Friday, January 17, 2025
LATEST NEWSTECHNOLOGY

ഡ്രൈവിങ്ങിനിടയില്‍ ഒരു രീതിയിലും ഫോണ്‍ ഉപയോഗിക്കേണ്ട: കേരള പോലീസ്

തിരുവനന്തപുരം: ഇരുചക്രവാഹന യാത്രക്കാർ ഹെൽമെറ്റിനുള്ളിൽ ഒളിപ്പിച്ചും, മറ്റ് വാഹനങ്ങൾ ഓടിക്കുന്നവർ കഴുത്തിനും ചെവിക്കും ഇടയിൽ ഫോണുകൾ മുറുക്കിപ്പിടിച്ചും ഉപയോഗിക്കുന്നത് റോഡുകളിലെ ഒരു സാധാരണ കാഴ്ചയാണ്. പോലീസിന്റെ കണ്ണിൽ പെടുന്ന ഇത്തരം നിയമലംഘനങ്ങൾക്ക് ഇനി കനത്ത പിഴ ചുമത്തും. സ്വന്തം ജീവനും വാഹനവുമായി റോഡിലിറങ്ങുന്ന മറ്റുള്ളവർക്കും ഇത്തരം നിയമലംഘനങ്ങൾ അപകടമുണ്ടാക്കുമെന്ന് പോലീസ് പറഞ്ഞു.

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് മാത്രമല്ല, ഫോണിൽ സന്ദേശങ്ങൾ അയയ്ക്കുകയും ഫോണിന്റെ ക്യാമറയിൽ ചിത്രീകരിക്കുകയും ചെയ്യുന്നതും നിയമലംഘനമാണ്. ഇത്തരക്കാർക്കെതിരെ പിഴ ചുമത്തുന്നതിനൊപ്പം ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുമ്പോൾ ഫോണുകളുടെ ഉപയോഗം കുറയ്ക്കുന്നതിനായി സോഷ്യൽ മീഡിയയിൽ ബോധവൽക്കരണം നടത്തുന്നത് പോലീസ് തുടരുകയാണ്.

വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ, ഫോൺ വേഗത്തിൽ കൈയെത്താത്ത സ്ഥലങ്ങളിൽ പിൻസീറ്റിലോ ഡാഷ്ബോർഡിലോ സൂക്ഷിക്കുന്നതാണ് ഉചിതമെന്ന് പോലീസ് നിർദ്ദേശക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ ഫോൺ വിളിക്കാനോ ടെക്സ്റ്റ് മെസേജുകൾ ചെയ്യാനോ വാഹനം സുരക്ഷിതമായി നിർത്തിയ ശേഷം മാത്രമേ ഫോൺ ഉപയോഗിക്കാവൂ എന്നാണ് പോലീസ് നൽകുന്ന മറ്റൊരു നിർദ്ദേശം.