Saturday, December 21, 2024
GULFLATEST NEWS

എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ദുബൈ ഭരണാധികാരി ലണ്ടനിൽ

യു.എ.ഇ: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കാൻ ലണ്ടനിലെത്തി. യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷ്മിയും അദ്ദേഹത്തോടൊപ്പമുണ്ട്. ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തിയ ഷെയ്ഖ് മുഹമ്മദ്, ചാൾസ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തില്‍ യുഎഇ സര്‍ക്കാരിന്റെയും ജനങ്ങളുടെയും അനുശോചനം അദ്ദേഹം അറിയിച്ചു.

എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ഖത്തർ അമീർ ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും ഭാര്യ ശൈഖ ജവഹർ ബിന്ത് ഹമദ് ബിൻ സുഹൈം അൽതാനിയും ലണ്ടനിൽ എത്തിയിരുന്നു. ശവസംസ്കാര ചടങ്ങുകള്‍ക്കെത്തിയ ലോക നേതാക്കൾക്കായി ചാൾസ് രാജാവ് സംഘടിപ്പിച്ച ചടങ്ങിൽ ഇരുവരും പങ്കെടുത്തു. ഖത്തർ അമീറും ഭാര്യയും രാജ്ഞിയുടെ നിര്യാണത്തിൽ ചാൾസ് രാജകുമാരനെയും രാജകുടുംബാംഗങ്ങളെയും അനുശോചനം അറിയിച്ചു. യു.എ.ഇക്കും ഖത്തറിനും പുറമെ സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, ജോർദാൻ, ലെബനൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഭരണാധികാരികളും പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. 

രാജവാഴ്ചയുടെ നേതൃത്വം മാത്രമല്ല ലണ്ടനിലേക്ക് വരുന്നത്. വിവിധ ജനാധിപത്യ സർക്കാരുകളുടെ തലവൻമാർ കൂടിയാണ്. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ, തുർക്കി പ്രസിഡന്‍റ് എർദോഗൻ, ബ്രസീലിയൻ പ്രസിഡന്‍റ് ബോൾസൊനാരോ, ഇറ്റാലിയൻ പ്രസിഡന്‍റ് സെർജിയോ മറ്റാറെല്ല, ജർമൻ പ്രസിഡന്‍റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമിയർ, ഇസ്രായേൽ പ്രസിഡന്‍റ് ഹെർസോഗ്, ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യുൻ സുക് ഇയോൾ എന്നിവരും പങ്കെടുക്കും.