ്ങനെ കഴിയാൻ ആണോ തിരുമാനം.. ആരാവിന് ഒരച്ഛന്റെ സ്നേഹം നൽകാൻ നിനക്ക് കഴിയും… പക്ഷെ മിഥിലക്ക് ഒരു ഭർത്താവ് ആവാൻ നിനക്ക് കഴിയില്ലല്ലോ… അവന് അവന്റെ സ്വന്തം അച്ഛനെ ഏൽപ്പിച്ചൂടെ… അമർ ചോദിച്ചു…

അതിന് ഒരിക്കലും കഴിയില്ല അമർ… അവന് ആ അച്ഛനെ നൽകിയാൽ.. മറ്റു രണ്ട് മക്കൾക്ക് അച്ചനെ നഷ്ടപ്പെടും ഒരുപക്ഷെ അമ്മയെയും… അമറും മിത്രയും മിഥുനിനെ തന്നെ നോക്കി… ആരവ് എന്റെ ഏട്ടന്റെ മകൻ ആണ്… മിഥിലയുടെ ഈ അവസ്ഥക്ക് കാരണം എന്റെ ഏട്ടൻ ആണ്… ഞാൻ പ്രദീക്ഷിച്ചിരിന്നു… ഏട്ടനെ രക്ഷിക്കാൻ സ്വന്തം ജീവിതം നശിപ്പിച്ചു അല്ലേ.. മിത്ര പറഞ്ഞു… പിന്നെ ഞാൻ എന്ത് വേണം ആയിരുന്നു മിത്ര… സത്യങ്ങൾ എല്ലാം അറിഞ്ഞു എന്റെ ഏട്ടന്റെ ജീവിതം തകരുന്നത് കാണണോ… ഏട്ടൻ മനപൂർവ്വം ചെയ്തതല്ല.. ബോധം ഇല്ലായിരുന്നു അപ്പോൾ … വിവാഹം കഴിഞ്ഞു അവൻ ദുബായിലേക്ക് പോയതിന് ശേഷം അവനൊരു ഡ്രഗ്ഗ് അഡിക്റ്റായി..

അവിടുത്തെ കൂട്ട് കേട്ട് കാരണം… അവന് ജോലി നഷ്ടപ്പെട്ടു… അവൻ നാട്ടിലേക്ക് വരുന്നത് കാരണം ആണ് അന്ന് ഡ്രസ്സ് എടുക്കാൻ ഞാൻ പോവാഞ്ഞത്… അവനെ പറഞ്ഞു മനസിലാക്കി ഒരു റീഹാബിലിറ്റേഷൻ സെന്ററിൽ ആക്കാൻ ആയിരുന്നു എന്റെ പ്ലാൻ… അവൻ നാട്ടിൽ എത്തിയ ദിവസം വഴിയിൽ വെച്ച് ആണ് മിഥിലയെ കാണുന്നത് അവളെ വീട്ടിൽ ആക്കാം എന്ന് പറഞ്ഞു അവൻ കൂട്ടികൊണ്ട് പോയി.. ലഹരിയുടെ ശക്തി കാരണം അവൾ പെങ്ങൾ ആണെന്ന് പോലും അവൻ മറന്നു… എല്ലാം കഴിഞ്ഞ് അവൻ വീട്ടിൽ വന്നു കയറി എന്നോട് ഒന്നും മിണ്ടാതെ മുറിയിൽ കയറി വാതിൽ അടച്ചു.. അപ്പോഴേ എനിക്ക് enthowസംശയം തോന്നിയിരുന്നു.. മിഥിലയുടെ വീട്ടിൽ എത്തിയപ്പോൾ ഉറപ്പിച്ചു…

എന്റെ ഏട്ടൻ പിച്ചി ചീന്തിയ അവളുടെ ശരീരം എന്റെ മനസിനെ മരവിപ്പിച്ചു… വല്ലാത്തോരു മാനസികാവസ്ഥ ആയിരുന്നു എന്റേത്… ഏട്ടനെ നിയമത്തിന് മുന്നിൽ ഇട്ടുകൊടുക്കാൻ കഴിഞ്ഞില്ല എനിക്ക്… എന്നെങ്കിലും പിടിക്കപ്പെടുമ്പോൾ ഞാൻ അപമാനിക്കപ്പെട്ടോട്ടെ എന്ന് സ്വയം തീരുമാനിച്ചതാണ് ഞാൻ… ഞാൻ ജയിലിൽ ആയപ്പോളും എനിക്ക് ഉറപ്പായിരുന്നു ഏട്ടന് എതിരായ ഒരു മൊഴി മിഥിലയും നൽകില്ലെന്ന്…. വളർത്തി വലുതാക്കിയ കുടുംബത്തോടുള്ള നന്ദി അവൾ കാണിച്ചു… ചെയ്തത് തെറ്റായി പോയെന്നും അതുമൂലം ഞങ്ങളുടെ ജീവിതം തകർന്നു എന്നതിലും ഏട്ടന് ഇന്ന് കുറ്റബോധം ഉണ്ട്.. അത് തന്നെ അല്ലേ എനിക്ക് ഏട്ടന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ശിക്ഷ… മിത്രയും അമറും മൗനം ആയിരുന്നു… മിത്ര മിഥിലയെ നോക്കി…

അവൾ കുഞ്ഞിനും സുദർശനും ഒപ്പം സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടപ്പോൾ മനസ് നിറഞ്ഞു… ഒരു പക്ഷെ അന്ന് അങ്ങനെ ഒന്നും സംഭവിച്ചില്ലായിരുന്നു എങ്കിൽ ഇന്ന് എന്റെ മിഥില എപ്പോഴും ഇത് പോലെ സന്തോഷിച്ചിരുന്നേനെ അല്ലേ അമർ.. മിഥുൻ അവളെ നോക്കി പറഞ്ഞു.. അമർ അവന്റെ തോളിലൂടെ കൈ ഇട്ടു… ഇടക്ക് മിഥില അവരെ നോക്കി കൈകൊണ്ട് അവിടേക്ക് വരാൻ കാണിച്ചു.. മിഥുൻ എഴുനേറ്റു… താൻ പൊക്കോ… മിത്രക്ക് കടലിൽ ഇറങ്ങാൻ പേടി ആണ്… അമർ പറഞ്ഞു.. മിഥുൻ പോയപ്പോൾ അമർ മിത്രയുടെ അരികിലേക്ക് ഇരുന്നു…. കടലിലേക്ക് നോക്കി ഇരിക്കുകയാണ് മിത്ര നീ എന്താ ആലോചിക്കുന്നേ… അമർ ചോദിച്ചു… എനിക്ക് മിഥിലയോടും ഭാമിയോടും അസൂയ തോന്നുന്നു അമർ…

മിഥുന്നെ പോലെ ഒരേട്ടനെയും കാമുകനെയും അവർക്ക് കിട്ടയല്ലോ… അവൻ അവനെക്കാൾ ഏറെ അവരെ അല്ലേ സ്നേഹിക്കുന്നത്.. അവർക്ക് വേണ്ടി അല്ലേ ജീവിക്കുന്നത്.. അത് പറയുമ്പോൾ മിത്രയുടെ കണ്ണ് നിറഞ്ഞിരുന്നു.. അതിന്റെ അർഥം മനസിലാക്കിയ പോലെ അമർ അവളെ ചേർത്ത് പിടിച്ചു… ഞാനും എന്നേക്കാൾ ഏറെ നിന്നെയും ആനിയെയും ആണ് സ്നേഹിക്കുന്നത്… അത് നീ മറന്നോ… അവൻ ചോദിച്ചു… അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി… പക്ഷെ അത് സന്തോഷത്തോടെ ഒരുമിച്ച് അനുഭവിക്കാൻ ഞങ്ങൾക്ക് രണ്ടുപേർക്കും യോഗം ഇല്ലല്ലോ.. അവൾ അമറിന്റെ നെഞ്ചിലേക്ക് മുഖം താഴ്ത്തി കരഞ്ഞു… അവൻ അവളുടെ മുടിയിഴകളെ തലോടി…

സന്ധ്യ കഴിഞ്ഞപ്പോൾ അവർ മടങ്ങി.. ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി… ഭക്ഷണം ഓർഡർ ചെയ്തപ്പോളേക്കും ആരവ് ഉറക്കം വന്നു കരയാൻ തുടങ്ങി.. സുദർശൻ അവനെ എടുത്ത് തോളിൽ കിടത്തി ഉറക്കാനായി പുറത്തേക്ക് ഇറങ്ങി.. അവൻ കുഞ്ഞിനേയും കൊണ്ട് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് ആനി ഫ്രെണ്ട്സിനൊപ്പം ഹോട്ടലിലേക്ക് വന്നത്.. അവനെ കണ്ടപ്പോൾ അവൾ ചിരിച്ചുകൊണ്ട് ചെന്നു… ഹായ്.. അവൻ പറഞ്ഞു.. ഹായ്… ഒറ്റക്കെ ഉള്ളൂ.. അവൾ ചോദിച്ചു അല്ല ഫ്രണ്ട്സ് ഉണ്ട്… അവൻ പറഞ്ഞു ഇത്.. അവൾ തോളിലെ കുഞ്ഞിനെ ചൂണ്ടി ചോദിച്ചു.. ഫ്രണ്ടിന്റെ മോനാ… ഓ… ജോലിക്ക് പോയി തുടങ്ങിയോ…

ഒക്കെ അല്ലേ ഇപ്പോൾ.. മ്മ്.. അവൾ മൂളി.. അമറും മിത്രയും ഉണ്ട് അകത്ത്… അവൾ ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി… ഫ്രെണ്ട്സിന്റെ അടുത്ത് ഇരുന്നു… അല്പ്പം മാറിയുള്ള ടേബിളിൽ അമറും മിത്രയും ഇരുന്ന് സന്തോഷത്തോടെ സംസാരിക്കുന്നത് നോക്കി.. അവർ അവളെ കണ്ടിരുന്നില്ല… സുദർശൻ കുഞ്ഞിനെ ഉറക്കി ക്രഡിലിൽ കിടത്തി ടേബിളിന്റെ അരികിൽ കൊണ്ടിട്ടു… ആനിയെ കണ്ടില്ലേ.. അവൻ മിത്രയോട് ചോദിച്ചു.. എവടെ.. അവൾ ചോദിച്ചു.. അവൻ ആനിയുടെ ടേബിളിലേക്ക് ചൂണ്ടി… ആനി അപ്പോൾ അവരെ ശ്രദ്ധിച്ചില്ലായിരുന്നു… ഭക്ഷണം കഴിക്കുമ്പോൾ ഇടക്കിടക്ക് അമറിന്റെ കണ്ണുകൾ അവളെ തേടി പോയി.. അവളുടേത് അവനെയും..

പക്ഷെ ഒരിക്കലും തമ്മിൽ കോർത്തില്ല… ഭക്ഷണം കഴിച്ചു ഏകദേശം ഒരുമിച്ച് അവർ ഇറങ്ങി… മുന്നിൽ നടന്നു പോവുന്ന ആനിയെ മിത്ര വിളിച്ചു.. ആനി… അവൾ തിരിഞ്ഞു നിന്നു… എന്താ മിത്ര… എന്തേലും വേണോ ഇനിയും.. അവൾ പുച്ഛത്തോടെ ചോദിച്ചു.. മിത്ര ഒന്നും മനസിലാവാതെ അവളെ നോക്കി.. അല്ലാ.. എന്റെ കൈയിൽ ഉള്ളതെല്ലാം തട്ടിപറിച് വാങ്ങിയല്ലേ ശീലം.. ഇനി എന്തേലും വേണോ എന്ന് ചോദിച്ചതാണ്.. ആനി.. ഞാൻ… മിത്ര വിക്കി പറഞ്ഞു വേണ്ട മിത്ര.. ഒന്നും പറയണം എന്നില്ല… നഷ്ടങ്ങളുടെ വേദന എന്താണെന്ന് എനിക്ക് നന്നായി മനസിലായി.. ഒരിക്കലും മാറാത്ത മുറിവ് ആയി എന്റെ ഉള്ളിൽ എന്നും ഉണ്ടാവും അത്… എല്ലാം പിടിച്ചെടുക്കാൻ എളുപ്പം ആണ്..

പക്ഷെ അത് നഷ്ടപ്പെടുമ്പോൾ ഉള്ള വേദന അത് അനുഭവിച്ചു തന്നെ അറിയണം… ആനി… നിർത്ത്.. അമർ മിത്രക്കും ആനിക്കും ഇടയിൽ കയറി നിന്ന് ആനിയോട് ദേഷ്യത്തോടെ പറഞ്ഞു… നീ ആരോടാ നഷ്ടങ്ങളെ കുറിച്ചു പറയുന്നത് എന്ന് അറിയുമോ നിനക്ക്.. അല്ലെങ്കിലും നിനക്ക് അതിന് മാത്രം എന്താ നഷ്ടപ്പെട്ടത്.. എന്നെയോ… ലോകത്ത് എത്രയോ പേർക്ക് പ്രണയം നഷ്ടപ്പെടുന്നു.. അവരൊക്കെ അതും ഓർത്ത് ഇരുന്നു കരയുകയാണോ ചെയ്യുന്നത്… കുറച്ചു കോമൺ സെൻസ് വെച്ച് ആലോചിച്ചു നോക്ക്… നീ ചെയുന്നത് എത്ര വലിയ വിഡ്ഢിത്തം ആണെന്ന്… ഒരു കാര്യം ഞാൻ പറയാം എനിക്ക് വേണ്ടി ആരും കാത്തിരിക്കേണ്ട… മിത്രയെ ഉപേക്ഷിച്ചുകൊണ്ട്.. ഒറ്റക്കാക്കി കൊണ്ട് നിന്നിലേക്ക് ഒരു മടക്കം എനിക്കില്ല…

അപ്പോൾ ഞാൻ ഒറ്റക്കായിക്കോട്ടെ എന്ന് അല്ലേ അമർ.. ആനി കണ്ണിൽ വെള്ളം നിറച്ചു ചോദിച്ചു… ആ കണ്ണുകൾ നേരിടാൻ ആവാതെ അവൻ തിരിഞ്ഞു നിന്നു.. മിത്രയെ നോക്കി.. അവളും കണ്ണീരോടെ നിൽക്കുകയാണ്.. അവൻ അവളെ ചേർത്ത് പിടിച്ചു… നീ അനുഭവിക്കുന്ന വേദയേക്കാൾ എത്രയോ ഇരട്ടി വേദന സഹിച്ചവൾ ആണ് എന്റെ മിത്ര… ഇനിയും അവളെ ഒറ്റക്ക് വേദനിക്കാൻ ഞാൻ സമ്മതിക്കില്ല… ആനിയെ നോക്കാതെ അമർ പറഞ്ഞു മിത്രയുടെ കൈകൾ പിടിച്ചു പുറത്തേക്കിറങ്ങി … പാർക്കിങ്ങിൽ എത്തിയപ്പോൾ സുദർശന്റെ വണ്ടിയുടെ താക്കോൽ അമർ വാങ്ങി… നീ മിത്രയെ ഫ്ലാറ്റിൽ ആക്ക്.. എനിക്ക് ഒരു സ്ഥലം വരെ പോണം..

അമർ പറഞ്ഞു… ഈ രാത്രിയിലോ.. എങ്ങോട്ടാ.. സുദർശൻ ചോദിച്ചു.. സാർ.. അവൻ പൊക്കോട്ടെ.. മിത്ര പറഞ്ഞു… അമർ വേഗത്തിൽ വണ്ടി എടുത്തു പോയി.. സുദർശൻ… താൻ മിഥിലയെ വീട്ടിൽ ആക്കിക്കോ.. മിത്രയെ ഞാൻ കൊണ്ടാകാം… കാറിന്റെ താക്കോൽ സുദർശന് നൽകി.. മിഥുൻ അമറിന്റെ ബൈക്കിന്റെ ചാവി വാങ്ങി… മിത്ര അവന് പിറകിൽ കയറി… യാത്രയിൽ ഇരുവരും മൗനം ആയിരുന്നു.. ഫ്ലാറ്റിന്റെ മുന്നിൽ വണ്ടി നിർത്തി മിത്ര ഇറങ്ങിയപ്പോൾ മിഥുനും ഇറങ്ങി… മിത്ര ഫ്ളാറ്റിന് മുന്നിലെ ബെഞ്ചിൽ ഇരുന്നു… മിഥുനും… മിത്ര എന്നോട് ഭാമിയുടെ വേദനയെ പറ്റി സംസാരിച്ച തനിക്കെങ്ങനെ ആനിയുടെ വേദന കണ്ടില്ലെന്ന് നടിക്കാൻ കഴിയുന്നു…

എന്താ തന്റെ ലൈഫിൽ സംഭവിച്ചേ എന്നോട് പറഞ്ഞൂടെ ഇനി എങ്കിലും.. അവൻ ചോദിച്ചു… മ്മ്…. ഡോക്ടർ കേട്ടിട്ടില്ലേ “നിന്നെ വരയ്ക്കാൻ ദുഃഖമല്ലാതെ ഒരു തൂലിക ഇല്ല.. രക്തം അല്ലാതെ ഒരു ചായമില്ല.. എനിക്കൊരു മുറിഞ്ഞ ഹൃദയം ഉണ്ട്.. അതാണെന്റെ ആനന്ദം… ” എന്ന്… അതെന്നെ കുറിച്ചാണ്… എന്റെ ജീവിതത്തെ കുറിച്ചാണ്…. മിത്ര കണ്ണുകൾ അടച്ചു ബെഞ്ചിലേക്ക് ചാരി…

തുടരും….

എന്ന് സ്വന്തം മിത്ര… : ഭാഗം 19