Friday, January 17, 2025
GULFLATEST NEWS

യുഎഇയില്‍ പൊടിക്കാറ്റിന് ശമനം

അബുദാബി: കഴിഞ്ഞ രണ്ട് ദിവസമായി യു.എ.ഇ.യിൽ അനുഭവപ്പെടുന്ന പൊടിക്കാറ്റിന് ശമനമുണ്ടായി. ദേശീയ കാലാവസ്ഥാ വകുപ്പ് രാജ്യത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

അബുദാബിയിലും ഫുജൈറയിലും മഴ പ്രതീക്ഷിക്കുന്നു. താഴ്വരകൾ, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം. ചൊവ്വാഴ്ച കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. പൊടിക്കാറ്റിന് ശമനമുണ്ടായെങ്കിലും രാജ്യത്ത് കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. രാജ്യത്തെ ശരാശരി താപനില 47 ഡിഗ്രി സെൽഷ്യസാണ്.

അതേസമയം, വിമാനത്താവളത്തിന്‍റെ പ്രവർത്തനം സാധാരണ നിലയിലായതായി ദുബായ് എയർപോർട്ട് അധികൃതർ അറിയിച്ചു. അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ 44 വിമാന സർവീസുകളാണ് റദ്ദാക്കിയത്. 12 വിമാനങ്ങളാണ് ദുബായ് വേൾഡ് സെൻട്രൽ എയർപോർട്ടിലേക്ക് വഴിതിരിച്ചുവിട്ടത്.