Saturday, January 18, 2025
LATEST NEWSTECHNOLOGY

മഹാരാഷ്ട്രയിലെ പൂനെയിൽ ഇ-ബൈക്കുകൾക്ക് തീപിടിച്ചു

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ ഇ-ബൈക്ക് ഷോറൂമിൽ തീപിടുത്തം. തീപിടുത്തത്തിൽ ഏഴ് ഇലക്ട്രിക് ബൈക്കുകൾ കത്തിനശിച്ചു. ചാർജ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അഗ്നിരക്ഷാസേനയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.

ഗംഗാധാമിനടുത്തുള്ള ഇ-ബൈക്ക് ഷോറൂമിലാണ് സംഭവം. ചാർജ്ജിംഗിനായി ബൈക്കുകൾ പ്ലഗ് ഇൻ ചെയ്തു. അമിത ചാർജിങ് മൂലമുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പറയുന്നത്. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ തീപിടുത്തത്തിന്‍റെ കൃത്യമായ കാരണം വ്യക്തമാകൂവെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഈ വർഷം മാർച്ചിൽ പൂനെയിൽ ഒലയുടെ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചിരുന്നു. പിന്നീട്, കമ്പനി 1,441 ഇലക്ട്രിക് സ്കൂട്ടറുകൾ പരിശോധനയ്ക്കായി തിരിച്ചുവിളിച്ചു. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ വിഷയം അന്വേഷിക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. റിപ്പോർട്ട് ലഭിച്ച ശേഷം വീഴ്ച വരുത്തുന്ന കമ്പനികൾക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.