ബെംഗളുരുവിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ബെംഗളൂരു എഫ്സിയിൽ നിന്നും ഒരു വിദേശ താരം കൂടി വിടപറഞ്ഞു. ഗാബോണിൽ നിന്നുള്ള സെന്‍റർ ബാക്കായ യോൻഡു മുസാവു കിങ്ങാണ് ക്ലബ് വിട്ടത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടുണ്ട്.
2020-21 ഐഎസ്എൽ സീസണിന് ശേഷമാണ് 30 കാരനായ കിംഗിനെ ബെംഗളൂരു ടീമിലെത്തിച്ചത്. എഎഫ്സി കപ്പ് ലക്ഷ്യമിട്ടുള്ള ഹ്രസ്വകാല കരാറിലാണ് കിംഗ് ടീമിലെത്തിയത്. എന്നിരുന്നാലും, കരാർ രണ്ട് വർഷത്തേക്ക് പുതുക്കി. എന്നാൽ ഇത്തവണ ഐഎസ്എല്ലിൽ കാര്യങ്ങൾ കൈവിട്ടുപോയി. സീസണിന്‍റെ തുടക്കത്തിൽ തന്നെ താരത്തിന് പരിക്കേറ്റിരുന്നു. പകരമായി കാമറൂൺ താരം യായാ ബനാനയേയും ബെംഗളുരു ടീമിലെത്തിച്ചു.
ബ്രസീലിയൻ ഫോർവേഡ് ക്ലെയ്റ്റൺ സിൽവയും ഇറാനിയൻ മിഡ്ഫീൽഡർ ഇമാൻ ബസഫയും നേരത്തെ ബെംഗളൂരു വിട്ടിരുന്നു. യായാ ബനാന, അലൻ കോസ്റ്റ, ബ്രൂണോ റാമിറസ്, പ്രിൻസ് ഇബാറ എന്നിവരാണ് കഴിഞ്ഞ സീസണിൽ നിന്നുള്ള മറ്റ് വിദേശികൾ. അതേസമയം സ്പാനിഷ് താരം ജാവി ഹെർണാണ്ടസിനെ ബെംഗളൂരു ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.